ADVERTISEMENT

വായ്പ തിരിച്ചടവിനു സാവകാശം അനുവദിക്കാൻ ബാങ്കുകൾക്കും ധനസ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അനുവാദം നൽകിയതിനെത്തുടർന്ന് അത്തരം സ്ഥാപനങ്ങൾ വ്യവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ ഒട്ടേറെ സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ, ഓർത്തിരിക്കേണ്ട ചില വസ്തുതകൾ:

∙ മൊറട്ടോറിയം എന്നത് തിരിച്ചടവിനുള്ള സാവകാശമാണ്. പലിശയിളവോ മുതലും പലിശയും ഒഴിവാക്കിനൽകലോ അല്ല. നിശ്ചിത കാലാവധിയുള്ള വായ്പകൾക്ക്, മാർച്ച്1 മുതൽ മേയ് 31 വരെയുള്ള വരുന്ന മാസത്തവണ (ഇഎംഐ) തിരിച്ചടവിനാണു സാവകാശം ലഭിക്കുക. 

∙ ഈ തവണകൾ ഒന്നിച്ച് ജൂണിൽ‌ അടയ്ക്കേണ്ടതില്ല. മൊത്തം തവണകളുടെ എണ്ണം കൂട്ടുകയോ മാസത്തവണ വർധിപ്പിക്കാൻ ശേഷിയുണ്ടെങ്കിൽ അങ്ങനെയോ ചെയ്ത് അടച്ചുതീർത്താൽ മതി.

∙ മൊറട്ടോറിയം നിലവിലുള്ള (തിരിച്ചടവു നടത്താത്ത) മാസങ്ങളിലും പലിശ കണക്കാക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ പലിശ മുതലിനോടൊപ്പം ചേർക്കുമെന്നാണ് മിക്ക ബാങ്കുകളും ധനസ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. അതായത് നിലവിലെ വായ്പയുടെ പലിശനിരക്കിൽ ഈ തുകയ്ക്കും പിന്നീട് പലിശ നൽകണം. 

∙ എല്ലാ ഇനം വായ്പകൾക്കും മൊറട്ടോറിയം ലഭിക്കും. ഫെബ്രുവരി 29 വരെയുള്ള തിരിച്ചടവിൽ മുടക്കമില്ലെങ്കിലേ ഇതു ലഭിക്കൂ എന്നു മാത്രം. ചില ബാങ്കുകളും ധനസ്ഥാപനങ്ങളും ഫെബ്രുവരിയിലെ തിരിച്ചടവു മുടങ്ങിയവരെയും വ്യവസ്ഥകൾക്കു വിധേയമായി പരിഗണിക്കും എന്നു സൂചിപ്പിക്കുന്നുണ്ട്. കോവിഡ് ബാധയുടെയും അതിന്റെ വ്യാപനം തടയാനുള്ള ലോക്ഡൗണിന്റെയും ഫലമായി ബിസിനസ് മുടങ്ങിയും തൊഴിൽ നഷ്ടമായും ശമ്പളം പ്രതിസന്ധിയിലായുമൊക്കെ വായ്പ തിരിച്ചടവിനു ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനാണു മൊറട്ടോറിയം എന്നു റിസർവ് ബാങ്ക് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതു ഫെബ്രുവരിക്കുശേഷമാണു പ്രകടമായതെന്നാണു റിസർവ് ബാങ്ക് വിലയിരുത്തുന്നത്. ഫെബ്രുവരി 29 വരെ തിരിച്ചടവു മുടങ്ങിയെങ്കിൽ അതിനു കാരണം കോവിഡ് ആണെന്നു കണക്കാക്കുന്നില്ലെന്ന് അർഥം. 

∙ ഓരോ ബാങ്കും ധനസ്ഥാപനവും ഡയറക്ടർമാരുടെ ബോർഡ് അംഗീകരിച്ച വ്യവസ്ഥകൾ പ്രകാരം മൊറട്ടോറിയം നടപ്പാക്കണമെന്നാണു റിസർവ് ബാങ്ക് പറഞ്ഞിരുന്നത്. ഓരോ സ്ഥാപനവും വ്യത്യസ്ത രീതികളാണു സ്വീകരിച്ചിരിക്കുന്നതും. മൊറട്ടോറിയം വേണ്ടെങ്കിൽ അറിയിക്കണമെന്നു ചിലർ പറയുമ്പോൾ, ‘വേണമെങ്കിൽ അറിയിക്കണ’മെന്നാണു മറ്റു ചിലരുടെ അറിയിപ്പ്.

∙ ക്രെഡിറ്റ് കാർഡ് ബിൽ തിരിച്ചടവിനും ക്രെഡിറ്റ് കാർഡ് ഇഎംഐ തിരിച്ചടവിനുമൊക്കെ മൊറട്ടോറിയം ലഭ്യമാണ്. മൊറട്ടോറിയം കാലത്തെ പലിശ മുതലിനോടൊപ്പം ചേർത്ത് പിന്നീട് പലിശ ഈടാക്കുമെന്നു പറയുമ്പോൾ, ക്രെഡിറ്റ് കാർഡ് ഇടപാടിന്റെ പലിശനിരക്കു സംബന്ധിച്ച ധാരണ വേണം. 18% മുതൽ മുകളിലേക്കാണു നിരക്ക്.

∙ മാർച്ചിലെ തവണത്തുക ഇതിനകം പിടിച്ചുപോയിട്ടുണ്ടാകുമെന്നതിനാൽ, അപേക്ഷ നൽകുന്നവർക്ക് അതു തിരികെ നൽകുമെന്നും മിക്ക സ്ഥാപനങ്ങളുടെയും അറിയിപ്പിലുണ്ട്. ഏപ്രിലിലെ തിരിച്ചടവിനും ഇതേ രീതി വേണ്ടിവരാം. അല്ലെങ്കിൽ, വായ്പയുടെ തവണത്തുക ഓട്ടമാറ്റിക് ആയി ഈടാക്കുന്ന നിക്ഷേപ അക്കൗണ്ടിൽനിന്നു തുക മാറ്റിയേക്കുക. 

∙ കോവിഡ് കാരണം തിരിച്ചടവുശേഷി കുറഞ്ഞിട്ടില്ലാത്തവർ മൊറട്ടോറിയത്തിനു നിൽക്കേണ്ടെന്നും തിരിച്ചടവു തുടരണമെന്നും ബാങ്കുകൾ ഉപദേശിക്കുന്നുണ്ട്. ഈ ഉപദേശം എല്ലാവരും സ്വീകരിക്കണമെന്നില്ല. കോവിഡ് കാരണം വരുമാനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉള്ളവർക്ക് മൊറട്ടോറിയം ആശ്വാസം തന്നെയാണ്. മേയ് 31 വരെ തിരിച്ചടവുകളില്ലാത്തതിനാൽ എന്തെങ്കിലും അടിയന്തരാവശ്യം നേരിടാൻ ഈ പണം ഉപകരിക്കും. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ജൂണിൽ ഈ പണം വായ്പയിലേക്കു തിരിച്ചടയ്ക്കുകയുമാകാമല്ലോ. 

∙ നിലവിൽ വായ്പകളുടെ പലിശനിരക്കു കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്. മൊത്തം സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയും ഉത്തേജനം വേണ്ടുന്ന അവസ്ഥയിൽ ഉടനെ പലിശനിരക്കു കൂടുമെന്നു കരുതേണ്ടതുമില്ല. (മൊറട്ടോറിയം കാലത്തെ പലിശയ്ക്കു പലിശ എന്നൊക്കെ കേട്ട് പലരും പേടിച്ചിരിക്കുകയാണ്.)

∙ വായ്പയെടുക്കാനുള്ള യോഗ്യതയായ ക്രെഡിറ്റ് സ്കോറിനെ മൊറട്ടോറിയം ബാധിക്കില്ലെന്നതു വളരെ വലിയ ആകർഷണമാണ്. മാർച്ച് 1 മുതൽ മേയ് 31വരെ മാസത്തവണയോ ക്രെഡിറ്റ് കാർഡ് മിനിമം തുകയോ അടയ്ക്കാതിരിക്കുന്നത് സിബിൽ പോലുള്ള ക്രെഡിറ്റ് ഇൻഫമേഷൻ ബ്യൂറോകളെ അറിയിക്കില്ലെന്നു ബാങ്കുകളും ധനസ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ്. 

∙ ഓരോ ബാങ്കിന്റെയും/വായ്പാസ്ഥാപനത്തിന്റെയും വ്യവസ്ഥകൾ വ്യത്യസ്തമായതിനാൽ വായ്പയെടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെടുകതന്നെ വേണം. ഒരു ബാങ്കിന്റെ ഇടപാടുകാരൻ പറയുന്നതു കേട്ട് മറ്റൊരു ബാങ്കിന്റെ ഇടപാടുകാരൻ തീരുമാനമെടുക്കുന്നത് അബദ്ധമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com