ADVERTISEMENT

ആലുവ∙ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്) ആലുവ ശാഖയിൽ 5.38 കോടി രൂപയുടെ തട്ടിപ്പു പുറത്തുവന്നതോടെ ചിറ്റാളന്മാരും നിക്ഷേപകരും ആശങ്കയിലാണ്. കെഎസ്എഫ്ഇ തകരുമോ, നിക്ഷേപം സുരക്ഷിതമാണോ, പുതിയ ചിട്ടിയിൽ ചേർന്നാൽ ബുദ്ധിമുട്ടാകുമോ, നിലവിലുള്ളതിൽ പണം അടയ്ക്കണോ തുടങ്ങി ഒട്ടേറെ സംശയങ്ങൾ. ഉത്തരം ഒന്നേയുള്ളൂ:

കെഎസ്എഫ്ഇ ഇപ്പോഴും വിശ്വസ്തതയുടെ പര്യായം തന്നെ. അതിന് ഒരു തകർച്ചയും സംഭവിച്ചിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ സംസ്ഥാന സർക്കാർ വായ്പയ്ക്ക് ആശ്രയിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണിത്. എല്ലാ ചിട്ടികൾക്കും സർക്കാർ ഗ്യാരന്റിയുണ്ട്. കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 50,000 കോടി രൂപയിലേറെ. എത്ര കോടി രൂപയുടെ ചിട്ടിയുണ്ടോ അത്രയും തുക കെഎസ്എഫ്ഇക്കു ട്രഷറി നിക്ഷേപവുമുണ്ട്.

 കബളിപ്പിച്ചത് ഇടനിലക്കാർ


കെഎസ്എഫ്ഇയ്ക്കു പുറത്തുള്ള ചിലരെ വിശ്വസിച്ച്, വേണ്ടത്ര അന്വേഷണം കൂടാതെ ഭൂമി പണയപ്പെടുത്തിയവരാണ് ആലുവയിൽ കബളിപ്പിക്കപ്പെട്ടത്. സ്ഥലം ഉടമകളെ ഇതു ബോധ്യപ്പെടുത്താതെ ഇടനിലക്കാർക്കു സഹായകര‌മായ നിലപാടു സ്വീകരിച്ചതാണ് ജീവനക്കാരുടെ വീഴ്ച. തട്ടിയെടുത്ത തുകയുടെ പതിന്മടങ്ങു മൂല്യമുള്ള ഭൂമി ഈടുള്ളതിനാൽ കെഎസ്എഫ്ഇക്ക് ഈ ഇടപാടിലും പണം നഷ്ടപ്പെടില്ല. റവന്യു റിക്കവറിയിലൂടെ വീണ്ടെടുക്കാം.

 ഏജന്റുമാരെന്ന   വ്യാജേന തട്ടിപ്പ്

കെഎസ്എഫ്ഇ ശാഖയിൽ തട്ടിപ്പു നടത്തിയ 2 ഇടനിലക്കാരും സ്ഥാപനത്തിന്റെ ഏജന്റുമാരല്ല. എന്നാൽ, ഏജന്റുമാരെന്ന വ്യാജേനയാണ് ഇവർ ആളുകളെ സമീപിച്ചു വീടു പണിക്കു വായ്പ ശരിയാക്കാമെന്നു പറഞ്ഞിരുന്നത്. വിവിധ ശാഖകളിൽ പല പേരുകളിൽ ചിട്ടി ചേർന്ന ശേഷം ആവശ്യക്കാർക്ക് അവരുടെ തന്നെ വസ്തു ഈടുവയ്പിച്ച് വായ്പ എടുത്തു നൽകിയായിരുന്നു തട്ടിപ്പ്. ആലുവയിൽ മാത്രം ഇവർ ചേർന്നതു 198 ചിട്ടികൾ.

ചിട്ടിയിൽ ചേർന്നു 3 തവണ (5 ശതമാനം) അടച്ചാൽ സലയുടെ 50 ശതമാനം തുക വായ്പ ലഭിക്കും. നറുക്കെടുപ്പിൽ അടിച്ചാൽ 70 ശതമാനം കിട്ടും. സ്ഥലം ഉടമയ്ക്കു ചിട്ടിത്തുകയുടെ നാലിലൊന്നു നൽകിയ ശേഷം ബാക്കി സ്വന്തം കീശയിലിടുകയാണ് ഇടനിലക്കാരുടെ രീതി. തുക ഗഡുക്കളായേ നൽകൂ.

വേറെ ചിട്ടികൾക്ക് ഇതേ വസ്തു ജാമ്യം വയ്ക്കാൻ അവരെക്കൊണ്ട് ഒപ്പിടുവിക്കാൻ വേണ്ടിയാണിത്. റവന്യു റിക്കവറി നടപടി വരുമ്പോൾ മാത്രമാണ് സ്ഥലം ഉടമ ചതി മനസ്സിലാക്കുക. കെഎസ്എഫ്ഇയിൽ ആർആർ നടപടിക്കു കാലതാമസം കൂടുതലായതിനാൽ അപ്പോഴേയ്ക്കും വർഷങ്ങൾ കടന്നുപോകും. ഈ കാലതാമസവും ഇടനിലക്കാർക്ക് അനുകൂല ഘടകമായി.

 പ്രോത്സാഹനത്തിന്റെ രഹസ്യം

ഏജന്റുമാർ അല്ലെങ്കിലും ഇടനിലക്കാർക്കു ജില്ലയ്ക്കകത്തും പുറത്തുമുള്ള കെഎസ്എഫ്ഇ ശാഖകളിൽ നല്ല സ്വാധീന‌മാണ്. ഏതെങ്കിലും ചിട്ടിയിൽ ആൾ തികയാതെ വന്നാൽ ഇവരോടു പറഞ്ഞാൽ എണ്ണം തികയ്ക്കാനാകും എന്നതാണ് കാരണം. വായ്പകളുടെ തിരിച്ചടവു മുടങ്ങിയിട്ടും ഇവർ കൂടുതൽ ചിട്ടികളിൽ ചേരുന്നതിനെ ഭൂരിഭാഗം മാനേജർമാരും എതിർക്കാതിരുന്നതും അതുകൊണ്ടുതന്നെ.

ചിട്ടിക്കു ജാമ്യമായി ഭൂമി പണയപ്പെടുത്തുന്നവരെ ചിട്ടി അവരുടെ പേരിൽ അല്ലെന്നും വസ്തുവിൽ എത്ര രൂപയുടെ ബാധ്യതയുണ്ടെന്നും ബോധ്യപ്പെടുത്തണമെന്ന നിർദേശവും പല ശാഖകളിലും മാനേജർമാർ പാലിച്ചില്ല. ഒരു വസ്തു രണ്ടാമതൊരു ചിട്ടിക്കു ജാമ്യം വയ്ക്കുകയാണെങ്കിൽ ബാധ്യത സംബന്ധിച്ച എല്ലാ വിവര‌ങ്ങളും ഉടമയെ പറഞ്ഞു മനസ്സിലാക്കി മലയാളത്തിൽ എഴുതി ഒപ്പിട്ടു വാങ്ങണമെന്ന നിർദേശവും നടപ്പായില്ല.

ഇത്രയും ശ്രദ്ധിച്ചാൽ തട്ടിപ്പു തടയാം

∙ കെഎസ്എഫ്ഇ ചിട്ടിയിൽ ഓഫിസിൽ നേരിട്ടോ അംഗീകൃത ഏജന്റുമാർ മുഖേനയോ മാത്രമേ ചേരാവൂ. ശാഖയിൽ അന്വേഷിച്ച് ഏജന്റുമാരുടെ വിശ്വാസ്യത ഉറപ്പു വരുത്തണം. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികൾക്ക് ഓൺലൈനായി ചിട്ടിയിൽ ചേരാൻ സൗകര്യമുണ്ട്.
∙ ചിട്ടി പാസ് ബുക്ക് സ്വന്തം പേരിലാണോ എന്നു നോക്കുക. അതു കൈവശം സൂക്ഷിക്കണം. ചിട്ടിയുടെ പാസ് ബുക്ക് ജാമ്യം വച്ചാലും നിശ്ചിത ശതമാനം വായ്പ കിട്ടും.


∙ തവണ സംഖ്യ കഴിവതും ചെക്കായി നൽകുക. ഏജന്റുമാരുടെ പക്കൽ പണമായും നൽകാം. രണ്ടിനും കെഎസ്എഫ്ഇയുടെ രസീതു വാങ്ങണം. ചിറ്റാളന്മാർക്കു നൽകാനുള്ള രസീതുകൾ ഏജന്റുമാരുടെ പക്കൽ നൽകിയിട്ടുണ്ട്. ചെക്കും പണവും ഓഫിസിൽ ലഭിച്ചാൽ ചിറ്റാളന്റെ മൊബൈൽ ഫോണിൽ സന്ദേശമെത്തും.

∙ ചിട്ടിയിൽ ആളുകളെ കാൻവാസ് ചെയ്യാനും തവണ സംഖ്യ രസീതു നൽകി കൈപ്പറ്റാനും മാത്രമേ ഏജന്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ളൂ. മറ്റു കാര്യങ്ങളെല്ലാം ശാഖയിൽ നേരിട്ടു നടത്തണം.

∙ ഭൂമി ഈടു നൽകി എടുക്കുന്ന തുക, പലിശ, മൊത്തം ബാധ്യത എന്നിവ മാനേജരോടു കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. ഒരു വസ്തു രണ്ടാമതൊരു ചിട്ടിക്കോ വായ്പയ്ക്കോ ജാമ്യമായി നൽകുമ്പോൾ അതിനുണ്ടാകുന്ന ബാധ്യതകളുടെ പൂർണ വിവരങ്ങൾ മലയാളത്തിൽ എഴുതി ശാഖ മാനേജർ ചിറ്റാളനെക്കൊണ്ട് ഒപ്പിടുവിക്കണമെന്നാണ് വ്യവസ്ഥ. അതിന്റെ പകർപ്പ് ചോദിച്ചു വാങ്ങണം.

∙ ‘ജനങ്ങളുടെ പണമാണ് നമ്മുടെ ശമ്പളം, അവരോടു മുഖം കറുപ്പിക്കരുത്’–കെഎസ്എഫ്ഇ മാനേജ്മെന്റ് ജീവനക്കാർക്കു നൽകിയിട്ടുള്ള പ്രധാന നിർദേശങ്ങളിൽ ഒന്നാണിത്. അതിനാൽ ഏതു കാര്യത്തിനും ശാഖ മാനേജരെ നേരിട്ടോ ഫോണിലോ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.

കെഎസ്എഫ്ഇ 2019ലെ സ്ഥിതി

 പ്രതിമാസ സല 2,000 കോടി രൂപ  വാർഷിക ചിട്ടി വിറ്റുവരവ് 24,000 കോടി രൂപ  വായ്പകൾ അടക്കമുള്ള മൊത്തം വാർഷിക വിറ്റുവരവ് 50,000 കോടി രൂപ  ശാഖകൾ 578  സ്ഥിരം ജീവനക്കാർ 7,500  ഡോർ കലക്‌ഷൻ/കാൻവാസിങ് ഏജന്റുമാർ 10,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com