ADVERTISEMENT

കൊച്ചി ∙ ബിപിസിഎൽ വിറ്റൊഴിക്കാനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ, കൊച്ചി റിഫൈനറിയുടെ സാമ്പത്തിക ഇടപാടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി സർക്കുലർ. ഈ മാസം 30 നു ശേഷമുള്ള ഇടപാടുകൾക്കാണു നിയന്ത്രണം. ബിപിസിഎൽ ആസ്ഥാനത്തു നിന്നാണു നിർദേശം. നിലവിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ താൽക്കാലികമായെങ്കിലും മരവിക്കുമെന്നാണു സൂചന. റിഫൈനറിയുടെ പുതിയ ഉടമകൾ ആരായാലും അവരുടെ താൽപര്യം കൂടി പരിഗണിച്ചാകും പദ്ധതികളുടെ ഭാവി. 

16,546 കോടി ചെലവിടുന്ന പെട്രോ കെമിക്കൽ കോംപ്ലക്സുമായി ബന്ധപ്പെട്ട നിർമാണ ജോലികളാണു പുരോഗമിക്കുന്നത്. 5246 കോടി രൂപ മുതൽ മുടക്കിയ പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോ കെമിക്കൽ പ്രോജക്ട് ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. കമ്മിഷനിങ് അടുത്ത വർഷം. അടുത്ത ഘട്ടമായി പ്രഖ്യാപിച്ച പോളിയോൾസ് പ്രോജക്ട് (11,300 കോടി രൂപ) 2023 ഒടുവിലാണു പൂർത്തിയാകേണ്ടത്. പ്രാഥമിക ജോലികളും ആരംഭിച്ചിരുന്നു. 

സബ്സിഡി ഒഴിവാകും 

സ്വകാര്യ ആഗോള ഭീമൻമാർക്കു റിഫൈനറി കൈമാറിയാൽ പാചക വാതക സബ്സിഡി പോലുള്ള പൊതുജന ആശ്വാസ ആനുകൂല്യങ്ങൾ അപ്രത്യക്ഷമാകും. ബിപിസിഎല്ലിന്റെ 8 കോടി ഉപയോക്താക്കളെ ബാധിക്കും. അല്ലെങ്കിൽ സർക്കാർ പുതിയ നയം ആവിഷ്കരിക്കേണ്ടി വരും.

നുറുങ്ങു പ്രതീക്ഷകൾ 

ആഗോള കമ്പനികളുടെ വരവ് ആഗോള തലത്തിലുള്ള തൊഴിൽ സംസ്കാരം കൊച്ചിക്കു പരിചയപ്പെടുത്തിയേക്കാമെന്ന നേട്ടം പ്രതീക്ഷിക്കാം. കൂടുതൽ ഉൽപാദന ക്ഷമതയും കാര്യക്ഷമതയും കൈവരിക്കാനും അവർക്കു കഴിയുമെന്നാണു കേന്ദ്ര സർക്കാർ വാദിക്കുന്നത്. എന്നാൽ കൊച്ചി റിഫൈനറിയുടെ മികവ് കേന്ദ്രം തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.

തൊഴിൽ സുരക്ഷ, സാമൂഹിക പ്രതിബദ്ധത 

ജീവനക്കാരെ സംബന്ധിച്ചിടത്തോളം തൊഴിൽ സുരക്ഷിതത്വം മുതൽ ആരോഗ്യ ക്ഷേമ പദ്ധതികൾ വരെ അനിശ്ചിതത്വത്തിലാണ്. ഏറ്റവും മികച്ച ആനുകൂല്യങ്ങളാണു കമ്പനി നൽകിവരുന്നത്. സ്ഥിരം ജീവനക്കാർക്കു മാത്രമല്ല, കരാർ – താൽക്കാലിക തൊഴിലാളികൾക്കു പോലും ലഭിക്കുന്നതു വളരെ മികച്ച വേതനമാണ്. 1966 ൽ സ്ഥാപിതമായ കാലം മുതൽ വൻകിട പദ്ധതികൾ നടപ്പാക്കി വരുന്ന സ്ഥാപനമാണു കൊച്ചി റിഫൈനറി. ഒരേസമയം, 16,000 താൽക്കാലിക തൊഴിലാളികൾ വരെ പണിയെടുത്ത ചരിത്രമുണ്ട്.

സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ജോലികൾ ലഭ്യമാക്കുന്ന സ്ഥാപനമെന്ന സ്ഥിതി മാറിയേക്കാം. പുതിയ ഉടമകൾക്കു കേരളത്തോടു പ്രത്യേക താൽപര്യമുണ്ടാകണമെന്നില്ല. ‌ കൊച്ചി റിഫൈനറിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ (സിഎസ്ആർ) ഭാഗമായി സഹായം ലഭിക്കാത്ത പ്രസ്ഥാനങ്ങൾ കുറവായിരിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 25 കോടി രൂപയാണു സിഎസ്ആർ സഹായമായി റിഫൈനറി ചെലവിട്ടത്. 

വിപണിയിലെ എണ്ണക്കൊഴുപ്പു കണ്ട് 

സമീപഭാവിയിൽ തന്നെ ഇന്ത്യയിലെ പ്രതിദിന ഉപയോഗം നിലവിലെ 5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിൽ നിന്ന് 10 ദശലക്ഷം ബാരലായി ഉയരുമെന്നാണു രാജ്യാന്തര ഊർജ ഏജൻസിയുടെ വിലയിരുത്തൽ. അതേസമയം, യുഎസിലെ ഉപയോഗം 18 ൽ നിന്നു 13 ദശലക്ഷം ബാരലായി കുറയും. യൂറോപ്പിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യൻ വിപണിയിലെ വളർച്ച മുന്നിൽക്കണ്ടാണു കേന്ദ്ര സർക്കാർ ആഗോള നിക്ഷേപകരെ ക്ഷണിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ, വികസനവും പുതിയ തൊഴിലുകളും സൃഷ്ടിക്കപ്പെടണമെങ്കിൽ പുതിയ നിക്ഷേപം വരണം. നിലവിലെ സ്ഥാപനങ്ങൾ അതേപടി സ്വകാര്യവൽക്കരിക്കുന്നത് ആ ലക്ഷ്യം നിറവേറ്റുമോയെന്നു കണ്ടറിയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com