ADVERTISEMENT

വികസിതമായ അടിസ്ഥാന സൗകര്യങ്ങൾ വ്യവസായ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിൽ പല ഏജൻസികൾ സർക്കാരിന്റെ കീഴിൽ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.  വ്യവസായ വാണിജ്യ വകുപ്പ് നേരിട്ടും കൂടാതെ കിൻഫ്ര, കെഎസ്ഐഡ‍ിസി, ഇൻകെൽ, സിഡ്കോ എന്നിവ വഴിയും വികസിതമായ ഭൂമിയും ഷെഡും വ്യവസായികൾക്കു നൽകുവരുന്നുണ്ട്.

എന്നാൽ ഇതൊന്നും പര്യാപ്തമല്ല. ഈ രംഗത്തുള്ള ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നു വിലയിരുത്തി സ്വകാര്യ മേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

15–25 ഏക്കർ മതിയാകും

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ (Private Industrial Estate- PIE) ആരംഭിക്കുന്നതിന് മുനിസിപ്പാലിറ്റി/കോർപറേഷൻ പ്രദേശങ്ങളിൽ 15 ഏക്കറും പഞ്ചായത്ത് പ്രദേശത്ത് 25 ഏക്കറുമാണ് കുറഞ്ഞതു വേണ്ടത്. നെൽവയലുകൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾ, തീരദേശ നിയമത്തിൽ നിയന്ത്രണമുള്ള മേഖലകൾ എന്നിവ തിരഞ്ഞെടുക്കാൻ പാടില്ല.

റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയണം. കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിധേയമായിട്ടായിരിക്കും അനുമതി. കേരളത്തിലെ 1963 ലെ ഭൂപരിഷ്കരണ നിയന്ത്രണം ഇവിടെ ബാധകമാകില്ല. നിലവിലുള്ള  കേരള ഏകജാലക വ്യവസായ ടൗൺഷിപ്പ്  ഏരിയാ വികസന ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കും.

അപേക്ഷ ഇപ്പോൾ

സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ കിൻഫ്രയ്ക്ക് നിശ്ചിത ഫോമിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഇപ്പോൾ അപേക്ഷ സമർപ്പിക്കണം. വ്യവസായം, ധനം, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,

ജലം, പവർ, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാർ അടങ്ങിയ കമ്മിറ്റി അപേക്ഷ പരിശോധിച്ച് പെർമിറ്റ് അനുവദിക്കും. ലിമിറ്റഡ് കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, ചാരിറ്റബിൾ സംഘടനകൾ, പങ്കാളിത്ത സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ഉൽപാദനം, സേവനം, ചരക്കുനീക്കം, ചരക്കുസംഭരണം എന്നിവ നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com