ADVERTISEMENT

Q- കുട്ടികളെല്ലാം മറ്റു സ്ഥലങ്ങളിൽ വേറെ താമസിക്കുന്ന റിട്ടയർ ചെയ്ത ദമ്പതികളുടെ കുടുംബമാണ്. കാർ വാങ്ങി അത്യാവശ്യ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഒരു വർഷം ശരാശരി 10,000 കിലോമീറ്റർ വരെ ഓടും. അയൽവാസിക്കും ഉണ്ട് ഇതേ മോഡൽ കാർ. അത് വർഷം 1,00,000 കിലോമീറ്ററാണ് ഓടുന്നത്. 2 കാറുകൾക്കും കോംപ്രിഹെൻസീവ് ഇൻഷുറൻസിനായി അടയ്ക്കുന്നത് ഒരേ തുക. 10,000 കിലോമീറ്റർ മാത്രം ഓടുന്ന പെൻഷൻകാരും മുതിർന്ന പൗരന്മാരുമായ ഞങ്ങളിൽനിന്നും ഇത്രയും വലിയ തുക ഇൻഷുറൻസ് പ്രീമിയമായി വാങ്ങുന്നത് അന്യായമല്ലേ? എന്തെങ്കിലും പരിഹാരമുണ്ടോ?

A- വാഹനങ്ങളുടെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ജനറൽ ഇൻഷുറൻസ് മേഖലയിൽ റെഗുലേറ്ററി സാൻഡ് ബോക്സ് എന്നൊരു സമീപനം ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്നിരിക്കുകയാണ്. കടുംപിടിത്ത നിബന്ധനകളും മുട്ടാപ്പോക്ക് ന്യായങ്ങളും ഒഴിവാക്കി പോളിസികൾ ജനസൗഹൃദമാക്കും. നൂതന പോളിസികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കും. സാൻഡ് ബോക്സ് നയപ്രകാരം പല കമ്പനികളും ഓട്ടത്തിനനുസരിച്ചു പ്രീമിയം വാങ്ങാവുന്ന തരത്തിൽ വാഹന ഇൻഷുറൻസ് പോളിസികൾ തയാറാക്കിയിട്ടുണ്ട്. ഐആർഡിഎഐ അംഗീകരിച്ച പോളിസികൾ പ്രകാരം കുറച്ച് ഓട്ടം മാത്രമുള്ള വാഹനങ്ങൾക്ക് കുറഞ്ഞ പ്രീമിയം നൽകി വാഹന പോളിസികൾ വാങ്ങിയെടുക്കാം.

 സമയം ദൂരത്തിനു വഴിമാറുന്നു

വാഹന ഇൻഷുറൻസ് പോളിസികളിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പരിഷ്ക്കാരങ്ങൾ പ്രധാനമായും പോളിസിയുടെ കാലാവധി സംബന്ധിച്ചുള്ളവയായിരുന്നു. ഒരു വർഷ കാലാവധിക്കുള്ള പോളിസികൾ ദീർഘകാല പോളിസികളാക്കിയിരുന്നു. ഒരു വർഷത്തെ പ്രിമീയം അടയ്ക്കുന്നതിനു പകരം മാസംതോറും തവണകളായി അടയ്ക്കാവുന്ന പോളിസികളും നിലവിൽ വന്നു. വാഹനം ഓടുന്ന ദൂരമായിരിക്കണം വാഹന ഇൻഷുറൻസിന്റെ പ്രാഥമിക അടിസ്ഥാനമെന്ന തിരിച്ചറിവാണ് പുതിയ പോളിസികൾക്ക് പിന്നിലെ കാരണം. സ്വകാര്യ കാറുകൾക്ക് ഓടിക്കുന്നതനുസരിച്ച് പ്രിമീയം ഈടാക്കുന്നതിന് ഐസിഐസിഐ ലൊംബാർഡ്, ഭരതി ആക്സാ ജനറൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികൾ നിലവിലുള്ള പോളിസികളിൽ മാറ്റം വരുത്തുന്നതിനായി സമർപ്പിച്ച പോളിസികളാണ് ഐആർഡിഎഐ അംഗീകരിച്ചിരിക്കുന്നത്.

 പുതിയ ഘടന

വാഹന ഇൻഷുറൻസ് പോളിസികളിൽ നിർബന്ധിത തേർഡ് പാർട്ടി കവറേജിന് അടയ്ക്കേണ്ടി വരുന്ന പ്രീമിയം എല്ലാവർക്കും ഒരുപോലെ ആയിരിക്കും. ഇതോടൊപ്പം വ്യക്തിഗത അപകടങ്ങളിൽ പരിരക്ഷ നൽകുന്ന ഭാഗവും നിയമപരമായി നിർബന്ധമാണ്. പ്രീമിയം തുക മാനദണ്ഡപ്രകാരം നിശ്ചയിക്കുന്നതിനാൽ മാറ്റങ്ങളുണ്ടാകില്ല. ഇതിനു മുകളിൽ വാഹനത്തിനു പറ്റാവുന്ന കഷ്ടനഷ്ടങ്ങൾക്ക് എടുക്കുന്ന ഓൺ ഡാമേജ് ഭാഗം കൂടി വരുമ്പോഴാണ് വാഹന ഇൻഷുറൻസ് പോളിസി കോംപ്രിഹെൻസീവ് ആകുന്നത്. ഓൺ ഡാമേജ് പരിരക്ഷയ്ക്ക്, വാഹനം ഓടുമെന്നു പ്രതീക്ഷിക്കുന്ന കിലോമീറ്റർ സ്ലാബുകൾ അനുസരിച്ച് പ്രീമിയ തുക വ്യത്യാസപ്പെടുന്ന പോളിസികളാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. ഒരു വർഷം 10,000 കിലോമീറ്റർ വരെ മാത്രം ഓടുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങൾക്ക് നൽകേണ്ടുന്ന പ്രീമിയം തുകയേക്കാൾ കാൽ ഭാഗം മുതൽ പകുതി വരെ കുറവായിരിക്കും.'

 സാങ്കേതിക വിദ്യ  സഹായിക്കും


പോളിസി എടുക്കുമ്പോൾ വാഹനം ഓടിക്കാൻ ഉദ്ദേശിക്കുന്ന ദൂരമെത്രയെന്ന് മുൻകൂട്ടി നിശ്ചയിച്ച് പ്രീമിയം കണക്കാക്കാം. പോളിസിയിൽ വാഹനത്തിന്റെ ഓഡോ മീറ്ററിൽ കാണിക്കുന്ന കിലോമീറ്റർ രേഖപ്പെടുത്തുന്നു. ക്ലെയിം ഉണ്ടാകുമ്പോൾ എത്ര ദൂരം വാഹനം ഓടിയെന്നത് കണക്കാക്കിയായിരിക്കും തുക അനുവദിക്കുക. ദൂരം കൂടുകയാണെങ്കിൽ അധിക പ്രീമിയം നൽകിയാൽ മാത്രമേ ക്ലെയിം ലഭിക്കൂ. പുതുപുത്തൻ കാറുകളിലും മറ്റും ജിപിഎസ് തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കംപ്യൂട്ടർ ശൃംഖലകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡേറ്റ അനലറ്റിക്സ്, ബ്ലോക് ചെയിൻ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് ഇൻ–ടെക് കമ്പനികൾക്ക് വാഹനങ്ങൾ ഓടുന്നതിന്റെ വിവരം നേരിട്ടു ലഭിക്കുന്നു.

 സാൻഡ് ബോക്സ്  എന്നാൽ

പൊതുവെ സോഫ്റ്റ്‌വെയർ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ടെസ്റ്റുകളും പരീക്ഷണങ്ങളുമാണ് സാൻഡ് ബോക്സ് എന്നറിയപ്പെടുന്നത്. സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിക്കുന്ന പുതുതലമുറ ഇൻ–ടെക് ഇൻഷുറൻസ് കമ്പനികൾ മറ്റ് സാമ്പത്തിക മേഖലകളിലെന്ന പോലെ ഇൻഷുറൻസ് രംഗത്തും മുന്നറിയിപ്പില്ലാതെ മാറ്റങ്ങൾക്കു കാരണമാകുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യ ഏറെ ഉപയോഗിക്കുന്ന ഇൻ–ടെക് കമ്പനികളാണ് നൂതന പോളിസികളും നിലവിലുള്ള പോളിസികളിൽ തന്നെ പുതുമ നിറഞ്ഞ മാറ്റങ്ങളും കൊണ്ടുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com