ADVERTISEMENT

കൊച്ചി ∙ അസമിന്റെ മുറവിളി കേന്ദ്ര സർക്കാർ കേട്ടു; പക്ഷേ, കേരളത്തിന്റെ പ്രതിഷേധത്തോടു മുഖം തിരിച്ചു. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നെങ്കിലും മുന്നോട്ടു പോയ കേന്ദ്ര സർക്കാർ പക്ഷേ, അസമിലെ നുമാലിഗഡ് റിഫൈനറീസിനെ ഒഴിവാക്കിയാണു വിൽപന പ്രഖ്യാപിച്ചത്.  ബിപിസിഎല്ലിന് 61.65 ശതമാനവും ഓയിൽ ഇന്ത്യയ്ക്ക് 26 ശതമാനവും ഓഹരി പങ്കാളിത്തമുള്ള റിഫൈനറിയിൽ അസം സർക്കാരിന് 12.35 % ഓഹരിയുണ്ട്.

വടക്കു കിഴക്കൻ അതിർത്തി മേഖലയിലുള്ള അസമിന്റെ തന്ത്രപരമായ സ്ഥാനം പരിഗണിച്ചാകണം സ്വകാര്യ മേഖലയ്ക്കു വിൽക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. അസം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണു നടപടി. നുമാലിഗഡിൽ സ്വകാര്യവൽക്കരണം ഒഴിവാകുമെങ്കിലും ബിപിസിഎലിന്റെ ഓഹരികൾ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിനു വിൽക്കാനാണു സാധ്യത.  കൊച്ചി റിഫൈനറി വിൽപനയ്ക്കെതിരെ കേരളത്തിന്റെ പ്രതിഷേധം പക്ഷേ, കേന്ദ്ര സർക്കാർ ഗൗനിച്ചതേയില്ല. ബിപിസിഎൽ വിൽപനയ്ക്കെതിരെ 28 നു ദേശ വ്യാപക സമരത്തിനൊരുങ്ങുകയാണു തൊഴിലാളി യൂണിയനുകൾ. 

പൊതുമേഖലയിൽ കേരളത്തിന്റെ അഭിമാനമായ കൊച്ചി റിഫൈനറി വാങ്ങാൻ സ്വകാര്യ മേഖലാ വമ്പൻമാരായ റിലയൻസിനും താൽപര്യമെന്നു സൂചന. സൗദി ആസ്ഥാനമായ അരാംകോയുമായി സഹകരിച്ചോ ഒറ്റയ്ക്കോ റിഫൈനറി സ്വന്തമാക്കാൻ റിലയൻസിനു താൽപര്യമുണ്ടെന്നാണു സ്ഥിരീകരണമില്ലാത്ത വാർത്തകൾ. വിൽപന സംബന്ധിച്ച നടപടിക്രമങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തും. ആസ്തി മൂല്യം നിർണയിക്കുന്നത് ഉൾപ്പെടെയുള്ള ചുമതലകളും ഏജൻസി നിർവഹിക്കും. 

വിൽക്കുന്നത് 5 പൊതുമേഖലാ സ്ഥാപനങ്ങളെങ്കിലും സർക്കാർ ഖജനാവു നിറയ്ക്കുക ബിപിസിഎൽ വിൽപന തന്നെ. നിലവിലെ വിപണി മൂല്യമനുസരിച്ച് 5 സ്ഥാപനങ്ങളുടേതായി ഏകദേശം 78,400 കോടി രൂപ മതിപ്പുള്ള ഓഹരികളാണു വിറ്റഴിക്കുക.  അതിൽ, ബിപിസിഎലിൽ സർക്കാരിനുള്ള 53.3% ഓഹരികൾക്ക് ഏകദേശം 63,000 കോടി രൂപ മൂല്യമുണ്ട്. അതിൽ നല്ലൊരു പങ്കും കൊച്ചി റിഫൈനറിയുടെ വിപണി മൂല്യമാകും.  ബിപിസിഎല്ലിന്റെ മുംബൈ, നുമാലിഗഡ്, ബിന (മധ്യപ്രദേശ്) റിഫൈനറികളെക്കാൾ ശേഷിയുള്ളതും ആധുനികവുമാണ് കൊച്ചി റിഫൈനറി.

പൊതുമേഖലയ്ക്ക് നൽകില്ല: മന്ത്രി

ന്യൂഡൽഹി ∙ ഭാരത് പെട്രോളിയം (ബിപിസിഎൽ) വിറ്റഴിക്കാനുള്ള ലേലത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.  ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ 14 ശതമാനവും ഇന്ധന വിപണനത്തിന്റെ 25 ശതമാനവുമാണ് ബിപിസിഎൽ കൈകാര്യം ചെയ്യുന്നത്.  ഇപ്പോഴത്തെ മൂല്യമനുസരിച്ച് 90,000 കോടി രൂപയാണ് ബിപിസിഎല്ലിന്റെ മൊത്തം ഓഹരിമൂല്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com