ADVERTISEMENT

ന്യൂഡൽഹി ∙കോവിഡ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് രോഗത്തിന്റെ തീവ്രത, വ്യാപനം, കാലയളവ് എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നടപ്പു വർഷം 5 ശതമാനമെങ്കിലും സാമ്പത്തിക വളർച്ച ഉണ്ടാകാനുള്ള സാധ്യയില്ലെന്നാണ് പണ നയ സമിതിയുടെ (എംപിസി) വിലയിരുത്തലെന്ന് ദാസ് സൂചിപ്പിച്ചു. 

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 4.7% വളർച്ച സാധ്യമായാലാണ് മൊത്തം വർഷത്തേക്ക് 5% വളർച്ച പ്രതീക്ഷിക്കാമായിരുന്നത്. എന്നാൽ, പകർച്ചവ്യാധി വെല്ലുവിളി ഉയർത്തുകയാണ്. അപ്പോഴും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങൾ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെക്കാൾ ശക്തമാണെന്ന് ദാസ് പറഞ്ഞു.

എംപിസി അടുത്ത മാസം 3ന് തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാൽ, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് 24 മുതൽ 26വരെ യോഗം ചേർന്ന് റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകൾ കുറയ്ക്കുന്നതിനും വായ്പ തിരിച്ചടവിനും പലിശ ഈടാക്കുന്നതിനും മൊറട്ടോറിയം ഏർപ്പെടുത്താനും ശുപാർശ ചെയ്തത്. റീപ്പോ നിരക്ക് കുറയ്ക്കുന്നതിനോട് 6 അംഗ എംപിസിയിൽ എല്ലാവരും യോജിച്ചു. തോത് സംബന്ധിച്ച് 4:2 എന്ന രീതിയിലായിരുന്നു വോട്ട്. റിപ്പോ അരശതമാനം കുറച്ചാൽ മതിയെന്ന് ഡോ.ചേതൻ ഘാട്ടെയും ഡോ.പാമി ദുവയും മുക്കാൽ ശതമാനം േവണമെന്ന് ദാസും ഡോ.രവീന്ദ്ര ധൊലാക്കിയ, ഡോ.ജനക് രാജ്, ഡോ. മൈക്കിൾ ദേബബ്രത പാത്ര എന്നിവരും നിലപാടെടുത്തു 

ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.4% വർധനയുണ്ട്. ഇതാണ് ഏക രജതരേഖ. മിക്ക സേവന മേഖലകളിലും കഴിഞ്ഞ 2 മാസവും സ്ഥിതി മോശമായിരുന്നു. വ്യാപരം, ടൂറിസം, എയർലൈൻസ്, ഹോസ്പിറ്റാലിറ്റി, നിർമ്മാണമേഖലകൾക്ക് കോവിഡ് ആഘാതമേൽപിക്കുന്നു. താൽക്കാലിക, കരാർ മേഖലകളിലെ തൊഴിൽ നഷ്ടത്തിന്റെ പ്രതിഫലനം മറ്റു മേഖലകളിലുമുണ്ടാകാമെന്നും ദാസ് പറഞ്ഞു. 

കോവിഡ് നീണ്ടു നിൽക്കുകയും വിതരണ ശൃംഖലകളുടെ പ്രശ്നങ്ങൾ വർധിക്കുകയും ചെയ്താൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കൂടും, അത് ഇന്ത്യയെ ദോഷകരമായി ബാധിക്കും. ക്രൂഡിന്റെ വില കുറയുന്നത് വ്യാപാരപരമായി നേട്ടമാകും.കോവിഡ് വ്യാപിക്കുന്നതും ലോക്ഡൗൺ നീണ്ടുനിൽക്കുന്നതുമാണ് ഉണ്ടാകാവുന്ന വെല്ലുവിളികളായി എംപിസി വിലിരുത്തിയത്. പണ നയത്തിലും മറ്റുമുള്ള മാറ്റങ്ങളും കോവിഡ് വേഗത്തിൽ തടയാനാവുന്നതും വളർച്ചയെ സഹായിക്കുമെന്നതാണ് ഇതിന്റെ മറുവശമായി കണ്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com