ADVERTISEMENT

കൊച്ചി∙ ലോക്ഡൗൺ മൂലം സംസ്ഥാനത്താകെ പൂക്കൃഷിക്കാർക്കും കച്ചവടക്കാർക്കും വൻ നഷ്ടം. കൃഷി ചെയ്യുന്ന പൂക്കൾ കുഴിവെട്ടി മൂടേണ്ട സ്ഥിതിയിലാണു കർഷകർ.

കേരളത്തിലേക്കു നാടൻ പൂക്കൾ വരുന്നതു തമിഴ്നാട്ടിൽ നിന്നാണ്. മുല്ലപ്പൂ, പിച്ചിപ്പൂ, താമരപ്പൂ, ജമന്തി തുടങ്ങിയ പൂക്കളൊക്കെ തമിഴ്നാട്ടിൽ നിന്നു വരുന്നു. തെക്കൻ തിരുവിതാംകൂറിലെ തോവാളയാണു പൂക്കളുടെ മൊത്തക്കച്ചവട കേന്ദ്രം. അവിടെ പൂപ്പാടങ്ങളിൽ നിന്നു പൂ പറിച്ച് മണ്ണുമാന്തികൊണ്ടു കുഴിയുണ്ടാക്കി മൂടുകയാണിപ്പോൾ. കാരണം പൂക്കൾ ചെടിയിൽ തന്നെ നിർത്തിയാൽ ചെടി നശിക്കും. ചെടിയുടെ പരിപാലനത്തിനു പൂ പറിച്ചേ പറ്റൂ.

സംസ്ഥാനം ഒട്ടാകെ ക്ഷേത്രങ്ങളിൽ ഭക്തർ വരാതായതോടെ പൂക്കളുടെ ആവശ്യം കുറഞ്ഞു. പൂജകൾക്ക് ലോക്കലായി ലഭിക്കുന്ന ചെത്തിപ്പൂവും അരളിപ്പൂവും മറ്റും മതി. വിവാഹങ്ങളില്ലാത്തതിനാൽ മുല്ലയ്ക്കും പിച്ചിക്കും ആവശ്യക്കാരില്ല. വിവാഹങ്ങൾക്കും സൽക്കാരങ്ങൾക്കും സ്റ്റേജ് ഡെക്കറേഷനും പൂവ് വേണ്ടാതായി.

സ്റ്റേജ് ഡെക്കറേഷനുള്ള ഓർക്കിഡുകളും ആന്തൂറിയവും മറ്റ് അലങ്കാര പൂവുകളും കേരളത്തിൽ വൻ തോതിൽ കൃഷി ചെയ്യുന്നുണ്ട്. ആവശ്യക്കാരില്ലാത്തതു മൂലം ഇവ മുറിച്ചെടുത്ത് കുഴിയിലിട്ടു മൂടുകയാണ്. കോടികളുടെ വരുമാന നഷ്ടമാണ് ഫ്ളോറികൾച്ചർ ബിസിനസിൽ ഏർപ്പെട്ടിരുന്നവർക്ക്. പൂവുകൾ ഗൾഫിലേക്കും മറ്റും കയറ്റുമതി ചെയ്യപ്പെട്ടിരുന്നതും പൂർണമായി നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com