ADVERTISEMENT

പൊതുനിർമാണ പ്രവൃത്തികൾ സാധാരണയായി പൊതു ജനങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എന്ന പേരിലാണ് നടത്തുന്നത്. ന്യായമായും അനിവാര്യമായ പ്രവൃത്തികൾ മാത്രമാകാം ഒരുപക്ഷേ. 

പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ തുടങ്ങുന്ന ഏതൊരു പ്രവൃത്തിയുടെയും  കൂടപ്പിറപ്പാണ് കാലതാമസം. നിശ്ചയിച്ച സമയ പരിധിയുടെ ഇരട്ടി സമയമെങ്കിലും എടുക്കും. അത് റോഡാകട്ടെ, കെട്ടിടങ്ങൾ ആകട്ടെ, മേൽപ്പാലങ്ങൾ ആകട്ടെ...ഏതെങ്കിലും തിരഞ്ഞെടുപ്പു കാലം അടുത്തു വരും വരെ ഒരു രാഷ്ട്രീയ നേതാവും പൊതുമരാമത്തു പണികൾ സമയ ബന്ധിതമാക്കാൻ വ്യാകുലപ്പെടില്ല.  

സ്വകാര്യ സംരംഭകർ സമാനമായ ഒരു നിർമാണപ്രവൃത്തി പൂർത്തീകരിക്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടിയോ അതിലും കൂടുതലോ സമയമാണ് പൊതുമരാമത്തുകാർ എടുക്കുന്നത്. ചില വിശേഷ പദ്ധതികൾ ഉണ്ടാകാം നിശ്ചിത സമയത്തിന്റെ ഉള്ളിൽ തീർന്നത്. സർക്കാർ തലത്തിൽ ഉദ്ധരിക്കപ്പെടുന്ന ഒരു സൂക്തവാക്യം ഉണ്ട് ‘ഇത് സർക്കാർ കാര്യമല്ലേ ...തിരക്കു കൂട്ടിയിട്ടു കാര്യമില്ല.

രൂപകൽപന ചെയ്യന്ന സമയം മുതൽ ഒരു നിശ്ചിത കാലാവധിക്കുള്ളിൽ നിർമാണങ്ങൾ പൂർത്തിയാക്കാൻ വകുപ്പിന് നിർവാഹം ഇല്ലാത്തതിന്റെ കാരണങ്ങൾ സാങ്കേതികമാകാം, സാമ്പത്തികമാകാം, നിക്ഷിപ്ത താല്പര്യങ്ങളാവാം..എന്തുമാകട്ടെ...

ഇത്തരത്തിൽ കാലാവധികൾ നീണ്ടു പോകുന്ന നിർമാണങ്ങൾ പൊതു സമൂഹത്തിൽ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. എങ്ങിനെയാണ് ഒരു നിർമാണ പ്രവർത്തനത്തിന്റെ കാലാവധി നീണ്ടുപോയാൽ പാരിസ്ഥിതിക പ്രശ്നം ഉണ്ടാവുക? 

പൊതുവെ ലോകത്തെല്ലായിടത്തും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങളുടെ കാലാവധികൾ കുറയ്ക്കുമ്പോഴും പഴകിയ പ്രോജക്റ്റ് മാനേജ്‌മെന്റ് രീതികളാണ് ഇവിടെ പൊതുമരാമത്തു പണികളിൽ കാണുന്നത്. 

പക്ഷേ നിർമാണ കാലാവധി വൈകിക്കുന്നതുകൊണ്ട് ദുരവസ്ഥ അനുഭവിക്കുന്നത് പൊതുജനം മാത്രമല്ല ഇതേ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉറ്റവരും പെടും. അത് മനസ്സിലാക്കാൻ ‘കാർബൺ ഡൈ ഓക്സൈഡ് നിർഗമനം’ (CO2 emission) എന്താണെന്ന് അറിയണം. അതു മൂലം പരിസ്ഥിതിക്ക് എന്തു സംഭവിക്കും, നമുക്ക് എന്തു സംഭവിക്കും, നമ്മുടെ അടുത്ത തലമുറയ്ക്ക് എന്തു സംഭവിക്കും.

CO2 എമിഷൻ എന്താണ്

ജീവജാലങ്ങൾ ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ പുറത്തേക്കുവിടുന്ന ഒരു വാതകം മാത്രമാണ് CO2. പക്ഷേ ഇതേ വാതകം അതി ഭയാനകമായ തോതിൽ വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും യന്ത്ര പ്രവർത്തനങ്ങളിൽനിന്നും , താപ നിലയങ്ങളിൽനിന്നും വേസ്റ്റ് കത്തിക്കുന്നതിൽ നിന്നും ഒക്കെ ഭൂമിയുടെ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.

ഇത്തരത്തിൽ അന്തരീക്ഷത്തിൽ ഉള്ള മറ്റു പല വാതകങ്ങളുടെയും ഘടന മാറുന്നു. ഇതിനെ ഗ്രീൻഹൗസ് വാതകം എന്നും വിളിക്കും. ആഗോള താപനത്തിനു കാരണമാകുന്ന പല വാതകങ്ങളിൽ ഒന്നാണ് CO2.  കാർബൺ ഫുട്പ്രിന്റ് എന്ന് പറയുന്ന അളവുകോൽ CO2ന്റെ തോതിനെ ആശ്രയിച്ചിരിക്കും. പരിസ്ഥിതി പ്രശ്നങ്ങൾ കുറയണമെങ്കിൽ ഈ വാതകത്തിന്റെ എമിഷൻ കുറയ്ക്കണം. 

ഉയർന്ന CO2 എമിഷൻ എവിടെനിന്ന്

പെട്രോൾ, ഡീസൽ, മണ്ണെണ്ണ, LPG , CNG, ടാർ മുതലായ പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തുമ്പോൾ കാർബൺ മിശ്രിതങ്ങൾ monoxide , dioxide എന്നിങ്ങനെ അന്തരീക്ഷത്തിലേക്ക് വ്യാപിക്കും. വായുവിന്റെ സാന്ദ്രതയേക്കാൾ കൂടുതൽ ഉള്ളതുകൊണ്ട്   ഭൂമിയുടെ പ്രതലത്തിന്റെ അടുത്തുതന്നെ വ്യാപിച്ചു നിൽക്കാൻ ശ്രമിക്കും. മറ്റു വാതകങ്ങളുമായി  റിയാക്‌ഷൻ നടത്താനും സാധ്യതയുണ്ട്. ഇത്തരത്തിൽ വമിക്കുന്ന ഈ വാതകം അന്തരീക്ഷത്തിൽ പല പ്രവർത്തനങ്ങളും നടത്തും. എല്ലാം പരിസ്ഥിതിക്കു ദോഷകരം തന്നെ. 

ഏതൊരു എൻജിൻ ഓടിക്കുമ്പോഴായാലും ശരി, അത് റോഡ് റോളർ ആകട്ടെ, മണ്ണുമാന്തി ആകട്ടെ, പൈലിങ് യന്ത്രങ്ങൾ ആകട്ടെ, റെഡിമിക്സ് കോൺക്രീറ്റ് യന്ത്രങ്ങൾ ആകട്ടെ... എല്ലാം വലിയ തോതിൽ ഈ വാതകം അന്തരീക്ഷത്തിൽ പടർത്തുന്നു.   

85 ഇഞ്ച് 4കെ എ ഐ ടി വിയുമായി ടി സി എൽ 

ടിസിഎൽ, നിർമിത ബുദ്ധി ഊർജം പകരുന്ന 4കെ എഐ സ്മാർട്‌ ടിവി ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. 85 ഇഞ്ച് പി8 എം ടിവിയുടെ പിക്ചർ എൻജിൻ നിയന്ത്രിക്കുന്നത് നിർമിത ബുദ്ധി അൽഗോരിതം ആണ്. ഇത് ഗുണമേന്മയുള്ള ചിത്രങ്ങളും, ചിത്രങ്ങൾക്ക് തെളിച്ചവും കോൺട്രാസ്റ്റും പ്രദാനം ചെയ്യുന്നു.

പി8 ശ്രേണിക്ക് ടിസിഎൽ ആകർഷക വിലയാണ്. 43 ഇഞ്ച് –24990 രൂപ, 50 ഇഞ്ച്– 29,990 രൂപ, 55 ഇഞ്ച് – 31,990 രൂപയുമാണ്. 65 ഇഞ്ച് പി 8– 49,990 രൂപ, 65 പി8ഇ–  51990 രൂപ.

പ്രീമിയം ഡിജിറ്റൽ എന്റർടെയ്ൻമെന്റ് കണ്ടന്റ്, നെറ്റ്ഫ്ലിക്‌സ്, യൂട്യൂബ്, ഹോട്ട്‌സ്റ്റാർ, ജിയോ സിനിമ, ഇറോസ് നൗ, സീ 5, യുപ്പ് ടി വി, വൂട്ട്, ആൾട്ട് ബാലാജി തുടങ്ങിയ കണ്ടന്റ് പങ്കാളികളും ഉണ്ട്.

ഒരു മേൽപാലം  പണിയുമ്പോൾ  എത്രത്തോളം കാർബൺ നിർഗമ‌നം

ഗതാഗത സാന്ദ്രത കൂടുമ്പോൾ ആണല്ലോ മേൽപാലം നിർമിക്കുന്നത്. ഒരു മേൽപാലം ആണു പണിയുന്നതെങ്കിൽ, അവിടെ ആദ്യ ദിവസം മുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കും. ഇത്തരത്തിൽ ഗതാഗതക്കുരുക്കുകൾ ഉള്ള സ്ഥലങ്ങളിൽ വലിയ തോതിൽ CO2 എമിഷൻ ഉണ്ടാകും.

ലോകത്തു പല ഇടങ്ങളിൽ ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളിൽ  നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പുറത്തു വിടുന്ന CO2 ന്റെ അളവ്, ഓടുന്ന വാഹനത്തിന്റെ ഇരട്ടി അളവിൽ വരെ ഉണ്ടാകാം എന്നാണു ഗവേഷണ പേപ്പറുകൾ ചൂണ്ടിക്കാട്ടുന്നത്. സിഗ്നലിൽ വാഹനം ഓഫ് ആക്കാതിരുന്നാൽ പിഴ ഈടാക്കുന്നപ്രദേശം ബ്രിട്ടനിലുണ്ട്.

∙ ഓരോ മിനിറ്റിലും ഒരു കാർ ഏകദേശം 30  മുതൽ 45 ഗ്രാം വരെ CO2 വാതകം പുറത്തു വിടുന്നു.  


∙ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്നു മാരകമായ കാർബൺ മോണോക്സൈഡും വമിക്കുന്നു. ഇതു ശ്വസിച്ചു മരണങ്ങൾ സംഭവിച്ചിരിക്കുന്ന ധാരാളം വാർത്തകൾ നാം വായിക്കാറുണ്ട്. 

∙ ഇതിനു പുറമെ SOX (Sulphur Oxides), NOX (Nitrogen Oxides) എന്നീ മാലിന്യവാതകങ്ങൾ കൂടി ചേർന്ന് ഓരോ സിഗ്‌നലിലും അതിരൂക്ഷമായ മലിനീകരണം സൃഷ്ടിക്കുന്നു. ആദ്യം ഓടാനുള്ള വ്യഗ്രത കാരണം ആരും എൻജിൻ ഓഫ് ആക്കാറില്ല.

∙ റോഡുകളുടെ മോശമായ അവസ്ഥ കൊണ്ട് അതി ഭീകരമായ പരിസ്ഥിതി മലിനീകരണമാണു സംഭവിക്കുന്നത്. കുഴികൾ താണ്ടി ചാടി തുള്ളി വരുന്ന വാഹനങ്ങൾ നാല് ഇരട്ടി വരെ ഈ വിഷവാതകങ്ങൾ പുറത്തു വിടുന്നു.

∙ നമ്മുടെ നഗരങ്ങളിലെ വലിയ സിഗ്നലിൽ ശരാശരി കണക്കെടുത്താൽ പീക്ക് സമയങ്ങളിൽ മണിക്കൂറിൽ 2000 വാഹനങ്ങൾ വരെ (ചെറുതും വലുതും) കടന്നു പോകും. അല്ലാത്ത സമയങ്ങളിൽ മണിക്കൂറിൽ 1000 ചെറുതും വലുതും വാഹനങ്ങൾ പോകും. രാവിലത്തെയും വൈകുന്നേരത്തെയും ആറ് പീക്ക് മണിക്കൂറുകളും, അർധ രാത്രിയിലെ 4  മണിക്കൂറിൽ കുറഞ്ഞ വാഹനങ്ങളും, മറ്റു 14 മണിക്കൂറുകളിൽ ശരാശരി സമയമായും കരുതിയാൽ  ആകെ ഒരു ദിവസം സിഗ്നലിൽ 26,000 വാഹനങ്ങൾ ചുരുങ്ങിയത് 2 മിനിറ്റെങ്കിലും ചെലവിടും. ചെറു വാഹനങ്ങളും ലോറികളും ബസുകളും എല്ലാം ഒരു കാറിന്റെ ശരാശരിയായി കണക്കാക്കിയാൽ മിനിട്ടിൽ 30 ഗ്രാം വച്ച്, ഒരു ദിവസം 1.56 ടൺ CO2 എമിഷൻ ഈ ഒരു സിഗ്നലിൽ മാത്രം ഉണ്ടാകും.

∙ ഒരു വർഷം ശരാശരി 570 ടൺ CO2 എമിഷൻ കൊച്ചിയിലെ ഒരു സിഗ്‌നലിൽ മാത്രം കണക്കാക്കാം.

∙ ഇനി ഈ സിഗ്‌നലിൽ കാത്തുനിൽക്കുന്ന സമയം രണ്ടു മിനിറ്റിൽനിന്ന് അഞ്ചു മിനിറ്റായാൽ CO2 എമിഷൻ 1500 ടൺ ആയി കണക്കാക്കാം.

∙ ഒരു മരം ശരാശരി നാല്പതു വർഷത്തെ തന്റെ ആയുസ്സിൽ ഒരു ടൺ CO2 അബ്സോർബ് ചെയ്യുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. അത്തരത്തിൽ 1500 പൂർണകായ വൃക്ഷങ്ങൾ ഈ ഒരു ജംക്‌ഷനിൽ തന്നെ പിടിപ്പിക്കേണ്ടി വരും.

∙ ഒരു നല്ല മേൽപാലം സമയത്തു തീർത്താൽ ഇവിടുത്തെ സിഗ്നലിൽ കാത്തുനിൽപിന്റെ സമയം അര മിനിറ്റായി കുറയും. അങ്ങനെ തന്നെ ഈ ജംക്‌ഷനിലെ CO2 എമിഷൻ പ്രതിവർഷം 140 ടൺ ആയി കുറയും.

∙ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതു കൊണ്ടു മാത്രം വൈറ്റിലയിലും കുണ്ടന്നൂരും പാലാരിവട്ടത്തും ചേർത്ത് ശരാശരി 4500  ടൺ  CO2 നിർഗമനത്തിനു കാരണമായിരിക്കുന്നു മരാമത്തു വകുപ്പ്.  

∙ എന്തായാലും ഈ 3 ജംക്‌ഷനുകളിലും പീക്ക്  മണിക്കൂറുകളിൽ കാത്തിരിപ്പു സമയം ഇപ്പോൾ 5 മിനിറ്റിൽ കൂടുതലാണ് . അപ്പോൾ കണക്കാക്കിയിരുന്ന 4500 ടണ്ണിലും കൂടുതൽ തന്നെയാണ് CO2  എമിഷൻ. ഇത് ഭയാനകമാണ്.  

∙ ഇനി രൂപകൽപന മുതൽ നിർമാണം പൂർത്തിയാകുന്ന വരെ വേറെയും CO2  എമിഷൻ ഉണ്ടല്ലോ. എണ്ണത്തിൽ കവിഞ്ഞു ലോറികൾ, കാറുകൾ, കോൺക്രീറ്റിങ് ട്രക്കുകൾ, പാറ മടകളിലെ CO2,  സാധന സാമഗ്രികൾ കൊണ്ടു വരുന്ന വണ്ടികൾ, ഇവയെല്ലാം ചേർന്ന് ഒരു ദിവസം 1000 ട്രിപ്പ് ഓടേണ്ടി വരും. അങ്ങിനെ ആ ഇനത്തിൽ ശരാശരി ഒരു ദിവസം 1.2 ടൺ CO2 നിർഗമനത്തിന് കാരണമാകും. അങ്ങിനെ ഒരു വര്ഷം നിർമ്മാണ പ്രവർത്തനം 438 ടൺ എമിഷണിനു കാരണമാകുന്നു.

∙ നിർമാണത്തിനു വഴിയൊരുക്കാൻ പ്രധാന വഴി ചെറുതാക്കുന്നതു മൂലം സൃഷ്ടിക്കപ്പെടുന്ന ഗതാഗതക്കുരുക്കു മൂലം ഉണ്ടാകുന്ന CO2 എമിഷൻസ് പ്രതിവർഷം 2000 ടൺ കണക്കാക്കാം. ഇത് ഒരു സിഗ്നലിന്റെ കഥ. 

∙ ഓരോ വർഷവും ഇതു പോലെ ഓരോ പ്രവൃത്തിയും നീണ്ടുപോകുമ്പോൾ മരാമത്തു വകുപ്പ് ശരിക്കും കറുത്ത മേൽപാലങ്ങൾ ആണ് സൃഷ്ടിക്കുന്നത്  .   

∙ റോഡുകളുടെ പണി മോശമാകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്, ഓരോ കുഴിയും ഒരോ സിഗ്നൽ ലൈറ്റ് പോലെയാണ്. അവിടെയെല്ലാം ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്നതുമൂലം CO2 എമിഷൻ ഉയരും. പൊതു റോഡുകളിൽ ഓരോ കുഴിയും വാഹനങ്ങളുടെ നീണ്ട നിരകൾക്കു കാരണമാകുമ്പോൾ, പ്രതിദിനം 2 ടൺ എന്ന തോതിൽ CO2 എമിഷൻ നടക്കുന്നു.

∙ കേരളത്തിൽ 100 പാലങ്ങളുടെ പണി വൈകുമ്പോൾ, 1000 കുഴികളിൽ ഗതാഗതം ശ്വാസം മുട്ടുമ്പോൾ, പണി തീരാതെ കിടക്കുന്ന  പൊതു പണം മുടക്കിയ കെട്ടിടങ്ങൾ വൈകുമ്പോൾ, ഇവയെല്ലാം ചേർത്തു നോക്കിയാൽ, സമയത്തു പണി തീരാത്തതുകൊണ്ടുതന്നെ പ്രതിവർഷം 10 ലക്ഷത്തിലധികം ടൺ നിർഗമനത്തിനു മരാമത്തു വകുപ്പ് കാരണമാകുന്നുണ്ട്.  

∙ ഒരു രാജ്യത്തിന്റെ ശിഥിലീകരണത്തിനു കാരണം ഖജനാവിൽ പണമില്ലാതാകുന്നതു മാത്രമല്ല., അവിടുത്തെ ജനങ്ങളുടെ ആരോഗ്യം മോശമാകുന്നതും ശിഥിലീകരണമാണ്. കറുത്ത നിർമാണങ്ങൾ തുടർന്നുവരുന്നതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടത് ഈ രാജ്യത്തെ പാവം ജനങ്ങൾ. അവർ അറിയുന്നില്ല, കാലം തെറ്റി പെയ്യുന്ന മഴയും പേമാരിയും കൊച്ചുങ്ങളുടെ മാറാത്ത ചുമയും ജലദോഷവും മാറാത്ത ശ്വാസകോശ രോഗങ്ങളും വർധിച്ചുവരുന്ന കാൻസർ പോലുള്ള മാരക രോഗങ്ങളുമൊക്കെ സൃഷ്ടിക്കുന്നതിൽ വിഷപ്പുകയുടെ പങ്ക്. ഒട്ടും ചെറുതല്ലാത്ത ഉത്തരവാദിത്തം മരാമത്തുവകുപ്പിനും ഉണ്ട്.

∙ കൽക്കരി കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു താപനിലയം ശരാശരി 800 ഗ്രാം CO2 എമിഷൻ ആണ് ഒരു KWH വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ പുറത്തുവിടുന്നത്. സമയ ബന്ധിതമായി മരാമത്തു വകുപ്പ് പണി ചെയ്‌താൽ പ്രതിവർഷം 10 ലക്ഷം ടൺ CO2 ഈ രാജ്യത്ത് ഒഴിവാക്കാവുന്നതാണ് എന്നു പറയുമ്പോൾ അതിന്റെ അർഥം, 1.25 GWH കൽക്കരി താപനിലയത്തിൽ ഉൽപ്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്നത്ര അളവിൽ വരുന്ന CO2 മലിനീകരണം ഒഴിവാക്കാമെന്നാണ്. ഇത് ചില്ലറ കറുപ്പല്ല.

ഖജനാവിന്റെയും പൊതു ജനങ്ങളുടെയും ആരോഗ്യം ഒരുപോലെ ജീർണിപ്പിക്കുന്ന ഈ കാലതാമസം ഒഴിവാക്കുന്നത് പൊതുമരാമത്തു പ്രവൃത്തികളിൽ ഇനിയെങ്കിലും വരുത്തേണ്ടത് അനിവാര്യമാണ്.

(ഹരിത നിർമാണ വിദഗ്ധനും BEE ഊർജ സംരക്ഷണ പരിശീലകനുമാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com