ADVERTISEMENT

തിരുവനന്തപുരം∙ വരുന്ന സംസ്ഥാന ബജറ്റിൽ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും വർധിപ്പിക്കില്ലെന്ന സൂചന നൽകി മന്ത്രി തോമസ് ഐസക്. ബജറ്റിനു മുന്നോടിയായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗത്തിലാണു മന്ത്രി നിലപാടു വ്യക്തമാക്കിയത്.57 ലക്ഷം പേർ പ്രതിമാസം 1200 രൂപ വീതം പെൻഷൻ വാങ്ങുന്നുണ്ട്. ഓരോ ബജറ്റിലും 100 രൂപ വീതം പെൻഷൻ വർധിപ്പിക്കണമെന്നാണു സർക്കാരിന്റെ പൊതു നിലപാട്. 2018-19 ബജറ്റിൽ 100 രൂപ കൂട്ടിയിരുന്നില്ല. എന്നാൽ, കഴി‍ഞ്ഞ ബജറ്റിൽ വർധിപ്പിച്ചു.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ക്രിസ്മസിനു നൽകേണ്ട 3 മാസത്തെ പെൻഷൻ 2 മാസത്തേക്കാക്കി കുറച്ചിരുന്നു. പെൻഷൻ, തൊഴിലുറപ്പ് വേതനം, കൃഷിക്കാർക്കുള്ള അനുകൂല്യങ്ങൾ, റബർ സബ്സിഡി തുടങ്ങി മുടങ്ങിക്കിടക്കുന്ന ഒട്ടേറെ ബാധ്യതകൾ പൂർത്തിയാക്കുന്നതിനാണ് ഇനി മുൻഗണനയെന്നും ഐസക് യോഗത്തിൽ വ്യക്തമാക്കി. മദ്യ നികുതി വർധിപ്പിക്കുന്നതിനു പകരം മദ്യവിൽപന ശാലകളുടെ സൗകര്യം വർധിപ്പിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. നെൽവയലുകൾ കരഭൂമിയാക്കി മാറ്റുന്നതിനുള്ള ഫീസ് വർധിപ്പിച്ചേക്കും.

സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്താനും ആലോചനയുണ്ട്. മിക്ക എയ്ഡഡ് സ്കൂളുകളും സർക്കാരിനെ അറിയിക്കാതെയാണു തസ്തിക സൃഷ്ടിക്കുന്നത്. 30 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് അനുപാതം. ഒരു കുട്ടി കൂടിയാൽ പോലും പുതിയ തസ്തിക സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ 4 വർഷത്തിനിടെ 30,000 തസ്തിക ഇങ്ങനെ സൃഷ്ടിച്ചതായാണു പ്രാഥമിക പരിശോധനയിൽ മനസ്സിലാക്കിയത്.

അധികമുള്ള സർക്കാർ ഉദ്യോഗസ്ഥരെ മറ്റു വകുപ്പികളിലേക്കു പുനർവിന്യസിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം 5 വർഷത്തിലൊരിക്കലെന്നതു തുടരും. എക്സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാൻ പബ്ബുകൾ ആരംഭിക്കുന്നത് അടക്കമുള്ള സാധ്യത തേടുന്നതിൽ തെറ്റില്ല. പുഴകളിലെയും ഡാമുകളിലെയും മണൽ ഖനനം ചെയ്തു നികുതിയേതര വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. സർക്കാരിന്റെ ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്നും ബോർഡുകളും കോർപറേഷനുമൊക്കെ ഒരു കുടക്കീഴിലാക്കി അനാവശ്യ നിയമനങ്ങൾ ഒഴിവാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com