ADVERTISEMENT

തിരുവനന്തപുരം ∙ റിസർവ് ബാങ്ക് പ്രഖ്യാപിച്ച 3 മാസത്തെ മൊറട്ടോറിയം ലഭിക്കാൻ ഇമെയിൽ മുഖേന അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൊറട്ടോറിയം ആവശ്യമുള്ള ഇടപാടുകാർ അക്കൗണ്ടിൽ നിന്നു 3 മാസത്തേക്കു തിരിച്ചടവു പിടിക്കുന്നത് ഒഴിവാക്കാനുള്ള അപേക്ഷാ ഫോം stopemi.lhotri@sbi.co.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യണം. അപേക്ഷാ ഫോമുകളും ഓരോ സംസ്ഥാനത്തെയും ഇമെയിൽ വിലാസങ്ങളും എസ്ബിഐ വെബ്സൈറ്റിൽ. മൊറട്ടോറിയം സ്വീകരിക്കുന്നവർ മാർച്ച് മാസ തവണ അടച്ചെങ്കിൽ അതു തിരികെ വാങ്ങാനുമാകും. പ്രത്യേക അപേക്ഷ ഇതിനും ലഭ്യമാണ്. ഒരാഴ്ചയ്ക്കകം പണം അക്കൗണ്ടിൽ തിരികെയെത്തും.

മിക്ക ബാങ്കുകളും അപേക്ഷ വാങ്ങുന്നതിനു വ്യത്യസ്ത മാർഗങ്ങളാണു സ്വീകരിക്കുന്നത്. അവ ബാങ്കുകളുടെ വെബ്സൈറ്റിലുണ്ട്. ഇല്ലാത്തവർ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. കാനറാ ബാങ്ക് എസ്എംഎസ് വഴിയാണു വാങ്ങുന്നത്. അപേക്ഷ സ്വീകരിക്കുന്ന മാർഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3 മാസത്തെ പലിശ എഴുതിത്തള്ളില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. അതിനാൽ തിരിച്ചടയ്ക്കാൻ ഇപ്പോൾ ഒരു നിവൃത്തിയുമില്ലാത്തവർ മാത്രം മൊറട്ടോറിയത്തിനായി അപേക്ഷിക്കുക.ഉദാഹരണത്തിന് 6 ലക്ഷം രൂപയുടെ കാർ വായ്പയെടുത്തയാൾ ഇനി 54 തവണ തിരിച്ചടയ്ക്കാനുണ്ടെന്നു കരുതുക. മൊറട്ടോറിയം എടുത്താൽ 19,000 രൂപ അധികം പലിശ നൽകേണ്ടി വരും. 30 ലക്ഷം രൂപയുടെ ഭവനവായ്പ എടുത്തയാൾ ഇനി 15 വർഷം തിരിച്ചടയ്ക്കാനുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധിക പലിശ നൽകണം.

മൊറട്ടോറിയത്തെക്കുറിച്ച് ഇവ അറിഞ്ഞിരിക്കുക

∙മാർച്ച് 1 ന് മുടക്കമില്ലാത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം ലഭിക്കും.

∙തിരിച്ചടവു കാലാവധിയിൽ 90 ദിവസം വർധിക്കും.

∙മാർച്ച് 1 മുതൽ മേയ് 31 വരെ വായ്പ തിരിച്ചടവു മുടങ്ങിയാൽ സിബിൽ പോലുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസികളെ അറിയിക്കില്ല.

∙3 മാസം കഴിയുമ്പോൾ തിരിച്ചടയ്ക്കാനുള്ള മുതലിനൊപ്പം 3 മാസത്തെ പലിശ കൂടി ചേർക്കും. അതിന്റെ കൂടി പലിശ ചേർത്താണു പിന്നീടുള്ള മാസത്തവണകൾ.

∙ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾക്കും മൊറട്ടോറിയം ബാധകമാണ്. എന്നാൽ മിനിമം തിരിച്ചടവു തുകയെങ്കിലും അടച്ചില്ലെങ്കിൽ സിബിൽ സ്കോർ താഴും. മിനിമം തുക അടച്ചാലും ബാക്കി തുകയ്ക്കു പലിശ ഇൗടാക്കും. ക്രെഡിറ്റ് കാർഡ് കമ്പനികൾ വളരെ ഉയർന്ന പലിശ നിരക്കാണ് ഇൗടാക്കുന്നതെന്ന് ഓർക്കുക.

മൊറട്ടോറിയം പ്രഖ്യാപിച്ച് സ്വകാര്യ ബാങ്കുകളും

മുംബൈ∙ ലോൺ തിരിച്ചടവിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്നു മാസത്തെ മൊറട്ടോറിയം സൗകര്യം വേണമെങ്കിൽ ഉപഭോക്താക്കൾ പ്രത്യേക നിർദേശം നൽകണമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. തിരിച്ചടവിൽ മാത്രമാണ് സാവകാശം കിട്ടുകയെന്നും പലിശ അടയ്ക്കേണ്ടി വരുമെന്നും ബാങ്ക് അറിയിച്ചു.     കോട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊറട്ടോറിയം സൗകര്യം പ്രയോജനപ്പെടുത്താൻ ബാങ്കിന് ഇ മെയിൽ അയയ്ക്കണം. ഇക്കാലയളവിലെ പലിശ ഈടാക്കുമെന്ന് അറിയിച്ചു. എന്നാൽ ഐസിഐസിഐ ബാങ്ക് തിരിച്ചവടുകാരെ രണ്ടു വിഭാഗമാക്കി തിരിച്ചാണ് മൊറട്ടോറിയം നടപ്പാക്കുക. 

മാസശമ്പളക്കാർ മൊറട്ടോറിയം വേണമെങ്കിൽ പ്രത്യേകം ബാങ്കിനെ അറിയിക്കണം. എന്നാൽ വ്യാപാരികൾ, സ്വയം സഹായ സംഘങ്ങൾ, സ്വർണപ്പണയം, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് മൊറട്ടോറിയം വേണ്ടെങ്കിൽ മാത്രം പ്രത്യേകം അറിയിച്ചാൽ മതി. ആക്സിസ് ബാങ്ക് മൊറട്ടോറിയം സംബന്ധിച്ച് വിശദാംശങ്ങൾ ഉടൻ ഉപഭോക്താക്കളെ അറിയിക്കും. ബാങ്കുകളുടെ വെബ്സൈറ്റുകളിൽ മൊറട്ടോറിയം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com