ADVERTISEMENT

ന്യൂഡൽഹി ∙ ഇലക്ട്രോണിക് സിഗരറ്റിന്റെ ഇറക്കുമതിയും ഉൽപാദനവും വിൽപനയും ഒാൺലൈൻ സംവിധാനങ്ങളിലൂടെ ഉൾപ്പെടെയുള്ള പരസ്യവും രാജ്യവ്യാപകമായി നിരോധിച്ച് വിജ്ഞാപനമിറക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ആരോഗ്യത്തിനു ഹാനികരമായ ഇ–സിഗരറ്റിന് ചെറുപ്പക്കാരും കുട്ടികളും അടിമളാകുന്നുവെന്ന പഠനങ്ങളുടെയും യുഎസിൽ ഉണ്ടായ മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം.

നിരോധന ലംഘനം പൊലീസിനു നേരിട്ടു കേസെടുക്കാവുന്ന കുറ്റമായിരിക്കും.. കുറ്റക്കാർക്ക് ആദ്യ തവണ ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ, അടുത്ത ഒാരോ തവണയും 3 വർഷം തടവും 5 ലക്ഷം രൂപ പിഴയും. വിൽപനയ്ക്കായി ഇ–സിഗരറ്റ് സൂക്ഷിക്കുന്നവർക്ക് 6 മാസം തടവ്, 50,000 രൂപ പിഴ.
നടപടിയെടുക്കാൻ സബ് ഇൻസ്പെക്ടർമാർക്കാണ് ചുമതല.

ഇ–സിഗരറ്റുകൾ ശേഖരിച്ചിട്ടുള്ളവർ  വിജ്ഞാപനം പ്രാബല്യത്തിലായാടുനെ അവ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കണം. ഇ–ഹുക്കൾക്കും നിരോധനം ബാധകമാണ്. നിലവിൽ, കേരളമുൾപ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഇ–സിഗരറ്റിനു നിരോധനമുണ്ട്.
കൂടുതൽ ഹാനികരമായ സാധാരണ സിഗരറ്റ് നിരോധിക്കാതെ ഇ–സിഗരറ്റിനെതിരെ മാത്രം നടപടിയെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തീരുമാനം വിശദീകരിച്ച മന്ത്രിമാരായ നിർമല സീതാരാമനും പ്രകാശ് ജാവഡേക്കറും വ്യക്തമായ മറുപടി നൽകിയില്ല.

സിഗരറ്റ് നിരോധനം ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ഹാനികരമായ പുതിയ ഉൽപന്നത്തെ തുടക്കത്തിൽത്തന്നെ തടയാനാണു ശ്രമമെന്നും ജാവഡേക്കർ പറഞ്ഞു. സിഗരറ്റ് ഉപയോഗം നിർത്താനെന്നോണമാണ് പലരും ഇ–സിഗരറ്റ് വലിച്ചുതുടങ്ങുന്നതെങ്കിലും തുടർന്ന് രണ്ടും ഉപയോഗിക്കുന്ന അവസ്ഥയിലാകുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇ–സിഗരറ്റിന്റെ ദോഷഫലങ്ങളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഒാഫ് മെ‍ഡിക്കൽ റിസർച്ചിന്റെ പഠനമുണ്ട്; കഴിഞ്ഞ ദിവസം വരെ യുഎസിൽ 7 പേർക്ക് ഇ–സിഗരറ്റ് മരണകാരണമായി. ഇന്ത്യയിൽ ലഭ്യമാകുന്ന ചില ഇ–സിഗരറ്റുകൾ നിർമല സീതാരാമൻ മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിച്ചു.

സാധാരണ സിഗരറ്റുകളുടെ നിർമാതാക്കൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതല്ല തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി പ്രീതി സുതൻ പറഞ്ഞു. എന്നാൽ, മന്ത്രിസഭാ തീരുമാനം വന്നതിനു പിന്നാലെ രാജ്യത്തെ പ്രധാന സിഗരറ്റ് ഉൽപാദകരുടെ ഒാഹരിവിലയിൽ വർധനയുണ്ടായി. ഗോഡ്ഫ്രേ ഫിലിപ്സ്  7.8%,ഗോൾഡൻ ടുബാക്കോ  4.5%, ഐടിസി  1.8% എന്നിങ്ങനെയാണ് വർധനയുണ്ടായത്.

ഇ–സിഗരറ്റ്

ബാറ്ററി ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നയവാണ് ഇ–സിഗരറ്റുകൾ. പലതിലും നിക്കോട്ടിൻ ലായനിയാണുള്ളത്. ബാറ്ററി പ്രവർത്തിപ്പിച്ച് ലായനി ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉപയോഗിക്കുന്നവർ വലിക്കുക. ഇന്ത്യയിൽ ഇ–സിഗരറ്റ് ഉൽപാദനമില്ല. എന്നാൽ, ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 150ലേറെ രൂചികളിലുള്ള, 400ലേറെ ബ്രാൻഡുകൾ ഇന്ത്യയിൽ ലഭ്യമാണ്. യുഎസിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഇ–സിഗരറ്റ് ഉപയോഗത്തിൽ 77% വർധനയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com