ADVERTISEMENT

കേന്ദ്ര ബജറ്റ് ശനിയാഴ്ച. ഗൗരവമുള്ള സാമ്പത്തികരേഖയാണെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട കൗതുകങ്ങളേറെയാണ്. അത്തരം വിശേഷങ്ങളിലൂടെ...

കഴിഞ്ഞ ജൂലൈ നാലിനു ഡൽഹി റെയ്‌സിന ഹിൽസിലെ നോർത്ത് ബ്‌ളോക് ഓഫിസിൽനിന്നു പാർലമെന്റിലേക്കു തിരിക്കുമ്പോൾ ധനമന്ത്രി നിർമല സീതാരാമന്റെ കയ്യിലുണ്ടായിരുന്ന ചുവന്ന പട്ടിന്റെ പൊതിക്കു ലഭിച്ചതു വലിയ വാർത്താപ്രാധാന്യം.ചില പ്രദേശങ്ങളിലെ പരമ്പരാഗത കച്ചവടക്കാർ ലെഡ്‌ജറും ജേണലുമൊക്കയടങ്ങുന്ന കണക്കുബുക്കു ശേഖരം സൂക്ഷിക്കാൻ തുണി നാലായി മടക്കിക്കെട്ടിയുണ്ടാക്കുന്ന പൊതി പോലുള്ള ആ സഞ്ചിക്കുണ്ടായിരുന്ന വ്യത്യാസം അതിന്മേൽ അശോകസ്‌തംഭത്തിന്റെ ചിത്രം ആലേഖനം ചെയ്‌തിരുന്നു എന്നതു മാത്രമാണ്.  നിർമലയുടെ ബജറ്റ് പ്രസംഗമായിരുന്നു പട്ടുസഞ്ചിയിൽ. പെട്ടിയിൽ പ്രസംഗവുമായി എത്തിയിരുന്ന സകല മുൻ ധന മന്ത്രിമാരിൽനിന്നും അങ്ങനെ നിർമല വ്യത്യസ്‌തയായി.

ബജറ്റ് പ്രസംഗം പെട്ടിയിലാക്കി ധന മന്ത്രി പാർലമെന്റിൽ എത്തുന്ന പതിവിനു തുടക്കമായതു ബ്രിട്ടനിലാണ്. അതുകൊണ്ടാണു പെട്ടി വേണ്ടെന്നുവച്ചു നിർമല ഭാരതീയ പാരമ്പര്യപ്രകാരമുള്ള പട്ടുസഞ്ചി സ്വീകരിച്ചത്.ബ്രിട്ടനിൽ ധന മന്ത്രിയായിരുന്ന വില്യം ഈവർട് ഗ്‌ളാഡ്‌സ്‌റ്റൻ 1860ലെ ബജറ്റ് പ്രസംഗം തയാറാക്കിയപ്പോൾ പേജുകളുടെ എണ്ണം കുറച്ചൊന്നുമല്ലായിരുന്നു. അവ കയ്യിൽ അടുക്കിപ്പിടിക്കാൻ പ്രയാസമായതുകൊണ്ട് അദ്ദേഹം ഒരു തടിപ്പെട്ടി തരപ്പെടുത്തി. പകിട്ടു പോരെന്നു തോന്നിയതിനാലാവാം പെട്ടിക്കു ചുവന്ന തുകലിന്റെ ആവരണവുമിട്ടാണു ഗ്‌ളാഡ്‌സ്‌റ്റൻ പാർലമെന്റിലെത്തിയത്.

‘ഗ്‌ളാഡ്‌സ്‌റ്റൻ പെട്ടി’ എന്ന പേരു വീണ അതേ ബജറ്റ് പെട്ടി പിന്നാലെവന്ന ധന മന്ത്രിമാരിലേക്കു കൈമാറിപ്പോന്നു. കാലപ്പഴക്കംകൊണ്ടു കോലംകെട്ടുപോയ ആ പെട്ടി ഉപേക്ഷിച്ച് അതേ നിറത്തിലുള്ള പുത്തനൊന്ന് ഉപയോഗിച്ചുതുടങ്ങിയതു 2010ൽ ജോർജ് ഓസ്‌ബോൺ ധന മന്ത്രിയായപ്പോഴാണ്. ‘ലണ്ടൻ ഈവ്‌നിങ് സ്‌റ്റാൻഡാർഡ്’ എന്ന പത്രത്തിന്റെ എഡിറ്റർ എന്ന നിലയിലും അറിയപ്പെടുന്ന  ഓസ്‌ബോൺ പഴയ പെട്ടി മ്യൂസിയത്തിനു കൈമാറി.

സ്വതന്ത്രരാജ്യമായി മാറിയിട്ടും പല ബ്രിട്ടീഷ് രീതികളും കൈവിടാൻ ഇന്ത്യ മടിച്ചു. അതിലൊന്നാണ് ഇന്ത്യൻ ധന മന്ത്രിമാർ ബജറ്റ് ദിവസം പാർലമെന്റിലേക്കു കൊണ്ടുവന്നിരുന്ന പെട്ടി. ഇടക്കാല ബജറ്റായി ആദ്യ ബജറ്റ് അവതരിപ്പിക്കേണ്ടിവന്ന ഷണ്മുഖം ചെട്ടി മുതൽ ഏറ്റവും അവസാനം ഇടക്കാല ബജറ്റ് അവതരിപ്പിച്ച പിയൂഷ് ഗോയൽ വരെയുള്ളവർ കയ്യിൽ പെട്ടി കരുതി. ബ്രിട്ടനിലെപ്പോലെ ഒരേ പെട്ടിതന്നെയായിരുന്നില്ലെന്നു മാത്രം.

അരുൺ ജയ്‌റ്റ്‌ലിയുടെ ബജറ്റ് പെട്ടിക്കു നിറം തുകലിന്റേതുതന്നെയായിരുന്നു. ചിദംബരത്തിന്റേതു ചുവന്ന തുകൽപ്പെട്ടി. ‘ഗ്‌ളാഡ്‌സ്‌റ്റൻ പെട്ടി’യുടെ അതേ മാതൃകയിലുള്ളതെങ്കിലും കറുത്ത പെട്ടിയിലാണു മൻമോഹൻ സിങ് ബജറ്റ് കൊണ്ടുവന്നത്. യശ്വന്ത് സിൻഹയുടെ ബജറ്റ് പെട്ടിക്കു നികുതികൾക്കു മേൽ സെസ് എന്ന പോലെ ബക്കിളുകളും സ്‌ട്രാപ്പും കൂടിയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com