ADVERTISEMENT

ന്യൂഡൽഹി ∙ ചരക്ക്, സേവന നികുതി(ജിഎസ്ടി) നിരക്കുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ധനമന്ത്രാലയം ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.  ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങളുടെ അവകാശമാണെന്നും അതു നൽകുന്നതിൽ വീഴ്ചയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെയും നാണ്യപ്പെരുപ്പത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടി നൽകിയില്ല. ഊഹാപോഹങ്ങൾക്കു മറുപടി നൽകാൻ താനില്ലെന്നും ആവശ്യമായ ഇടപെടലുകളിലൂടെ നടപടിയെന്നതാണു രീതിയെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക വർഷത്തിന്റെ അടുത്ത പാദത്തിൽ വളർച്ച മെച്ചപ്പെടില്ലെന്ന റിപ്പോർട്ടുകളെക്കുറിച്ചും കോർപറേറ്റ് നികുതിയല്ല, വ്യക്തിഗത ആദായ നികുതിയാണ് കുറയ്ക്കേണ്ടതെന്ന മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ അഭിപ്രായത്തെക്കുറിച്ചും മന്ത്രി നിലപാട് വ്യക്തമാക്കിയില്ല. ജിഎസ്ടി വരുമാനം വർധിപ്പിക്കാനെന്നോണം നികുതി നിരക്കുകൾ വർധിപ്പിക്കുമെന്നും 18ന് ജിഎസ്ടി കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, പുറത്ത് ഇത്തരത്തിൽ ചർച്ചകളുണ്ടാവാമെന്നും മന്ത്രാലയം ഇക്കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഉത്തേജന നടപടികൾ നിർദ്ദേശിച്ചിട്ടുള്ളത്. പുതുതായി ഏതെങ്കിലും മേഖല ആവശ്യമുന്നയിച്ചാൽ അതു പരിഗണിക്കും. സവാളയുടെ വിലക്കയറ്റം നേരിടാൻ ഇറക്കുമതി ഉൾപ്പെടെയുള്ള നടപടികൾ ഇടയ്ക്കിടെ മന്ത്രിമാരുടെ സമിതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുന്നുണ്ട്.

മോശമായ കാലാവസ്ഥ വിളവിനെ ബാധിച്ചതാണ് പ്രശ്നമായത്. ഇപ്പോൾ പലയിടത്തും സവാളയുടെ വില കുറഞ്ഞിട്ടുണ്ട്.  സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു ശ്രദ്ധ മാറ്റാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം മന്ത്രി നിഷേധിച്ചു.  രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സ്ത്രീകളെക്കുറിച്ചു നടത്തിയ മോശമായ പരാമർശമുള്ളപ്പോൾ ശ്രദ്ധ മാറ്റാൻ താനായിട്ട് മറ്റു വിഷയങ്ങൾ കൊണ്ടുവരേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com