sections
MORE

ആശ്വാസമേകും സിജിറ്റിഎംഎസ്ഇ

SHARE

2006-ലെ സൂക്ഷ്മ-ചെറുകിട മധ്യനിര സംരംഭ വികസന നിയമപ്രകാരം ലഘുവ്യവസായങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. സംരംഭത്തിലെ യന്ത്രസാമഗ്രികൾ വാങ്ങാൻ ചെലവാക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ആണിത്. 25 ലക്ഷം രൂപ വരെയുള്ളവ സൂക്ഷ്മ വ്യവസായങ്ങളും, അതിനു മുകളിൽ 5 കോടി വരെയുള്ളവ ചെറുകിടയും അതിനും മുകളിൽ 10 കോടി വരെയുള്ളവ മധ്യനിരയും. ഉൽപാദനമല്ലാതെ, സേവനം മാത്രം നടത്തുന്നവയിൽ, ഇത് യഥാക്രമം 10 ലക്ഷം, 2 കോടി, 5 കോടി എന്നിങ്ങനെയാണ്.

ഉൽപാദന-സേവന വ്യത്യാസമില്ലാതെ, വാർഷികവിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഇവയെ തരം തിരിക്കാൻ നിയമം 2016ൽ ഭേദഗതി ചെയ്‌തെങ്കിലും അത് പ്രാബല്യത്തിൽ വരുന്നതേയുള്ളൂ. ആ ഭേദഗതി വന്നുകഴിഞ്ഞാൽ വാർഷിക വിറ്റുവരവ് തുക 5 കോടി വരെയുള്ളവ സൂക്ഷ്മവും അഞ്ചു കോടിക്കു മേൽ 75 കോടി വരെയുള്ളവ ചെറുകിടയും അതിനു മുകളിൽ 250 കോടി വരെയുള്ളവ മദ്ധ്യനിരയും ആയിരിക്കും.

ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്ക് ബാങ്ക് വായ്‌പ ലഭിക്കുവാൻ അധികഈടോ മൂന്നാം കക്ഷി ആൾജാമ്യമോ ഇല്ലാത്ത അവസ്ഥയിൽ സംരംഭങ്ങൾ വായ്‌പ ലഭിക്കാതെ വിഷമിക്കുന്നു. ഇതിന് ഒരു പരിഹാരം എന്നോണം ഭാരത സർക്കാരും ചെറുകിട വ്യവസായ വികസന ബാങ്കും സംയുക്തമായി നടപ്പിലാക്കിയ സംവിധാനമാണ് ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസ് (സിജിറ്റിഎംഎസ്ഇ). പദ്ധതി പ്രകാരം, 2 കോടി വരെയുള്ള വ്യവസായ വായ്‌പകൾ അധികഈടോ മൂന്നാം കക്ഷി ആൾജാമ്യമോ ഇല്ലാതെ നൽകേണ്ടി വരികയാണെങ്കിൽ ആനുപാതിക തുകയ്ക്കുള്ള ഗാരന്റി സിജിറ്റിഎംഎസ്ഇ നൽകുന്നു. ഈടിന്റെ ബലം നോക്കാതെ, സംരംഭത്തിന്റെ വിജയസാദ്ധ്യതകളെ വിലയിരുത്തി മാത്രം ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾക്ക് വായ്‌പ നൽകുവാൻ ബാങ്കുകളെ പര്യാപ്തമാക്കുന്നതിനാണ് സിജിറ്റിഎംഎസ്ഇ കെട്ടിപ്പടുത്തിട്ടുള്ളത്.

ഇത് ഒരു ട്രസ്റ്റ് നടത്തുന്ന ഫണ്ട് ആണ്; അല്ലാതെ ഇൻഷുറൻസ് കമ്പനി അല്ല. ഈയിടെ ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളെയും (എൻബിഎഫ്സി) സിജിറ്റിഎംഎസ്ഇയുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.   ഇത്രയും പറഞ്ഞത് കൊണ്ട്, അത്രയും തുക മുഴുവൻ സിജിറ്റിഎംഎസ്ഇ ബാങ്കിന് നൽകും എന്നർഥമില്ല. വിവിധ നിബന്ധനകൾക്ക് വിധേയമായി,സൂക്ഷ്മവ്യവസായങ്ങൾ എടുത്തിട്ടുള്ള  5 ലക്ഷം വരെയുള്ള വായ്പയിൽ അടവുകുടിശിക വന്ന തുകയുടെ 85% (പരമാവധി 4.25 ലക്ഷം രൂപ) ആണ് സിജിറ്റിഎംഎസ്ഇ ബാങ്കുകൾക്ക് ഗാരന്റി നൽകുക.

5 ലക്ഷത്തിനു മുകളിൽ 50 ലക്ഷം വരെയുള്ള വായ്പകൾക്ക് (സൂക്ഷ്മവ്യവസായം) ഇത് 75 % ആയി കുറയും; പരമാവധി 37.50 ലക്ഷം. എന്നാൽ വനിതകൾ നടത്തുന്ന സംരംഭങ്ങൾക്ക് ഇത് രണ്ടും 80 ശതമാനവും 40 ലക്ഷം രൂപയുമാണ്. 50 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് കുടിശിഖയുടെ 75 ശതമാനം അഥവാ ഒന്നര കോടി ഏതാണോ ചെറുത്, അതാണ് സിജിറ്റിഎംഎസ്ഇ ഗാരന്റി നൽകുന്നത്.
ചെറുകിട വ്യാപാരികൾ ആണെങ്കിൽ പത്ത് ലക്ഷം മുതൽ ഒരു കോടി വരെയുള്ള വായ്പകൾക്ക് 50 % അഥവാ അൻപത് ലക്ഷം രൂപയാണ് ഗാരന്റി. ഒരു കോടിവരെയുള്ള വായ്‌പകൾക്ക് മാത്രമേ വ്യാപാരത്തിനാണെങ്കിൽ സിജിറ്റിഎംഎസ്ഇ ഗാരന്റി ലഭിക്കുകയുള്ളൂ.

ഇപ്രകാരം ഗാരന്റി നൽകുന്നതിന് സിജിറ്റിഎംഎസ്ഇക്ക് ബാങ്കുകൾ ഗാരന്റി ഫീസ് നൽകണം. ആദ്യവർഷം വായ്പത്തുകയുടെയും പിന്നീട് ബാക്കിനിൽക്കുന്ന തുകയുടെയും അടിസ്ഥാനത്തിൽ ഒരു ശതമാനം മുതൽ മൂന്ന് ശതമാനം വരെയാണ് ഗാരന്റി ഫീ. ഇത് വായ്പത്തുക, അതത് ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ അളവ്, സിജിറ്റിഎംഎസ്ഇയിൽനിന്ന് ഗാരന്റിത്തുക വാങ്ങുന്ന ശതമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. അതായത്, ഒരേ തുക വായ്പക്ക്, വിവിധ ബാങ്കുകളിൽ അവരുടെ കിട്ടാക്കടത്തിന്റെ അളവ്, സിജിറ്റിഎംഎസ്ഇയിൽ നിന്ന് ഗാരന്റിത്തുക വാങ്ങിക്കുന്ന ശതമാനം എന്നിവ അനുസരിച്ച് ഗാരന്റി ഫീസ് വ്യത്യസ്തമായിരിക്കും. ഈ ഫീസ് വർഷാവർഷം വായ്പക്കാരൻ വഹിക്കണം. 

അതതു വായ്പയ്ക്കു ബാധകമായ എല്ലാ കാര്യങ്ങളും ഉറപ്പു വരുത്തിയ ശേഷം അനുവദിച്ചിട്ടുള്ള വായ്പകൾക്കേ സിജിറ്റിഎംഎസ്ഇ ഗാരന്റി കിട്ടുകയുള്ളൂ. അടവ് ബാക്കി വന്ന് നിഷ്ക്രിയ ആസ്‌തി ആയ എല്ലാ വായ്പകൾക്കും സിജിറ്റിഎംഎസ്ഇ ഗാരന്റി തുക കിട്ടില്ല. വായ്പ വിതരണം നടന്ന് അല്ലെങ്കിൽ ഗാരന്റി ഫീ നൽകി 18 മാസത്തിനുശേഷമേ ഗാരന്റിത്തുക അവകാശപ്പെടാനാവൂ. അതുപോലെ, വായ്പ തിരിച്ചുപിടിക്കാൻ നിയമനടപടികൾ ആരംഭിച്ചിരിക്കുകയും വേണം. സർഫേസി നിയമപ്രകാരം നോട്ടിസ് അയച്ചാൽ അത് നിയമനടപടി ആകുന്നില്ല. വസ്തു അല്ലെങ്കിൽ ആസ്തി കൈവശപ്പെടുത്തിയതിന് ശേഷമേ ഗാരന്റിത്തുക സിജിറ്റിഎംഎസ്ഇയോട് ചോദിക്കാനാവൂ.

സിജിറ്റിഎംഎസ്ഇ ചെയ്യുന്നത് വായ്പ തിരിച്ചടയ്ക്കുകയല്ല, മറിച്ച് നിയമനടപടികളിലൂടെ വായ്പക്കാരനിൽനിന്നു തുക തിരിച്ചു പിടിക്കുന്നതുവരെ ബാങ്കുകൾക്ക് വിഭവശേഷി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി തൽക്കാലം ഗാരന്റിത്തുക നൽകുകയാണ്. അതും ആദ്യം ഗാരന്റിത്തുകയുടെ 75% മാത്രം. അതായത്, 20 ലക്ഷം രൂപ നിഷ്ക്രിയ ആസ്തിയായി ബാക്കിനിൽക്കുന്ന സൂക്ഷ്മവ്യവസായ വായ്പയ്ക്ക് ഗാരന്റി കിട്ടുന്നത് 15 ലക്ഷം രൂപയും ഗാരന്റിത്തുക 11.25 ലക്ഷം രൂപയുമാണ്.

ബാങ്കുകൾ തുടർന്നും റിക്കവറി നടപടികൾ അനുസ്യൂതം മുന്നോട്ടുകൊണ്ടുപോകുകയും തിരിച്ചുപിടിക്കുന്ന തുകയിൽ നിന്ന് ആനുപാതികമായി സിജിറ്റിഎംഎസ്ഇയ്ക്ക് തിരിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ബാക്കി 25% ലഭിക്കുന്നത് നിയമനടപടികൾ മുഴുവൻ പൂർത്തിയായിട്ടും പിരിഞ്ഞുകിട്ടാൻ തുക ബാക്കിയുണ്ടെങ്കിൽ ആണ്. അതായത്, സിജിറ്റിഎംഎസ്ഇ ഗാരന്റി ഉള്ളതുകൊണ്ട് വായ്പ തിരിച്ചടയ്‌ക്കേണ്ട എന്നർഥമില്ല. (ഹരിയാനയിലെ ഗുരുഗ്രാമത്തിൽ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ ഫാക്കൽറ്റി ബോർഡ് അംഗമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA