ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ പ്രധാന വിപണികളായ യുഎസും യൂറോപ്പും ചൈനയും കോവിഡിൽ ഉലഞ്ഞതോടെ സമുദ്രോൽപന്ന കയറ്റുമതിയിൽ 80 % ഇടിവ്; നഷ്ടം കോടികൾ. കേരളത്തിൽ മാത്രം നൂറിലേറെ സമുദ്രോൽപന്ന സംസ്കരണ യൂണിറ്റുകളാണുള്ളത്. ഏറെയും ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ ജില്ലകളിൽ. സമുദ്രോൽപന്ന കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടു നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്നതു ലക്ഷക്കണക്കിനു തൊഴിലാളികളാണ്. നടപ്പു സാമ്പത്തിക വർഷം സമുദ്രോൽപന്ന കയറ്റുമതിയിൽ നിന്ന് 7 ബില്യൺ ഡോളർ (ഏകദേശം 52,757 കോടി രൂപ) നേടുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിനും കോവിഡ് തിരിച്ചടിയാകും. 

ലോക്ഡൗണിനെത്തുടർന്നു മത്സ്യബന്ധന മേഖല ഏറെക്കുറെ നിശ്ചലമായി. കുറഞ്ഞ തോതിലാണെങ്കിലും യുഎസിൽ നിന്നും മറ്റും ഇപ്പോഴും ഇന്ത്യൻ കയറ്റുമതിക്കാർക്ക് അന്വേഷണം എത്തുന്നുണ്ട്. എന്നാൽ, സാങ്കേതിക തടസ്സങ്ങളേറെ.  കോവിഡ് ലോക്ഡൗൺ മൂലം സാംപിൾ പരിശോധനയ്ക്കുള്ള ടെസ്റ്റിങ് ലാബുകൾ പ്രവർത്തിക്കാത്തതിനാൽ സർട്ടിഫിക്കേഷൻ സാധ്യമാകുന്നില്ല. കയറ്റുമതി ഉൽപന്നം സംബന്ധിച്ച വിവരങ്ങൾ വിദേശത്തെ ഇറക്കുമതി സ്ഥാപനങ്ങൾക്ക് അയയ്ക്കുന്നതു കൊറിയർ വഴിയാണ്. ഡിഎച്ച്എൽ പോലുള്ള രാജ്യാന്തര കൊറിയർ സർവീസുകളും പ്രവർത്തനം നിർത്തിയതോടെ ആ വഴി അടഞ്ഞു. പകരം, സ്കാൻ ചെയ്ത പകർപ്പുകൾ ഡിജിറ്റലായി അയയ്ക്കാനാണു നീക്കം. 

‌‌കോവിഡ് പ്രതിസന്ധി മുതലാക്കിയത് ഇക്വഡോറാണ്. ചൈന 50 % സമുദ്രോൽപന്നങ്ങളും ഇറക്കുമതി ചെയ്തിരുന്നത് ഇക്വഡോറിൽ നിന്നാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ചൈനയിൽ നിന്നുള്ള ആവശ്യം കുറഞ്ഞതിനാൽ ഇക്വഡോർ തന്ത്രം മാറ്റി. കുറഞ്ഞ വിലയ്ക്കു യുഎസ്, യൂറോപ്യൻ  വിപണികളിൽ സമുദ്രോൽപന്നങ്ങൾ എത്തിച്ചു. ഫലം: ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ വിലയിടിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com