ADVERTISEMENT

ന്യൂഡൽഹി∙ പണമില്ലാതെ പൂർത്തിയാക്കാനാവാതെ പോയ ഭവനപദ്ധതികൾക്കുള്ള സഹായ വായ്പയ്ക്കു കൂടുതൽ നിബന്ധനകളുമായി കേന്ദ്രം. തറ വിസ്തീർണം പരമാവധി 2150 ചതുരശ്ര അടി വരെയുള്ള അപാർട്മെന്റുകൾക്കും വില്ലകൾക്കുമായിരിക്കും സഹായമെന്നതാണു പ്രധാന വ്യവസ്ഥ. 25000 കോടി രൂപ തുടക്കത്തിൽ നിക്ഷേപിച്ചു പ്രത്യേക സഹായ വായ്പാ സംവിധാനമൊരുക്കി  റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനാണു കേന്ദ്രശ്രമം.

ഇടത്തരം ഭവനപദ്ധതികൾക്കു കൂടുതൽ പ്രയോജനം ലഭിക്കുന്നതാണ് വീടിന്റെ വിസ്തീർണം നിജപ്പെടുത്തിയ നീക്കം. ബാൽക്കണി, പൊതു ഇടങ്ങൾ, മതിൽ എന്നിവയൊന്നും ധനസഹായത്തിനുള്ള പരിഗണനയിൽപ്പെടില്ല.  മുംബൈയിൽ ഒരു ഭവന യൂണിറ്റിന് പരമാവധി 2 കോടി രൂപ, ബെംഗളൂരു, ചെന്നൈ, ദേശീയ തലസ്ഥാന മേഖല, പുണെ എന്നിവിടങ്ങളിൽ 1.5 കോടി രൂപ, മറ്റിടങ്ങളിൽ 1 കോടി എന്നിങ്ങനെ പരിധി നേരത്തെ നിശ്ചയിച്ചിരുന്നു.

ഇതിനു പുറമേ, നിശ്ചിത ചതുരശ്ര അടി വലിപ്പത്തിലുള്ള അപാർട്മെന്റുകളടങ്ങിയ മൊത്തം ഭവന പദ്ധതിയുടെ ആകെ ചെലവ് 400 കോടി രൂപയിൽ കവിയരുതെന്ന നിർദേശവുമുണ്ട്.  ഓരേ ബിൽഡറുടെ തന്നെ പ്രോജക്ടുകൾ, സ്ഥലം എന്നിവ പരിഗണിച്ചു സാമ്പത്തിക സഹായം എത്രയെന്നു നിജപ്പെടുത്തുകയും ചെയ്യും. ബിൽഡറെ മാറ്റണമെന്ന നിർദേശം പോലും വന്നേക്കാം. നിക്ഷേപ പദ്ധതി കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റേതാവും ഇക്കാര്യങ്ങളിലെ അന്തിമതീരുമാനം.

മുൻഗണന ആദ്യം പൂർത്തിയാകുന്ന പദ്ധതികൾക്ക്

സർക്കാർ പ്രഖ്യാപിച്ച വായ്പാ സഹായ പദ്ധതിയിൽ മുൻഗണന ആദ്യം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന ഭവന പദ്ധതികൾക്ക്. പണി തുടങ്ങാത്തവയ്ക്കു സഹായം ലഭിക്കുകയുമില്ല. പദ്ധതിച്ചെലവ്, വിൽപനയിലൂടെ ലഭിക്കാവുന്ന വരുമാനം തുടങ്ങിയവ പരിഗണിച്ചു ലാഭകരമെന്നു തോന്നുന്ന പദ്ധതികളെയാണ് സഹായിക്കുക. പദ്ധതിവഴി, പാതിയിൽ മുടങ്ങിയ 4.58 ലക്ഷം ഭവന യൂണിറ്റുകൾക്കു പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഡൽഹി(1.76 ലക്ഷം), മുംബൈ(92000), ബെംഗളൂരു(37,000) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പദ്ധതികൾ മുടങ്ങിക്കിടക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com