ADVERTISEMENT

സാമൂഹ്യ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട എട്ട് തൊഴിൽ നിയമങ്ങളുടെ ഏകീകരണം, ലളിതവൽക്കരണം, യുക്തിസഹമാക്കൽ എന്നിവ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രസർക്കാർ നടിലാക്കാൻ ഉദ്ദേശിക്കുന്ന സോഷ്യൽ സെക്യൂരിറ്റി കോഡ് എന്ന നിയമത്തിന്റെ മൂന്നാമത്തെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017ൽ പുറത്തിറക്കിയ കരട് നിയമത്തിലെ വ്യവസ്ഥകൾ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ സ്വീകാര്യമായിരുന്നില്ല. തൊഴിലുടമകളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന ചെറിയ വീഴ്ചകൾക്കുപോലും പൊലീസ് അധികാരികൾക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും അധികാരം നൽകുന്ന വ്യവസ്ഥകളാണ് പഴയ കരട് ബില്ലിൽ ഉൾെടുത്തിയിരുന്നത്. അത്തരം വ്യവസ്ഥകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് ആ കരട് നിയമത്തിലെ വ്യവസ്ഥകളിൽ വ്യാപകമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് പുതിയ കരടിന് കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുള്ളത്.

പുതിയ കോഡിനെ സംബന്ധിച്ച് തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഉള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 25 ആണ്. നിർദ്ദേശങ്ങൾ sanjeev.dom@nic.in  എന്ന മെയിൽ ഐഡി വഴി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് സമർപ്പിക്കണം.
പുതിയ കോഡ് പ്രാബല്യത്തിൽ വന്നാൽ താഴെ പറയുന്ന എട്ട് നിയമങ്ങൾ ഇല്ലാതാകും.

(1) ഇഎസ്ഐ ആക്ട്, 1948 (2) ഇപിഎഫ്. ആക്ട്, 1952 (3) മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് 1961 (4) പേയ്‌മെൻറ ് ഓഫ് ഗ്രാറ്റിവിറ്റി ആക്ട് 1972 (5) എംപ്ലോയീസ് കോംപൻഷേഷൻ ആക്ട്, 1923 (6) അസംഘടിത മേഖല സാമൂഹ്യ സുരക്ഷിത ആക്ട് (7) സിനി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ആക്ട്, 1981 (8) ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സെസ് ആക്ട് 1996.

 റദ്ദാക്കപ്പെടുന്ന നിയമങ്ങളിലെ മിക്കവാറും എല്ലാ വ്യവസ്ഥകളും അതേപടി തന്നെ പുതിയ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ നിയമങ്ങൾ പ്രകാരമുള്ള പദ്ധതികളുടെ ഭരണ സംവിധാനവും അതേപടിതന്നെ നിലനിർത്തിയിട്ടുണ്ട്. ഇഎസ്ഐ നിയമപ്രകാരമുള്ള രോഗാനുകൂല്യവും ചികിത്സാനുകൂല്യവും തൊഴിലാളികൾക്ക് വേണമെങ്കിൽ ഒഴിവാക്കാനുള്ള ഓപ്ഷൻ പുതിയ നിയമത്തിലുണ്ട്. അത്തരം തൊഴിലാളികളെ ഇഎസ്ഐ പദ്ധതിപ്രകാരമുള്ള അംശാദായം അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കും. എന്നാൽ അത്തരം തൊഴിലാളികളുടെ പേരിലും തൊഴിലുടമകളുടെ വിഹിതം അടയ്‌ക്കേണ്ടതുണ്ട്. തൊഴിലാളികൾ ഒരിക്കൽ നല്കിയിട്ടുള്ള ഓപ്ഷൻ പിന്നീട് പിൻവലിക്കാനും കഴിയും.

സ്വകാര്യ സ്ഥാപന ഉടമകളുടെ അപേക്ഷകൾ കണക്കിലെടുത്ത് അവരുടെ സ്ഥാപനങ്ങളെ ഇഎസ്ഐനിയമത്തിൽ ബന്ധട്ടെ സർക്കാരുകൾക്ക് ഒഴിവാക്കാനുള്ള അധികാരം നിലവിലുള്ള നിയമത്തിലുണ്ട്. എന്നാൽ പുതിയ കോഡിലെ വ്യവസ്ഥകളനുസരിച്ച് പ്രാദേശിക ഭരണസംവിധാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ എക്‌സംപ്ഷൻ അനുവദിക്കാൻ വ്യവസ്ഥയുള്ളൂ.
തൊഴിലാളികൾക്ക് ഇപിഎഫ്. പദ്ധതി, നാഷനൽ പെൻഷൻ സംവിധാനം എന്നിവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും പുതിയ കോഡിലുണ്ട്.

നാഷണൽ പെൻഷൻ സംവിധാനത്തിൽ അംഗമാകുന്ന തൊഴിലാളി ഇപിഎഫ് നിയമപ്രകാരമുള്ള ഇപിഎഫ് പദ്ധതി, പെൻഷൻ പദ്ധതി, ഇൻഷുറൻസ് പദ്ധതി എന്നിവകളിൽ നിന്നെല്ലാം ഒഴിവാക്കപ്പെടും. എങ്കിലും തൊഴിലാളികൾക്ക് പിന്നീട് വേണമെങ്കിൽ ഇപിഎഫ്. പദ്ധതിയിലേക്ക് തിരിച്ചുവരാനും വ്യവസ്ഥയുണ്ട്. ഇഎസ്ഐ, ഇപിഎഫ് നിയമങ്ങളുടെ കീഴിൽ വരുന്ന കൺസ്ട്രക്ഷൻ കമ്പനികളെ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ് നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ചിട്ടില്ല. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ തൊഴിലുടമകളുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന വീഴ്ചകൾക്ക് ഉള്ള ശിക്ഷാ വ്യവസ്ഥകളിലെ പിഴത്തുകകൾ പത്തിരട്ടിയോളം വർധിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com