ADVERTISEMENT

ന്യൂഡൽഹി∙ എയർ ഇന്ത്യ പൂർണമായും വിറ്റഴിക്കുമ്പോൾ അനുബന്ധ സ്ഥാപനങ്ങൾ വെവ്വേറെ വിൽപന നടത്തും. വിൽപനയ്ക്കു ശേഷം എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് ‘എയർഇന്ത്യ’ ലോഗോ, ഭാഗ്യചിഹ്നമായ ‘മഹാരാജാവ്’ എന്നിവ ഉപയോഗിക്കാനാവില്ല. എയർ ഇന്ത്യ വാങ്ങുന്നവർക്കായിരിക്കും ഇതിന്റെ പൂർണ അവകാശം. ഇ ബിഡ്ഡിങ് വഴിയായിരിക്കും വിൽപന. വാങ്ങാൻ രാജ്യാന്തര തലത്തിലെ പ്രമുഖ സ്ഥാപനങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി അറിയുന്നു. എയർ ഇന്ത്യ ബോർഡ് യോഗം ഇന്നു ചേരുന്നുണ്ട്.
എയർ ഇന്ത്യയുടെ ബാധ്യതകൾ, കടങ്ങൾ ഏറ്റെടുക്കുന്നതിനായി രൂപവൽക്കരിച്ച പ്രത്യേക സംവിധാനമായ എയർ ഇന്ത്യ അബെറ്റ് ഹോൾഡിങിലേക്കു മാറ്റിയിട്ടുണ്ട്.

ഇതിന്റെ ബോണ്ട് വിൽപന വഴി സമാഹരിക്കുന്ന തുക ഉപയോഗിച്ചു കടങ്ങൾ വീട്ടും. എയർ ഇന്ത്യ ഏറ്റെടുക്കുന്നവർക്കു ബാധ്യതയുണ്ടാകില്ല. സെപ്റ്റംബർ 16നു രൂപവൽക്കരിച്ച എഐഎഎച്ച് ബോണ്ട് വിൽപന വഴി ഇതുവരെ 21985 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. എയർ ഇന്ത്യ കഴിഞ്ഞ വർഷം 62.90 കോടി അറ്റാദായമുണ്ടാക്കിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റേത് 262.05 കോടിയായിരുന്നു. എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിന് 396.97 കോടി നഷ്ടമായിരുന്നു. ഹോട്ടൽ കോർപറേഷന് 5528.86 കോടി നഷ്ടമുണ്ടായി. എയർഇന്ത്യയുടെ മൊത്തം സ്ഥാപനങ്ങളുടെ കടം 58,000 കോടിക്കു മുകളിലാണ്.

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, അലയൻസ് എയർ, എയർ ഇന്ത്യ സിംഗപ്പൂർ ടെർമിനൽ സർവീസസ്,  എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ്, എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ്, ഹോട്ടൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് വെവ്വേറെ വിറ്റഴിക്കുന്നത്.  മാസ്റ്റർ ബ്രാൻഡും ലോഗോയും എയർ ഇന്ത്യയുടേതായതിനാൽ അതിന്റെ ഉടമസ്ഥനായിരിക്കും വിൽപനയ്ക്കു ശേഷം അത് ഉപയോഗിക്കാനുള്ള അവകാശം.

ദീപാവലിയോടെ വിൽപന നടത്താനായിരുന്നു നേരത്തേ ഉദ്ദേശിച്ചിരുന്നതെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാകാനുണ്ട്. ആഭ്യന്തര മന്ത്രി അമിത്ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരി എന്നിവരടങ്ങിയ സമിതിക്കാണ് വിൽപനയുടെ മേൽനോട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com