ചെറുകിട സമ്പാദ്യ പലിശ കുറച്ചേക്കും
Mail This Article
ന്യൂഡൽഹി∙ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഏപ്രിൽ– ജൂൺ ത്രൈമാസത്തിലേക്കുള്ള പലിശനിരക്ക് കുറയ്ക്കാനാണ് ആലോചന. റിസർവ് ബാങ്ക് വായ്പാപലിശനിരക്കു കുറയ്ക്കുന്നതിന്റെ ഗുണം വിപണിയിൽ കാണണമെങ്കിൽ നിക്ഷേപ പലിശയും കുറയണമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.ബാങ്കുകൾക്കു നിക്ഷേപ പലിശ കുറയ്ക്കാൻ തടസ്സമായി ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നത് സർക്കാർ നടത്തുന്ന പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) തുടങ്ങിയ പദ്ധതികളുടെ ഉയർന്ന പലിശനിരക്കാണ്.
ബാങ്ക് നിക്ഷേപത്തെക്കാൾ ഒരു ശതമാനമെങ്കിലും പലിശ കൂടുതലാണിവയ്ക്ക്.പിപിഎഫ്, എൻഎസ്‌സി എന്നിവയ്ക്ക് 7.9%, കിസാൻ വികാസ് പത്രയ്ക്ക് 7.6%, സീനിയർ സിറ്റിസൻസ് സേവിങ്സ് സ്കീമിന് 8.6%, സുകന്യ സമൃദ്ധി യോജനയ്ക്ക് 8.4% എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്.ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോൾ സർക്കാർ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്.