ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് 10 കോടി രൂപ വരെ മുതൽമുടക്കുള്ള വ്യവസായം തുടങ്ങാൻ ഭാവിയിൽ വേണ്ടത് സംരംഭകന്റെ സാക്ഷ്യപത്രം മാത്രം. മുൻകൂർ അനുമതി എടുക്കാതെ സംരംഭം ആരംഭിക്കാൻ കഴിയുന്ന 'കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ' നിയമസഭയിൽ അവതരിപ്പിച്ചു. തുടർന്ന് സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. ‍വ്യവസായം ആരംഭിച്ച് മൂന്നര വർഷത്തിനുള്ളിൽ ആവശ്യമായ അംഗീകാരങ്ങളും പരിശോധനകളും പൂർത്തിയാക്കിയാൽ മതിയെന്നാണ് വ്യവസ്ഥ.

ആദ്യ 3 വർഷം സംരംഭകന് ലൈസൻസുമായി ബന്ധപ്പെട്ട തലവേദനകൾ മാറ്റിവച്ച് വ്യവസായത്തിൽ തന്നെ ശ്രദ്ധിക്കാമെന്നതാണ് മെച്ചം. മുൻകൂറായി പണമടയ്ക്കേണ്ടതുമില്ല.  പുതിയ നിയമത്തിന്റെ ഭാഗമായി കേരള പഞ്ചായത്ത് രാജ് ആക്ട്, കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ട് ഉൾപ്പെടെ 6 നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും. വൈദ്യുതി കണക്‌ഷൻ, ബാങ്ക് വായ്പ ഉൾപ്പെടെയുള്ളവ എടുക്കുമ്പോൾ പ്രായോഗിക തടസ്സം വരാമെന്ന പ്രതിപക്ഷവാദം സബ്ജക്റ്റ് കമ്മിറ്റി ചർച്ച ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

എങ്ങനെ?

1) നോഡൽ ഏജൻസിയായ ജില്ലാ വ്യവസായ ബോർഡിൽ സംരംഭകൻ സാക്ഷ്യപത്രം നൽകണം. സാക്ഷ്യപത്രം കൈപ്പറ്റിയതായുള്ള രസീത് നൽകും.
2) രസീത് ലഭിച്ചതിന്റെ പിറ്റേന്ന് വ്യവസായം ആരംഭിക്കാം. മൂന്നുവർഷമാണ് രസീതിന്റെ കാലാവധി. കെട്ടിട നിർമാണ പെർമിറ്റ് ഉൾപ്പെടെയുള്ളവ തുടക്കത്തിൽ ആവശ്യമില്ല.
3) മൂന്നു വർഷം കഴിഞ്ഞുള്ള 6 മാസത്തിനിടെ ആവശ്യമായ പരിശോധനകളും അനുമതികളും നേടണം.

മറ്റ് വ്യവസ്ഥകൾ

∙ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പ് വിഭാഗത്തിൽ (വലിയ മലിനീകരണമുണ്ടാക്കുന്നവ) വരുന്ന വ്യവസായങ്ങൾ പരിധിയിൽ ഉൾപ്പെടില്ല.
∙ സാക്ഷ്യപത്രത്തിലെ നിബന്ധനകൾ ലംഘിച്ചാൽ സംരംഭകനിൽ നിന്ന് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.
∙ തദ്ദേശസ്ഥാപനങ്ങൾ, അതോറിറ്റികൾ തുടങ്ങിയവ ആദ്യ 3 വർഷത്തേക്ക് വ്യവസായ സ്ഥാപനത്തിൽ ഒരു പരിശോധനയും നടത്തരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com