ADVERTISEMENT

Q- സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി 3 മാസം മാത്രമേ ബാക്കി നില്‍ക്കുന്നുള്ളൂ. ആദായ നികുതി സംബന്ധിച്ച ആസൂത്രണം മാര്‍ച്ച് മാസത്തിലേക്കു മാറ്റിവയ്ക്കാതെ ഇപ്പോഴേ ചെയ്യാമെന്ന് കരുതുന്നു. എല്ലാവരും പറയുന്നു, പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഏറ്റവും ഗുണകരമാണെന്ന്. കോടതിക്കു പോലും നിക്ഷേപ തുക ജപ്തി ചെയ്യാന്‍ സാധിക്കില്ലെന്നു പറയുന്നത് ശരിയാണോ?

A- ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ആദായ നികുതി ഇളവ് അനുവദിച്ചിട്ടുള്ള ഒരുപറ്റം അവസരങ്ങളില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെ ഗുണകരമായ മറ്റൊന്നില്ല. നിക്ഷേപിക്കുന്ന പണം, ലഭിക്കുന്ന പലിശ, പിന്‍വലിക്കുന്ന നിക്ഷേപം എന്നിങ്ങനെ മൂന്ന് തലത്തില്‍ ആദായ നികുതി ഒഴിവാക്കപ്പെട്ടിരിക്കുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്‌കീം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം അക്കൗണ്ട് ഉടമയുടെ മറ്റ് കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി കോടതി ഉത്തരവ് ഉള്‍പ്പെടെയുള്ള ജപ്തി നടപടികളില്‍ നിന്ന് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുക ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ചെറുകിട നിക്ഷേപങ്ങളെപ്പോലെ ഓരോ 3 മാസം കൂടുമ്പോഴും പബ്ലിക് പ്രോവിഡന്റ് ഫണ്ട്  അക്കൗണ്ടിലും പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക് 7.9 ശതമാനമാണ്.

അടിസ്ഥാന ഘടകങ്ങള്‍

പോസ്റ്റ് ഓഫിസുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, ചില സ്വകാര്യ ബാങ്കുകള്‍ എന്നിവയുടെ ശാഖകളില്‍ 500 രൂപയുടെ കുറഞ്ഞ നിക്ഷേപം നല്‍കി പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കാം. ഒരാള്‍ക്ക് സ്വന്തം പേരില്‍ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കുന്നുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേര് ചേര്‍ത്ത് ഒരു അക്കൗണ്ട് കൂടി തുടങ്ങാമെങ്കിലും എല്ലാ അക്കൗണ്ടുകളിലുമായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് പരമാവധി അനുവദിക്കുന്ന നിക്ഷേപം ഒന്നരലക്ഷം രൂപയാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി എങ്കിലും വട്ടമെത്തുമ്പോള്‍ അഞ്ച് കൊല്ലത്തേക്കുകൂടി ദീര്‍ഘിപ്പിക്കാം.

ഓരോ വര്‍ഷവും നിക്ഷേപത്തുക ഒന്നിച്ചോ പരമാവധി 12 മാസതവണകളായോ അടയ്ക്കാം. മുടക്കം വരുന്ന വര്‍ഷങ്ങളില്‍ ഓരോ വര്‍ഷത്തിനും 50 രൂപയുടെ പിഴ നല്‍കി അക്കൗണ്ട് തുടരാം. മൂന്നാം വര്‍ഷം മുതല്‍ ആറാം വര്‍ഷം വരെ അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ നാലിലൊന്നു വരെ ഒരു ശതമാനം പലിശയ്ക്ക് വായ്പ എടുക്കുകയുമാകാം. അക്കൗണ്ട് തുടങ്ങി ഏഴാം വര്‍ഷം മുതല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി പിപിഎഫ് അക്കൗണ്ട് മുന്‍കൂട്ടി ക്ലോസ് ചെയ്യുന്നതിനും സാധിക്കും. കാലാവധിക്കു മുമ്പ് അക്കൗണ്ട് നിര്‍ത്തലാക്കാന്‍ ഒരു ശതമാനം പിഴ പലിശ ബാധകമാകും.

സ്ഥിര നികുതി ആസൂത്രണ സംവിധാനം

അക്കൗണ്ട് തുടങ്ങി ഏഴാമത് സാമ്പത്തിക വര്‍ഷത്തില്‍ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ 50 ശതമാനം വരെ പിന്‍വലിച്ചെടുക്കാം. പിന്‍വലിച്ചെടുക്കുന്ന തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.  പിന്‍വലിക്കുന്ന തുക ഉടന്‍ തന്നെ അക്കൗണ്ടില്‍ പുനര്‍ നിക്ഷേപിച്ചാല്‍ ആ വര്‍ഷത്തെ നികുതി ഇളവിന് പരിഗണിക്കും.  6 സാമ്പത്തിക വര്‍ഷങ്ങളില്‍ പിപിഎഫ്  നിക്ഷേപം നടത്തിയാല്‍ ഏഴാമത്തെ വര്‍ഷം മുതല്‍ നികുതി ഇളവിനായി നിക്ഷേപിക്കേണ്ടി വരുന്ന തുക ഓരോ വര്‍ഷത്തേയും വരുമാനത്തില്‍ നിന്ന് കണ്ടെത്തേണ്ടി വരുന്നില്ല. തുടര്‍ന്ന് അങ്ങോട്ട് നികുതി ആസൂത്രണത്തിന്റെ ഒരു സ്ഥിര സംവിധാനമായി പിപിഎഫ് അക്കൗണ്ട് ഉപകരിക്കും.

പ്രവാസികള്‍ ക്ഷമിക്കുക

പ്രവാസികള്‍ക്ക് പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് തുടങ്ങാനാകില്ല. പ്രവാസി ആകുന്നതിന് മുമ്പ് ആരംഭിച്ചിട്ടുള്ള അക്കൗണ്ടുകള്‍ നിക്ഷേപ കാലാവധിയായ 15 കൊല്ലം വരെ  തുടരുന്നത് അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പിപിഎഫ് അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുക വിദേശ കറന്‍സിയിലേക്കു മാറ്റുന്നതും പുറം രാജ്യങ്ങളിലേക്ക് പിന്‍വലിച്ചുകൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com