കോവിഡിന്റെ വലയിൽ പിടയുന്നു മത്സ്യമേഖല
Mail This Article
മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയിൽ ഏൽപിക്കുന്ന നഷ്ടത്തിന് ആഴവും പരപ്പുമേറെ. നാലായിരത്തോളം ട്രോളിങ് ബോട്ടുകളും ഇരുപതിനായിരത്തിലേറെ പരമ്പരാഗത യാനങ്ങളും കടലിൽ പോകുന്ന കേരളത്തിൽ അതിനെ ആശ്രയിച്ചു ജീവിക്കുന്ന അനേക ലക്ഷം കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങുമ്പോൾ തീരദേശ ഗ്രാമങ്ങളിൽ അതു സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ചില്ലറയല്ല.
സംസ്ഥാനത്തു 222 കടലോര മത്സ്യഗ്രാമങ്ങളും 113 ഉൾനാടൻ മത്സ്യഗ്രാമങ്ങളുമുണ്ട്. മാർച്ച് 24 മുതൽ മത്സ്യബന്ധനം പൂർണമായി നിലച്ചതോടെ ഈ ഗ്രാമങ്ങൾ പട്ടിണിയിലേക്കു നീങ്ങിത്തുടങ്ങി. പരമ്പരാഗത യാനങ്ങൾക്കു പരിമിതമായ തോതിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയെങ്കിലും ചെറുവള്ളങ്ങൾ മാത്രമാണു കടലിൽ പോകുന്നത്.
സാധാരണഗതിയിൽ, മത്സ്യബന്ധന ബോട്ടുകൾ ദിവസേന ശരാശരി 23 കോടി രൂപയുടെ മത്സ്യം കരയ്ക്കെത്തിക്കുന്നു. ഏറ്റവും നല്ല സീസണിൽ അത് 50 കോടി വരെ പോയിട്ടുണ്ട്. 23 കോടി കണക്കാക്കിയാലും മാർച്ച് 24 മുതൽ ഇതുവരെ ഏറ്റവും കുറഞ്ഞത് 600 കോടി രൂപയുടെ നഷ്ടം ഉറപ്പാണെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറയുന്നു. വലിയ ബോട്ടുകൾ പോകാൻ അനുവദിച്ചാൽ ഡീസലിന്റെ വിൽപന നികുതിയിനത്തിൽ മാത്രം പ്രതിദിനം 2 കോടി രൂപ സർക്കാരിനു വരുമാനം കിട്ടും.
ഗണ്യമായ തോതിൽ വിദേശ നാണ്യം എത്തിച്ചുതരുന്ന കയറ്റുമതിയാകട്ടെ,85 ശതമാനവും നിലച്ചു. ഒരു വർഷം 5000 കോടിയിലേറെ രൂപയുടെ മത്സ്യമാണു സംസ്ഥാനത്തുനിന്നു യുഎസ്, ചൈന, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയിടങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളായിരുന്നു ഏറ്റവും നല്ല സീസൺ. ഒരു മാസത്തെ കണക്കെടുത്താൽ മാത്രം ഏറ്റവും കുറഞ്ഞത് 500 കോടി രൂപയുടെ കയറ്റുമതി നഷ്ടം. നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന മത്സ്യം കൂടിയാകുമ്പോൾ 1000 കോടിയുടെ നഷ്ടമാണ് ഉണ്ടാകുകയെന്നു സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറയുന്നു.
ഹാർബറുകൾക്കു പുറമ ഫിഷ് ലാൻഡിങ് സെന്ററുകൾ ഉൾപ്പെടെ അടഞ്ഞു കിടക്കുന്നു. ഇവയെ ആശ്രയിച്ചു കഴിയുന്ന അനേകായിരം മത്സ്യത്തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ, ഹാർബറുകളിലെ മറ്റു കച്ചവടക്കാർ തുടങ്ങിയവരൊക്കെ കടുത്ത പ്രതിസന്ധിയിൽ. ഐസ് പ്ലാന്റുകൾ, പീലിങ് ഷെഡുകൾ, വല- ബോട്ട് നിർമാണ യൂണിറ്റുകൾ, മത്സ്യസംസ്കരണ കേന്ദ്രങ്ങൾ... അങ്ങനെ എല്ലാം അടഞ്ഞു കിടക്കുമ്പോൾ അതു ബാധിക്കുന്നത് 9 തീരദേശ ജില്ലകളെ മാത്രമല്ല; മീനില്ലാതെ ചോറിറങ്ങാത്ത മലയാളികളെ അപ്പാടെയാണ്, സമ്പദ് ഘടനയുടെ നട്ടെല്ലിനെയുമാണ്.
‘ഓട്ടം’ സീസണിൽ ചലനമറ്റ് ടൂറിസ്റ്റ് ബസുകൾ
വിവാഹ സീസൺ പോയി, സ്വകാര്യ വെക്കേഷൻ ടൂറുകൾ പോയി, ഐടി പാർക്കുകളിലേക്കും ഫാക്ടറികളിലേക്കും ജീവനക്കാരെ വഹിച്ചുകൊണ്ടു നിത്യവുമുള്ള ഓട്ടവും ഇല്ലാതായി...സംസ്ഥാനത്ത് 15000 വരുന്ന ടൂറിസ്റ്റ് ബസുകൾ വെറുതെ കിടപ്പാണ്.
പക്ഷേ ചെലവു കുറയുന്നുമില്ല. സംസ്ഥാനത്ത് ഇതിനകം 13000 ബസുകൾ ഓട്ടമില്ലാത്തപ്പോൾ റോഡ് നികുതി ഒഴിവാക്കാനുള്ള ജി–ഫോം അപേക്ഷ നൽകിയിട്ടുണ്ട്. ഓട്ടമില്ലാത്തപ്പോഴും മാസം തോറുമുള്ള വാഹന വായ്പ അടയ്ക്കണം. സാധാരണ ബസിന് 40000 രൂപ മുതലും വോൾവോ പോലുള്ള ബസുകൾക്ക് ഒന്നരലക്ഷം വരെയുമാണു മാസത്തവണ. മൂന്നു മാസ മൊറട്ടോറിയം കിട്ടിയാലും പലിശ പിന്നീട് നൽകേണ്ടി വരും.
ഓടാതിരുന്നാൽ ബസുകളുടെ ബാറ്ററി കേടാകും. ബാറ്ററിക്ക് 13000 രൂപയിലേറെ. ടയറുകൾ കേടാകും. കോവിഡ് വേഗം പോയാലും പിന്നെ മൂന്നു മാസം മഴക്കാലമാണ്. ചുരുക്കത്തിൽ 6 മാസത്തെ ശൂന്യതയാണ് ടൂറിസ്റ്റ് ബസ് രംഗം നേരിടുന്നത്.
നാട്ടിലെ ലോറികൾ വീട്ടിൽതന്നെ
ലോറികളുടെ പ്രത്യേകത ഭൂരിപക്ഷത്തിനും മുതലാളി ഇല്ലെന്നതാണ്. മുതലാളിയും തൊഴിലാളിയും ഒരാൾ തന്നെ. ഗൾഫിൽ നിന്നു മടങ്ങി വന്നിട്ടോ മറ്റോ സ്വയം തൊഴിൽ ചെയ്യാനാണു ലോറി വാങ്ങുന്നത്. സ്വയം ഓടിക്കുന്നു. 75% പേർ ഓണർ–ഡ്രൈവർമാരാണിവിടെ.
കേരളത്തിൽ വലിയ ലോറികൾ 1.1 ലക്ഷമുണ്ട്. പെട്ടി ഓട്ടോയും മിനി ലോറിയും ഉൾപ്പടെ ചരക്ക് വാഹനങ്ങൾ നാലു ലക്ഷത്തോളം. നാഷനൽ പെർമിറ്റ് ലോറികൾ 30000 വരും. 7 ലക്ഷം പേരുടെ ഉപജീവന മാർഗമാണിത്. നാടിന്റെ വികസന സ്വപ്നങ്ങൾ വഹിച്ച് പായുന്ന ടിപ്പറുകളും വെറുതെ കിടപ്പാണിപ്പോൾ. നിർമാണരംഗത്തു മറ്റെല്ലാ കാര്യത്തിനും അതിഥിത്തൊഴിലാളികളാണെങ്കിൽ ടിപ്പർ ഡ്രൈവർമാരിൽ 99 ശതമാനവും മലയാളികൾ തന്നെയാണ്. ഇവർക്കു നിത്യച്ചെലവിനുള്ള കാശെങ്കിലും ഉടമ കൊടുക്കേണ്ടതുണ്ട്.
അനേകം ലോറികളുള്ള ഫ്ളീറ്റ് ഉടമകൾ ആകെ ലോറികളുടെ 10% മാത്രമേ വരൂ. ലോറി വില വലുപ്പം അനുസരിച്ച് 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ. മാസത്തവണ 20,000 മുതൽ 60,000 രൂപ വരെ. ഓടാത്ത അവസ്ഥയിൽ എങ്ങനെ പണം അടയ്ക്കും? ഇൻഷുറൻസ് അരലക്ഷം രൂപയ്ക്കു മേലാണ്. റോഡ് നികുതിയിൽ കേരളം വളരെ മുന്നിലാണ്; ഓരോ ത്രൈമാസത്തിലും 4000 രൂപ മുതൽ 15000 രൂപ വരെയുണ്ട്. നികുതി ഇളവെങ്കിലും തരൂ എന്നാണ് ലോറി ഓണേഴ്സ് അസോസിയേഷന്റെ അഭ്യർഥന.
(തുടരും)
തയാറാക്കിയത്: പി.കിഷോർ, ജയചന്ദ്രൻ ഇലങ്കത്ത്, ആർ.കൃഷ്ണരാജ്, ഷില്ലർ സ്റ്റീഫൻ, ജോജി സൈമൺ, വി.മിത്രൻ, പിങ്കി ബേബി.
ഏകോപനം: എ.ജീവൻകുമാർ