ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന തീരദേശ പരിപാലന പ്ലാൻ മാർച്ച് 31നു മുൻപു തയാറാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാകില്ല. സർക്കാർ ചുമതലപ്പെടുത്തിയ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിനു (എൻസെസ്) പ്ലാൻ തയാറാക്കാൻ വില്ലേജ് അടിസ്ഥാനത്തിലുള്ള സെൻസസ് ഉൾപ്പെടെയുള്ള രേഖകൾ നൽകിയിട്ടില്ല. പ്ലാൻ തയാറാക്കാനുള്ള ചെലവുകൾക്കായി ആദ്യ ഗഡു നൽകിയതു കഴിഞ്ഞ മാസം 23ന്. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഇന്റർവ്യൂ എൻസെസ് നടത്തിയത് ഇന്നലെ. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്ലാൻ തയാറാക്കാൻ ചുരുങ്ങിയത് 6 മാസം വേണ്ടിവരും.

6 ആഴ്ചയ്ക്കുള്ളിൽ തീര പരിപാലനച്ചട്ടം ലംഘിച്ച കെട്ടിടങ്ങളുടെ കണക്കു സമർപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം സർക്കാർ എങ്ങനെ പാലിക്കുമെന്നു കണ്ടറിയണം. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ തീരവാസികളുടെ ആശങ്ക നീളുമെന്നു വ്യക്തം. സുപ്രീംകോടതി വിമർശനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണു മാർച്ച് 31നകം പ്ലാൻ തയാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്. എൻസെസിനു വിദഗ്ധരെയും മറ്റു സൗകര്യങ്ങളും നൽകണമെന്നും നിർദേശിച്ചു. എന്നാൽ, 10 ജില്ലകളിലെ തീര മേഖലകളിൽ നേരിട്ടു പരിശോധന നടത്തി പ്ലാൻ തയാറാക്കാൻ ഈ സമയം മതിയാകില്ലെന്ന യാഥാർഥ്യം യോഗം പരിഗണിച്ചില്ല.

സർക്കാർ സഹായം ലഭിക്കും മുൻപുതന്നെ എൻസെസ് നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്ലാൻ തയാറാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതു പൂർത്തിയാക്കണമെങ്കിൽ പോലും ഇനിയും സമയം വേണം. 20000 ലേറെ കെട്ടിടങ്ങൾ നിയമം ലംഘിക്കുന്നവയാണെന്നു നേരത്തെ കണ്ടെത്തിയതാണ്. 2011ലെ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. പുതിയ വിജ്ഞാപനപ്രകാരം നിർമാണങ്ങൾക്കു തീരത്തു നിന്നുള്ള ദൂരപരിധി കുറച്ചതിനാൽ ഒട്ടേറെ കെട്ടിടങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാനാകും.

കടമ്പകൾ ഏറെ: തീരപരിപാലന പ്ലാനിന്റെ കരടുരേഖ തയാറാക്കി ചെന്നൈ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ അംഗീകാരം വാങ്ങണം. ശേഷം പഞ്ചായത്തു തലത്തിൽ ഹിയറിങ് നടത്തി ആവശ്യമെങ്കിൽ വീണ്ടും സ്ഥലപരിശോധന നടത്തി പരാതികൾ പരിഹരിച്ച് അന്തിമ പ്ലാൻ തയാറാക്കണം. ഇതിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം.

ആദ്യ പ്ലാനിന് 6 വർഷം: കേന്ദ്ര സർക്കാരിന്റെ 2011ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തീരദേശ പരിപാലന പ്ലാൻ തയാറാക്കാൻ 6 വർഷമെടുത്തു. എൻസെസ് 2017 നവംബറിലാണ് പ്ലാനിന്റെ കരട് സമർപ്പിച്ചത്. ഇതിന് അന്തിമ അംഗീകാരം ലഭിച്ചതാകട്ടെ 2019 ഫെബ്രുവരിയിലും. ആദ്യ പ്ലാനിനായി കെഡസ്റ്റൽ ഭൂപടം ഉൾപ്പെടെ തയാറാക്കിയതിനാൽ ഇത്തവണ പണി കുറയും. ആദ്യ പ്ലാൻ തയാറാക്കിയതിന്റെ കുടിശികത്തുകയായ 38 ലക്ഷം രൂപ കഴിഞ്ഞ മാസമാണു സർക്കാർ കൊടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com