ADVERTISEMENT

പുതുവർഷത്തോടൊപ്പമാണ് പുതിയ തീരുമാനങ്ങളും പുതിയ ലക്ഷ്യങ്ങളും ഉണ്ടാകാറുള്ളത്. ദിവസേന വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണ ശീലം പാലിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ മുതൽ മിച്ചംവയ്ക്കുന്ന ശീലം ഗൗരവതരമാക്കുക, റിട്ടയർമെന്റിനായി ആസൂത്രണംചെയ്യുക തുടങ്ങിയ പ്രാധാന്യമുള്ള കാര്യങ്ങളിൽ വരെ ഇങ്ങനെ തീരുമാനമെടുക്കാറുണ്ട്.

റിട്ടയർമെന്റ്

ഏറ്റവും പ്രധാനപ്പെട്ട ആദ്യ ലക്ഷ്യങ്ങളിലൊന്ന് റിട്ടയർമെന്റിനായുള്ള ആസൂത്രണമാണ്. സാമ്പത്തികമായി സുരക്ഷിതത്വം കൈവരിക്കുന്നതിനും പിൽക്കാല ജീവിതം ഭദ്രമാക്കുന്നതിനും ഏറ്റവും അനിവാര്യമാണ് ചിട്ടയായ റിട്ടയർമെന്റ് ആസൂത്രണം. നിർഭാഗ്യവശാൽ ഇതിനായി സമയം ചിലവഴിക്കാനോ ജീവിതത്തിലെ സുവർണകാലത്തെ ആവശ്യങ്ങൾക്ക്് പണം സ്വരൂപിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണത്തിന് പ്രാധാന്യം കൽപിക്കാനോ ആളുകൾ തയാറാകാറില്ല.

ജീവിതത്തിൽ ഒരാൾക്ക് സമ്പാദ്യമുണ്ടാക്കാവുന്ന കാലം പരിമിതമാണ്. റിട്ടയർമെന്റിനു ശേഷമുള്ള ജീവിതത്തിനായി ഈ കാലത്തുതന്നെ നാം പണം സ്വരൂപിക്കേണ്ടിയിരിക്കുന്നു. റിട്ടയർമെന്റിനു ശേഷമുള്ള കാലത്തെ ജീവിതത്തിൽ ഏറ്റവും പ്രധാനമായി നേരിടേണ്ടി വരുന്നത് ചികിത്സാ ച്ചെലവുകളാണ്. റിട്ടയർമെന്റിനു ശേഷം 11% ആദായം ലഭിക്കുന്ന വിധം ഒരു തുക സ്വരൂപിക്കുക എന്നത് വിരമിക്കൽ ആസൂത്രണത്തിൽ പെടുന്നു. നാണയപ്പെരുപ്പത്തെ അതിജീവിക്കുന്ന വിധമുള്ള ഒരു നിധിയായിരിക്കണം റിട്ടയർമെന്റിനായി സ്വരൂപിക്കേണ്ടത്. എത്രയും വേഗം തുടങ്ങുന്നതിനനുസരിച്ച് ഇതിനായുള്ള പ്രതിമാസ വിഹിതം കുറഞ്ഞു കിട്ടും. ഇതനുസരിച്ചുള്ള പട്ടിക ചുവടെ ചേർക്കുന്നു.

11 ശതമാനം പലിശയിൽ ഒരുകോടി സ്വരൂപിക്കുന്നതിന് വിവധ പ്രായക്കാർക്കുള്ള പ്രതിമാസ നിക്ഷേപം

Graph

നേരത്തേതന്നെ തുടങ്ങി മുടങ്ങാതെയും തുടർച്ചയായും നിക്ഷേപിക്കുക എന്നതാണു പ്രധാനം. ബാക്കിയുള്ള സർവീസ് കാലാവധിക്കനുസരിച്ചു വേണം നിക്ഷേപം ക്രമീകരിക്കേണ്ടത്. തൊഴിലിന്റെ ആദ്യഘട്ടത്തിൽ തന്നെ നിക്ഷേപം ആരംഭിക്കാൻ സാധിച്ചാൽ ഇക്വിറ്റി അധിഷ്ഠിതമായ നിക്ഷേപത്തിന് എളുപ്പം സാധിക്കും. ഇത്തരം നിക്ഷേപങ്ങൾക്കാണ് കാലം ചെല്ലുമ്പോൾ ഏറ്റവും നല്ല ലാഭം നേടിത്തരാൻ കഴിയുക. വിരമിക്കൽ ഘട്ടത്തിനടുത്തെത്തുമ്പോൾ നിക്ഷേപം സുരക്ഷിതമാക്കുകയാണു വേണ്ടത്. ഇതിനായി അപകടം കുറഞ്ഞ ഡെറ്റ് നിക്ഷേപങ്ങളിലേക്കു തിരിയേണ്ടി വരും.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം

ഒഴിവാക്കാനാവാത്ത രണ്ടാമത്തെ ലക്ഷ്യമാണ് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം. വിദേശത്താണു വിദ്യാഭ്യാസം ഉദ്ദേശിക്കുന്നതെങ്കിൽ പരിഗണിക്കേണ്ടത് 2 പ്രധാന വസ്തുതകളാണ്. നാണയപ്പെരുപ്പവും കറൻസിയുടെ മൂല്യശോഷണവും. വിദ്യാഭ്യാസ വായ്പകൾ വളരെ ചെലവു കൂടിയവയാണ്. വിദ്യാഭ്യാസ രംഗത്തെ നാണയപ്പെരുപ്പം ഇപ്പോഴത്തെ നിരക്കനുസരിച്ച് 8.5 ശതമാനമാണ്. വിദ്യാഭ്യാസച്ചെലവുകളുടെ വളർച്ചനിരക്കു പരിഗണിക്കുമ്പോൾ ഇന്ന് 5 ലക്ഷം രൂപ ചെലവു വരുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവ് 20 കൊല്ലം കഴിയുമ്പോൾ ഏകദേശം 25,56,000 രൂപ ആയി ഉയരും. 11 ശതമാനം വാർഷിക പലിശയോടെ പ്രതിമാസം വെറും 3,133 രൂപ മതി 20 വർഷത്തിനു ശേഷം ഈ തുക സ്വരൂപിക്കാൻ. ഇതിനായി ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള നിക്ഷേപത്തിന് സുരക്ഷിതമായി ഒരുമ്പെടാം.

എങ്കിലും നിക്ഷേപിച്ചു തുടങ്ങാൻ ഉണ്ടാകുന്ന കാലതാമസം പ്രതിമാസ അടവുതുക വർധിക്കാനിടയാക്കും. ലക്ഷ്യം കൈവരിക്കുന്നതിനുള്ള കാലാവധി കുറവാണെങ്കിൽ സുരക്ഷിതമായൊരു നിക്ഷേപ മാർഗം തേടേണ്ടിയിരിക്കുന്നു. അത്തരം സുരക്ഷിത നിക്ഷേപങ്ങളിൽ ലാഭവും കുറവായിരിക്കും. നേരത്തേ പറഞ്ഞ അതേ സാഹചര്യത്തിൽത്തന്നെ ലക്ഷ്യത്തിന് 5 വർഷം മുമ്പു മാത്രമാണൊരാൾ 7 ശതമാനം പ്രതിവർഷ ലാഭത്തോടെ കടപ്പത്രത്തിൽ നിക്ഷേപിച്ചു തുടങ്ങുന്നതെങ്കിൽ ഇയാളുടെ പ്രതിമാസ അടവ് 35,700 രൂപയ്ക്കടുത്തും. ഈ ലക്ഷ്യത്തിനായി പ്രതിമാസ എസ്ഐപി യിലൂടെ നേരത്തേ നിക്ഷേപിച്ചു തുടങ്ങിയാൽ ആവശ്യമായ പണം സ്വരൂപിക്കാൻ കഴിയും. ലക്ഷ്യത്തിനായുള്ള കാലാവധിയുടെ അടിസ്ഥാനത്തിൽ ഒരാൾക്ക് നികുതി കഴിഞ്ഞുള്ള ലാഭത്തിനായി അനുയോജ്യമായ നിക്ഷേപ മാർഗം തെരഞ്ഞെടുക്കാൻ സാധിക്കും.

വിദേശയാത്ര

മൂന്നാമത്തെ ലക്ഷ്യം ഇപ്പോൾ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന വിദേശ രാജ്യ അവധിക്കാല യാത്രയാണ്. ഇക്കാലത്ത്, ആളുകൾ പ്രത്യേകിച്ച് യുവജനങ്ങൾ മിക്കപ്പോഴും അവധിയെടുത്തു വിദേശയാത്ര നടത്താൻ ഇഷ്ടപ്പെടുന്നു. ഇതൊരു ആഡംബര ലക്ഷ്യമാകയാൽ ഇതിനായുള്ള കാലാവധിയും ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. അവധിക്കാലയാത്രകൾക്കായി പണം സ്വരൂപിക്കുന്നതിന് രണ്ടു മാർഗങ്ങളുണ്ട്.
ഏകദേശം 16,66,000 രൂപ 6 ശതമാനം പലിശ നിരക്കിൽ മൊത്തമായി നിക്ഷേപിക്കാൻ കഴിഞ്ഞാൽ മുതലിന് കേടൊന്നും പറ്റാതെ പ്രതിവർഷം 1,00,000 രൂപ സ്വരൂപിക്കാൻ കഴിയും. ഇത് എല്ലാവർക്കും സാധ്യമാകണമെന്നില്ല.

അവധിക്കാല യാത്രകൾക്കു പണം സ്വരൂപിക്കുന്നതിനായി പ്രതിമാസ നിക്ഷേപവും സാധ്യമാണ്. സാധാരണയായി ഇത്തരം ലക്ഷ്യങ്ങൾ ഹ്രസ്വകാല പരിധിയിലായതിനാൽ കൂടുതൽ സുരക്ഷിതവും നല്ല ലാഭം നൽകുന്നതുമായ നിക്ഷേപമാർഗങ്ങൾ വേണം സ്വീകരിക്കാൻ. ഒരാൾക്ക് 20,00,000 രൂപ സ്വരൂപിക്കണമെന്നുണ്ടെങ്കിൽ 7 ശതമാനം പലിശ ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയിൽ 3 വർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം നിക്ഷേപിച്ചാൽ മതി. കൂടുതൽ തുക ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിൽ കുറച്ചു കൂടി സാഹസികമായ നിക്ഷേപത്തിന് തയാറായാൽ കൂടുതൽ വേഗത്തിൽ പണം ലഭിക്കും. ഉദ്ദേശിച്ച തുക പ്രതീക്ഷിച്ച സമയത്ത് ലഭ്യമാകാതെ വരുന്ന അസാധാരണ സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, ഇതൊരു അവശ്യ ലക്ഷ്യം അല്ലാത്തതിനാൽ സമയപരിധി ഒരു വർഷത്തേക്കു നീട്ടിവയ്ക്കാവുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com