ADVERTISEMENT

‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ഷേക്സ്പിയർ നാടകത്തിലെ ‘ഒരു പേരിൽ എന്തിരിക്കുന്നു’ എന്ന ചോദ്യം എത്ര പ്രശസ്തവും പ്രസക്തവുമാണെങ്കിലും അതു ‘ട്രേഡ് മാർക്’ നിയമത്തിനു ബാധകമല്ല. ഒരു പേരിനോടുള്ള ഏകദേശ സാമ്യം പോലും മറ്റൊരു പേരിനുണ്ടായാൽ കേസിനു വകുപ്പായി; ബിഎംഡബ്ല്യുവും ഡിഎംഡബ്ല്യുവും തമ്മിലുണ്ടായിരിക്കുന്ന കേസ് പോലെ.

ബിഎംഡബ്ല്യു എന്ന ബ്രാൻഡിൽ 1923 മുതൽ മോട്ടോർ ബൈക്കുകളും 1928 മുതൽ കാറുകളും നിരത്തിലുണ്ട്. അതിപ്രശസ്തമായ ബ്രാൻഡ്. ലോകം മുഴുവൻ സാന്നിധ്യം. അങ്ങനെയിരിക്കെ 2013ൽ ഡിഎംഡബ്ല്യു എന്ന ബ്രാൻഡിൽ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിലെത്തുന്നു. പിന്നെപ്പിന്നെ നേപ്പാൾ മുതൽ ലാറ്റിൻ അമേരിക്ക വരെയുള്ള നിരത്തുകളിൽ കാണുന്ന ബ്രാൻഡായി ഡിഎംഡബ്ല്യു. പുതിയ ബ്രാൻഡിന്റെ വളർച്ച ശ്രദ്ധിച്ച ബിഎംഡബ്ല്യു 2017ൽ ഓം ബാലാജി ഓട്ടമൊബീൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ കോടതിയിൽ കയറ്റിയത് അങ്ങനെയാണ്.

നീണ്ട നിയമയുദ്ധത്തെ തുടർന്ന് ഇപ്പോൾ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഓം ബാലാജി ഡിഎംഡബ്ല്യു എന്ന പേരിൽ വാഹനങ്ങൾ നിർമിക്കുന്നതും വിപണനം ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ളതാണ്. ബ്രാൻഡുകൾ തമ്മിലുള്ള സാദൃശ്യം സാമാന്യബുദ്ധി മാത്രമുള്ള ശരാശരിക്കാരെ വഴിതെറ്റിക്കാൻ വളരെ സാധ്യതയുണ്ടെന്നാണു കോടതിയുടെ നിരീക്ഷണം. പേരുകളിലെ ലിപിസാദൃശ്യവും ശബ്ദസാമ്യവും ട്രേഡ് മാർക് നിയമത്തിന്റെ ലംഘനമാണെന്നും കോടതി ഉത്തരവ്.     

ഇന്ത്യയിലെ ഏതെങ്കിലും വാഹന നിർമാതാവ് ചില സാദൃശ്യങ്ങളുടെ പേരിൽ ഇത്തരം കേസിൽപ്പെടുന്നത് ആദ്യമല്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ഓട്ടമോട്ടീവ് നോർത്ത് അമേരിക്കയ്ക്കെതിരെ കഴിഞ്ഞ വർഷം യുഎസ് കോടതിയുടെ ഉത്തരവുണ്ടായതാണ്. ഫിയറ്റ് ക്രിസ്‌ലർ ഓട്ടമൊബീൽസാണു തങ്ങളുടെ ‘ജീപ്’ ബ്രാൻഡ് എസ്‌യുവിയുമായി പല തരത്തിലും സാമ്യമുള്ളതാണു മഹീന്ദ്രയുടെ റോക്സർ എസ്‌യുവി എന്ന വാദവുമായി കോടതിയിലെത്തിയത്. റോക്സറിന്റ പുതിയ പതിപ്പ് പിന്നീട് അവതരിപ്പിച്ചതു കോടതി ഉത്തരവിനെ തുടർന്നു ഡിസൈനിൽ വരുത്തിയ മാറ്റങ്ങളോടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com