ADVERTISEMENT

ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അഭിജിത് ബാനർജി ബോസ്റ്റണിലെ വീട്ടിൽ ഉറക്കത്തിലായിരുന്നു. ഒരു സഹപ്രവർത്തകനാണ് പുരസ്കാരം അഭിജിത്തിനാണെന്ന വിവരം ഫോണിൽ വിളിച്ച് അറിയിക്കുന്നത്. അദ്ദേഹത്തിനു നന്ദി പറഞ്ഞശേഷം നൊബേൽ ജേതാവ് വീണ്ടും കിടക്കയിൽ ചെന്നു കിടന്നു. പിന്നെ ഫോൺ കോളുകളുടെ ബഹളമായിരുന്നു...സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ.

ഏതാനും മണിക്കൂറിനുള്ളിൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ക്യാംപസിൽ അദ്ദേഹത്തിന് പ്രൗഢ്വോജ്വല സ്വീകരണവും നൽകപ്പെട്ടു. എംഐടി ഫോർഡ് ഫൗണ്ടേഷൻ ഇന്റർനാഷനൽ ഇക്കോണമിക്സ് പ്രഫസറാണ് അഭിജിത് ബാനർജി. നൊബേൽ സമ്മാനത്തിന് തന്നെയും ഭാര്യ എസ്തേർ ദഫ്ലോയെയും അർഹരാക്കിയ ദാരിദ്ര്യനിർമാർജന സമീപനത്തെക്കുറിച്ചും ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്നു വൈകിട്ട് അദ്ദേഹം ‘ദ് വീക്’ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്:

∙ ദാരിദ്ര്യം, വികസന സാമ്പത്തിക ശാസ്ത്രം എന്നിവ സംബന്ധിച്ച കാഴ്ചപ്പാട് താങ്കളും എസ്തേറും തിരുത്തി എന്നാണ് നൊബേൽ കമ്മിറ്റി വിലയിരുത്തിയത്?
കാര്യങ്ങൾ ദൂരെനിന്നു നോക്കിക്കാണുന്ന പ്രവണതയാണ് ലോകമാകെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞർക്കുള്ളത്. പക്ഷേ, ഞങ്ങൾ വിഷയം അടുത്തുനിന്നു നിരീക്ഷിക്കാൻ ശ്രമിച്ചു. ദാരിദ്ര്യവും അതു സംബന്ധിച്ച മനുഷ്യന്റെ സ്വഭാവ മാറ്റവും സൂക്ഷ്മമായി പഠിച്ചു. പലരും അത് ഗൗരവമായി എടുക്കുന്നില്ലെന്നു മനസ്സിലായി. ആ സമീപനം ഒരു വെല്ലുവിളിയായെടുത്ത്, ദരിദ്രനായ മനുഷ്യന്റെ പെരുമാറ്റ വൈകല്യത്തെ മനസിലാക്കാൻ ശ്രമിച്ചു. അവസാനം, നൊബേൽ പുരസ്കാരത്തിലൂടെ ആ ശ്രമം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

∙ നിങ്ങൾ അടുത്തുനിന്നു കാണാൻ ശ്രമിച്ചത് എന്താണ്?
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ സ്വഭാവം പഠിക്കാനാണു ശ്രമിച്ചത്. ദരിദ്രനായ മനുഷ്യന് ഒരു വ്യവസ്ഥാപിത മാതൃകയുണ്ട്. സമൂഹത്തിന്റെ ഓരോ വിഭാഗത്തിലും അത് വ്യത്യസ്തമാണ്. അതു കൃത്യമായി മനസിലാക്കിയാൽ വികസന നയ രൂപീകരണത്തിൽ നിർണായക മാറ്റം കൊണ്ടുവരാൻ സാധിക്കും.

∙ ഈ പഠനം നടത്തുമ്പോൾ നിങ്ങൾ സമൂഹത്തെ വിവിധ വിഭാഗങ്ങളായി തിരിക്കുകയും അവയ്ക്കായി വ്യത്യസ്ത നയങ്ങൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ടോ?
പ്രശ്നത്തിന്റെ ഉറവിടം വിദ്യാഭ്യാസമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നു മനസിലാക്കാൻ ഒരു പഠനസമ്പ്രദായം ഞങ്ങൾ രൂപീകരിച്ചു. ദരിദ്രനായ മനുഷ്യനിലെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് ആദ്യം മനസിലാക്കാൻ ശ്രമിച്ചു. പിന്നീട് അതിനെ വിവിധ വിഭാഗമായി തിരിച്ചു പഠിച്ചു. ഇത്തരമൊരു രീതി നയരൂപീകരണത്തിൽ സർക്കാരിന് ഏറെ ഉപകാരപ്രദമാണ്.

∙ ദാരിദ്ര്യ ലഘൂകരണത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച്?
ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യ പരാജയമാണെന്നു ഞാൻ പറയില്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ദാരിദ്ര്യ നിർമാർജന വിഷയത്തിൽ മറ്റു ചില രാജ്യങ്ങളുടെ പിന്നിലാണു നാം. ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യയുടെ ദാരിദ്ര്യനിർമാർജന നടപടികൾക്കു വേഗം പോരാ.

∙ ഇന്ത്യയിൽ മാറിമാറിവന്ന സർക്കാരുകൾ ദാരിദ്ര്യനിർമാർജനത്തിനു പിന്തുടർന്ന ധനവിഹിത കാഴ്ചപ്പാടിനോട് താങ്കൾ യോജിക്കുന്നുണ്ടോ?
ഞാൻ തീർത്തും വിയോജിക്കുന്നു. വെറുതെ ധനവിഹിതം കൊടുത്തതുകൊണ്ട് എന്തു കാര്യം. കേവല വിഹിതം എന്നതിന് അപ്പുറത്ത് നയങ്ങളിൽ അടക്കം മാനുഷിക സമീപനമാണ് ദാരിദ്ര്യം ഉന്മൂലനം ചെയ്യാനുള്ള മാർഗം.

∙ ഒന്നുകൂടി വിശദമാക്കാമോ?
പുറമേ നിന്നു നോക്കിയാൽ നിങ്ങൾക്കു ദാരിദ്ര്യം മനസിലാകില്ല. അതിന്റെ ആഴത്തിലേക്ക് ഇറങ്ങണം. ആരോഗ്യം, വിദ്യാഭ്യാസം, സ്വഭാവ മാറ്റം എന്നിവയിലെവിടെയൊക്കെ പ്രശ്നമുണ്ടെന്ന് പഠിക്കണം. ആദ്യം ദാരിദ്ര്യത്തെ മനസിലാക്കുക, പിന്നീട് പ്രതിവിധി ചെയ്യുക.

∙ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ എങ്ങനെ കാണുന്നു?
സാമ്പത്തിക വളർച്ചക്കുറവ് ഗൗരവമുള്ള പ്രശ്നമാണ്. അടിയന്തരമായ ഒരു കൈത്താങ്ങ് സാമ്പത്തിക രംഗത്തിന് അനിവാര്യമാണ്. സർക്കാർ കൂടുതൽ പണം ചെലവാക്കണം. സമയം അധികമില്ല. കാര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്.

∙ എന്തായിരിക്കണം ആ നടപടികൾ?
പാവപ്പെട്ടവന് പണം നൽകുക. പൊതു ചെലവ് വർധിപ്പിക്കുക. വളർച്ച ത്വരിതപ്പെടുത്തുക. ഒരു ചെറിയ ബിസ്കറ്റ് ഫാക്ടറി അടച്ചാൽ അവിടെ തൊഴിൽ നഷ്ടമുണ്ടാകും. ആളുകൾക്ക് ഭക്ഷണം കിട്ടാതെ വരും. വിപണി തകരും. ദാരിദ്ര്യം പലമടങ്ങ് വർധിക്കും. ഇന്ത്യ ഉടനടി ഉണർന്നു പ്രവർത്തിക്കണം.

∙ സർക്കാർ കൂടുതൽ ചെലവാക്കണമെന്നാണോ പറയുന്നത്?
തീർച്ചയായും. വിവിധ വിഭാഗങ്ങളിലെ ജനങ്ങൾക്കായി സർക്കാർ കൂടുതൽ ചെലവാക്കണം. അവരുടെ അതിജീവനത്തിന് പണം ആവശ്യമാണെന്ന കാര്യം സർക്കാർ മറക്കരുത്. സാമ്പത്തിക വളർച്ചയിൽ അതു സുപ്രധാന ഘടകമാണ്.

∙ താങ്കളുടെ സിദ്ധാന്തം അനുസരിച്ചാണെങ്കിൽ ഓരോ മനുഷ്യനും ഓരോ തരത്തിലുള്ള ആവശ്യമാണ് ഉള്ളത്. ഒരു സർക്കാരിനെ സംബന്ധിച്ച് വ്യക്തിഗതമായി ആവശ്യങ്ങൾ നിറവേറ്റൽ പ്രായോഗികമാണോ?
ഞങ്ങളുടെ സിദ്ധാന്തത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും സർക്കാരിന് ഒറ്റയ്ക്കു ചെയ്യാനാവില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ ഒരു കാര്യം മനസിലാക്കണം, രണ്ടാം ക്ലാസ് വിദ്യാർഥിയെ അഞ്ചാം ക്ലാസിലെ സിലബസ് പഠിപ്പിക്കരുത്. സർക്കാർ അതു കൃത്യമായി മനസിലാക്കുകയും വിഭവങ്ങൾ അതിനനുസരിച്ച് പ്രയോജനപ്പെടുത്തുകയും വേണം. നയരൂപീകരണ കാര്യത്തിൽ എല്ലാവരെയും പരിഗണിക്കണം.

∙ വേണമെന്നു വച്ചാൽ സർക്കാരിന് നിങ്ങൾ അവതരിപ്പിച്ച മാതൃക നടപ്പിലാക്കാൻ സാധിക്കുമെന്നാണോ?
അത്ര എളുപ്പമല്ല, പക്ഷേ സാധിക്കും. ഞങ്ങളുടെ ഗവേഷണത്തിൽ അതു വിശദമായി പറയുന്നുണ്ട്.

∙ ചൈനയുടെ വളർച്ചാ മാതൃകയെ എങ്ങനെ കാണുന്നു?
സ്വതന്ത്ര കമ്പോള വ്യവസ്ഥയിലൂടെയാണ് ചൈന കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും അവിടെ തൊഴിൽ വർധിച്ചു. കൂലി കൂടുകയും ദാരിദ്ര്യം ലഘൂകരിക്കപ്പെടുകയും ചെയ്തു.

∙ അത് ഇന്ത്യയിൽ സാധ്യമാണോ?
ഭാഗികമായി. പക്ഷേ നമ്മൾ‌ വൈകിയിരിക്കുന്നു. നമ്മൾ ശ്രമിച്ചിട്ടില്ല എന്നല്ല. പക്ഷേ നമ്മൾ താമസിച്ചു. ബംഗ്ലദേശും വിയറ്റ്നാമും വരെ നമ്മളെ കടന്നു പോയി.

∙ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ‘ന്യായ്’ പദ്ധതി സംബന്ധിച്ച് താങ്കൾ കോൺഗ്രസിന് ഉപദേശം നൽകിയിരുന്നോ?
ഞാൻ ഉപദേശങ്ങളൊന്നും നൽകിയില്ല. പക്ഷേ പദ്ധതി സംബന്ധിച്ച് വിവരങ്ങൾ നൽകിയിരുന്നു. അവർ എന്നോട് സഹായം അഭ്യർഥിച്ചതാണ്.

∙ പദ്ധതിക്കായി പണക്കാർക്കു മേൽ ഉയർന്ന നികുതി ചുമത്തണമെന്ന് താങ്കൾ നിർദേശിച്ചു?
അതെ, ഞാനതിൽ വിശ്വസിക്കുന്നു. ധനികരിൽനിന്നു ലഭിക്കേണ്ട നികുതി നമ്മൾ പാഴാക്കി കളയുകയാണ്. പദ്ധതികൾ അതിലൂടെ നിർവഹിക്കപ്പെടണം. പക്ഷേ അത്തരം നികുതിക്ക് ഇപ്പോഴത്തെ സർക്കാർ ശ്രമിച്ചെങ്കിലും, സമ്മർദം മൂലം പിന്നാക്കം പോകേണ്ടിവന്നു.

English Summary: Abhijith Banerjee on Indian Economy and Poverty reduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com