ADVERTISEMENT

കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ച് കൊശമറ്റം ഫിനാൻസിന്റെ സഹകരണത്തോടെ നടത്തിയ വെബിനാറിൽ, മാറുന്ന സംരംഭക, ഉപഭോക്തൃ സാഹചര്യങ്ങളെ മുൻനിർത്തി നടപ്പാക്കേണ്ട നിർദേശങ്ങൾ പങ്കുവച്ച് വിദഗ്ധർ..

കൊച്ചി∙ കോവിഡാനന്തര കാലത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം(എംഎസ്എംഇ) സംരംഭങ്ങളുടെ അതിജീവനത്തിന് എല്ലാ തലത്തിലും പുതിയ നിലപാടുകൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നു വിദഗ്ധർ. ഇതുൾപ്പെടെ, മലയാള മനോരമ സംഘടിപ്പിച്ച ചെറുകിട വ്യവസായ വെബിനാറിൽ ഉയർന്നത് മാറ്റങ്ങൾക്കും പുനരുജ്ജീവനത്തിനുമായുള്ള ഒട്ടേറെ നിർദേശങ്ങളാണ്. കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ സഹകരണത്തോടെയായിരുന്നു വെബിനാർ. ബാങ്കിങ് വിദഗ്ധൻ എസ്.ആദികേശവൻ, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എം.ഖാലിദ്, സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.ജോസ് സെബാസ്റ്റ്യൻ, സംരംഭക പരിശീലകൻ ടി.എസ്.ചന്ദ്രൻ എന്നിവർ പങ്കെടുത്ത വെബിനാറിൽ സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മോഡറേറ്ററായി.

ചെറുകിട സംരംഭകരെ സഹായിക്കാൻ റിസർവ് ബാങ്ക് ഈയിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പരിചയ സമ്പന്നരായ വ്യവസായികൾക്കു പോലും അറിയില്ലായിരുന്നു. ബാങ്കുകളിലേക്ക് അയച്ചുകൊടുത്ത ഈ സർക്കുലറിന് വ്യവസായ വകുപ്പുതന്നെ വ്യാപക പ്രചാരണം നൽകണമെന്ന ആവശ്യം മോഡറേറ്ററായ എ.പി.എം. മുഹമ്മദ് ഹനീഷ് അംഗീകരിച്ചു. കോവിഡ് അടിയന്തര സാഹചര്യം നേരിടാൻ 10% അധിക പുതിയ വായ്പ ഈടില്ലാതെ നൽകുക, വായ്പകളുടെ തിരിച്ചടവ് പുനഃക്രമീകരിക്കുക തുടങ്ങിയവയെല്ലാം ഈ മാർഗനിർദേശങ്ങൾ പിന്തുടർന്നാണ്.

ചെറുകിട വ്യവസായങ്ങൾക്ക് അധിക മൂലധന വായ്പ നൽകുമ്പോൾ പ്രമോട്ടർ ഇടേണ്ട 15% തുകയ്ക്ക് സംസ്ഥാന സർക്കാർ ഗാരന്റി നിൽക്കണമെന്ന ആദി കേശവന്റെ ശ്രദ്ധേയ നിർദേശവും വെബിനാറിൽ ഉയർന്നു. ഈടില്ലാതെ പ്രവർത്തന മൂലധനമായി 30% വരെ വായ്പ നൽകണമെന്നതായിരുന്നു എം.ഖാലിദിന്റെ ആവശ്യം.

ഇതിനൊക്കെ പുറമേ, എല്ലാം തകർന്ന ചെറുകിട സംരംഭകർ നിരാശയിൽ ആണ്ടു പോകാതിരിക്കാൻ മാനസിക ഉത്തേജന പരിശീലനം നൽകണമെന്ന് ഡോ.ജോസ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ചുവരുണ്ടെങ്കിലേ ചിത്രമുള്ളു എന്നതിനാൽ നിലവിലുള്ള സംരംഭങ്ങൾ വീണുപോകാതിരിക്കാനുള്ള നടപടികളാണു മറ്റെന്തിനേക്കാളും വേണ്ടതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. നാളെയുടെ വെല്ലുവിളികൾ നേരിടുന്നതിനു കേരളത്തിലെ എംഎസ്എംഇകളുടെ നടത്തിപ്പുകാർക്ക് അത്യാവശ്യമായിരിക്കുന്നതു നൈപുണ്യ വികസനമാണെന്ന് ടി.എസ്. ചന്ദ്രൻ അഭിപ്രായപ്പെട്ടു.

ലോകമാകെ വിവിധ രാജ്യങ്ങൾ അവയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 20% വരെയുള്ള തുക പുനരുജ്ജീവന പാക്കേജിനായി നീക്കി വച്ച മാതൃക പിന്തുടർന്ന് ഇന്ത്യ ജിഡിപിയുടെ 10% എങ്കിലും നീക്കി വയ്ക്കണമെന്ന നിർദ്ദേശവും വെബിനാറിൽ ഉയർന്നു. കോവിഡാനന്തര കാലത്ത് പ്രതിസന്ധി വേഗം മറികടക്കുന്ന സംരംഭകരെ കണ്ടെത്താൻ അതിജീവന ചാലഞ്ച് പ്രഖ്യാപിക്കണമെന്ന നിർദ്ദേശം സുപ്രധാനമായി. സംരംഭകരെ ഏറ്റവും നന്നായി സഹായിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകണമെന്ന ആവശ്യവും ഉയർന്നു.

പുനരധിവാസ പാക്കേജിന് സർക്കാർ രൂപം നൽകും: മുഹമ്മദ് ഹനീഷ്

കോവിഡ് പ്രതിസന്ധിയിൽ നിന്നു കേരളത്തെ കരകയറ്റുന്നതിനായി സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജിനു രൂപം നൽകിവരികയാണെന്നു വ്യവസായ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്. നടപടികൾ പൂർണമായിട്ടില്ല. കൂടുതൽ ആലോചനകളും ചർച്ചകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകർക്കായി സംഘടിപ്പിച്ച വെബിനാറിൽ മോഡറേറ്ററായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

∙ വെല്ലുവിളികൾ പലത്
വ്യവസായ മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനു സർക്കാർ പല നടപടികളും സ്വീകരിച്ചുവരികയാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. കണ്ണൂർ, കഞ്ചിക്കോട് വ്യവസായ എസ്റ്റേറ്റുകളിലെ പല യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചുകഴി‍ഞ്ഞു. കോവിഡ് സൃഷ്ടിച്ചതു പോലെയുള്ള പ്രതിസന്ധികൾ വിരളമാണ്. ലോക ജീവിതത്തെ ചുരുക്കിക്കൂട്ടുന്ന രീതിയിലുള്ള മഹാമാരി. 17 നു ലോക്ഡൗൺ അവസാനിച്ചശേഷം എന്തെന്ന ചോദ്യങ്ങൾ നിലനിൽക്കുകയാണ്. വെല്ലുവിളികൾ പലതാണ്. ബിസിനസ് തിരികെപ്പിടിക്കണം, പ്രവർത്തന മൂലധനം കണ്ടെത്തണം. അതേസമയം, അതിഥി തൊഴിലാളികൾ മടങ്ങുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും മുന്നിലുണ്ട്.

∙ കമ്പോളം മാറുന്നു
ഉപയോക്താക്കളുടെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്നതും വലിയ വെല്ലുവിളിയാണ്. നാളത്തെ കമ്പോളം ഇന്നത്തേതു പോലെയാകില്ല. ആ മാറ്റം ഉൾക്കൊള്ളാൻ കഴിയുകയെന്നതു പ്രധാനമാണ്. കോവിഡിനു ശേഷം സാമ്പത്തിക ക്രയവിക്രയം വളരെക്കുറഞ്ഞു. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞു. നാളത്തെ ഉപയോക്താവ് എങ്ങനെ ചിന്തിക്കുമെന്നതു വളരെ പ്രധാനമാണ്. ആവശ്യങ്ങൾക്ക് അനുസരിച്ചു സെലക്ടീവ് ആകില്ലേ? വ്യവസായ പുനരുജ്ജീവനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ബാങ്കുകൾക്കുമൊക്കെ വലിയ പങ്കുണ്ട്. എന്നാൽ, പണത്തേക്കാൾ പ്രധാനം പുതിയ ആശയങ്ങളും നൂതന രീതികളും കണ്ടെത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മൊറട്ടോറിയം മാത്രമല്ല, പലിശയിളവും വേണം
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രമുഖ വ്യവസായി

ചെറുകിട വ്യവസായങ്ങൾക്കു വായ്പ മൊറട്ടോറിയം മാത്രം പോരാ, പലിശ ഇളവു കൂടി ചെയ്തു കൊടുക്കണമെന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. രാജ്യത്തിന്റെ ജിഡിപിയുടെ നട്ടെല്ലാണു ചെറുകിട വ്യവസായങ്ങൾ. പല ചെറുകിട സംരംഭകരുടെയും കഥകൾ സങ്കടപ്പെടുത്തുന്നതാണ്. വരുമാനമില്ല, ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ വഴിയില്ല, ബാങ്ക് ബാധ്യതകൾ. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ നിന്നു വൈദ്യുതി ഫിക്സഡ് ചാർജ് ഈടാക്കുന്നത് അനീതിയാണ്.

∙ പുതിയ വഴികളുണ്ട് ധാരാളം
കോവിഡിനു ശേഷം ഇതുപോലെ തന്നെ ബിസിനസ് നടക്കണമെന്നില്ല. പുതിയ കാലത്തിന് അനുസരിച്ചു ചിന്താഗതികൾ മാറിയേക്കാം. നിലവിലെ ഉൽപന്നങ്ങൾ അതേപടി വിൽക്കാൻ കഴിയണമെന്നില്ല. അത്തരം പ്രതിസന്ധി നേരിടുന്നതിനു സർക്കാരിനെ കുറ്റം പറയുന്നതിനു പകരം, നമുക്ക് എന്തു മാറ്റം വരുത്താൻ കഴിയും എന്നു ചിന്തിക്കുകയാണു വേണ്ടത്. പുതിയ നൈപുണ്യങ്ങൾ വികസിപ്പിക്കണം. ഡിജിറ്റൽ – ഓൺലൈൻ മാർക്കറ്റിങ് വേണ്ടിവന്നേക്കാം. അടുത്തിടെ, അൽപം പ്രായം കൂടിയ ഡ്രൈവറെ പരിചയപ്പെട്ടു. മുൻപും ടാക്സി ഡ്രൈവറായിരുന്നെങ്കിലും ഓൺലൈൻ ടാക്സികൾ വന്നതോടെ ജോലി കുറഞ്ഞു. അങ്ങനെ, മകന്റെ സഹായത്തോടെ ഓൺലൈൻ സംവിധാനങ്ങൾ പഠിച്ച് ഊബർ ഡ്രൈവറായി. പുതിയ സാങ്കേതിക വിദ്യകളും നൈപുണ്യങ്ങളും പഠിച്ചെടുക്കണം. ചെറുകിട സംരംഭകരുടെ നൈപുണ്യ വികസനത്തിനു വ്യവസായ വകുപ്പ് സഹായിക്കണം.

∙ എല്ലാവർക്കും സാധിക്കും
എനിക്കു പരിചയമുള്ള ഒരു പച്ചക്കറി കടക്കാരനുണ്ട്. എങ്ങനെയുണ്ട് കച്ചവടമെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘കുഴപ്പമില്ല സർ.’ അദ്ദേഹത്തിന്റെ കടയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നവരിൽ ഏറെയും ഒന്നര കിലോമീറ്റർ പരിധിയിലുള്ളവരാണ്. അദ്ദേഹം ഓരോ വീട്ടിലും ചെന്നു ഫോൺ നമ്പർ വാങ്ങി. ആവശ്യമുള്ള സാധനങ്ങൾ ഫോണിൽ വിളിച്ചു പറയുന്നതു പ്രകാരം സൈക്കിളിൽ വീടുകളിൽ എത്തിച്ചു കൊടുത്തു. അദ്ദേഹം ഇത്രയും കാലം ചെയ്യാതിരുന്ന കാര്യമാണ് ഇപ്പോൾ ചെയ്തത്.

അദ്ദേഹത്തിനു മാറ്റങ്ങൾ സാധിക്കുമെങ്കിൽ നമുക്കെല്ലാവർക്കും അതു സാധിക്കും. പുതിയ ആശയങ്ങളാണു വേണ്ടത്. ബാങ്കുകളിലെ പല ആനുകൂല്യങ്ങളെക്കുറിച്ചും സംരംഭകർക്ക് അറിയാത്ത സ്ഥിതിയുണ്ട്. വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുമ്പോഴും തൊഴിലാളികൾക്കു പൂർണ ശമ്പളം നൽകണമെന്ന സർക്കാർ നിർദേശം ഉചിതമല്ല. സർക്കാർ പോലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. പിഎഫിൽ നിറയെ പണമുണ്ട്. അതാണു തൊഴിലാളികൾക്കു നൽകേണ്ടിയിരുന്നത്. തന്റെ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ സമ്മതപത്രം വാങ്ങി ശമ്പളം കുറച്ചതായും അദ്ദേഹം പറഞ്ഞു.

ആഘാതം സങ്കീർണം
ടി.എസ്. ചന്ദ്രൻ, സംരംഭക പരിശീലകൻ

കോവിഡ് കേരളത്തിന്റെ വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം സങ്കീർണമാണ്. കൂടുതൽ അതിഥി തൊഴിലാളികളെ ഉപയോഗിക്കുന്ന സംസ്ഥാനം, അസംസ്കൃത ഉൽപന്നങ്ങളെല്ലാം തന്നെ പുറത്തുനിന്നുകൊണ്ടുവരുന്ന സംസ്ഥാനം തുടങ്ങിയ കേരളത്തിന്റെ പ്രത്യേകതകളാണിതിനു കാരണം. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സർക്കാരിനു പരിമിതിയുണ്ടെന്നതാണു യാഥാർഥ്യം. ഇതിനായി ഓരോ സംരംഭകനും മാറണം.

∙ വേണം, അടിമുടി മാറ്റം
യാഥാസ്ഥിതിക ചിന്തകൾ പൂർണമായി മാറിയാലേ കോവിഡ് അനന്തര കാലഘട്ടത്തിൽ നിലനിൽപ്പുണ്ടാകൂ. ഉൽപന്നം, ഉൽപന്നത്തിന്റെ വിതരണം, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ എന്നിവയിലെല്ലാം മാറ്റം വരണം. ഉൽപന്നത്തിന്റെ മത്സരക്ഷമത കൂട്ടുകയും ഉൽപാദനച്ചെലവും വിതരണച്ചെലവും കുറയ്ക്കുകയും ചെയ്യണം. ചൈനയെപ്പോലെ ഉൽപാദനച്ചെലവു കുറയ്ക്കണം. അതേസമയം ഉൽപന്നത്തിന്റെ ഗുണമേന്മ കുറയ്ക്കാതെ കൂടുതൽ മത്സരക്ഷമമാക്കണം. ആഗോളതലത്തിലാകണം ഓരോ സംരംഭകന്റെയും ചിന്തകൾ. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കണം. ഉൽപാദന രീതിയിലും പൊളിച്ചെഴുത്തുവേണം. ഒരു കൂരയ്ക്കു താഴെ മാത്രമേ നിർമാണം നടത്തൂ എന്ന വാശിയൊന്നും ഇനിയുള്ള കാലത്തു പാടില്ല. പലയിടങ്ങളിലേക്ക് ഉൽപാദനം വ്യാപിപ്പിച്ചു ചെലവു കുറയ്ക്കണം. വിതരണക്കാർ– ഇടനിലക്കാർ– മൊത്തക്കച്ചവടക്കാർ–ചില്ലറക്കച്ചവടക്കാർ എന്നിങ്ങനെയുള്ള പരമ്പരാഗത വിതരണശൃഖലയിൽ നിന്ന് ഉപയോക്താക്കളിലേക്കു നേരിട്ട് ഉൽപന്നമെത്തിക്കുന്ന പുതിയ വിപണരീതിയിലേക്കു കൂടു മാറണം. ഇതിനായി ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്താം. സംരംഭകർ മാത്രമല്ല, അനുബന്ധമേഖലകളെല്ലാം ഈ മാറ്റം കൊണ്ടുവരണം. സംസ്ഥാനത്തെ ബാങ്കുകൾ കൂടുതൽ സംരംഭകസൗഹൃദമാകണം.

∙ വേണം, കോമൺ ഫെസിലിറ്റി സെന്റർ
ഉൽപാദനച്ചെലവു കുറയ്ക്കാനും സാങ്കേതിക വിദ്യ ലഭ്യമാക്കാനുമായി സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണം. പൊതു ഫെസിലിറ്റി സെന്ററുകളെന്ന ആശയം മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. ഉൽപന്നങ്ങൾ സൂക്ഷിക്കാൻ പൊതുവായ ഗോഡൗണുകൾ, ഫ്രീസിങ് സംവിധാനം, വിപണനത്തിന് പൊതുപ്ലാറ്റ്ഫോം, ഡിജിറ്റൽ സഹായങ്ങൾ എന്നിവയെല്ലാം ഇവിടെ ചെറിയ ചെലവിൽ സംരംഭകനു ലഭ്യമാക്കണം. കോമൺ ഡിസൈൻ യൂണിറ്റായും ഇതു പ്രവർത്തിക്കണം. കൃഷിയധിഷ്ഠിത സംരംഭകർക്ക് ഈ സംവിധാനം ഒട്ടേറെ പ്രയോജനം ചെയ്യും.

കേരളത്തിന്റെ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകണം
ഡോ.ജോസ് സെബാസ്റ്റ്യൻ, സാമ്പത്തിക വിദഗ്ധൻ

കോവിഡാനന്തര കാലത്തും സർക്കാർ അനേകം സാധനങ്ങൾ വാങ്ങുമല്ലോ അപ്പോൾ കേരളത്തിൽ ഉത്പാദിപ്പിച്ച സാധനങ്ങൾക്ക് മുൻഗണന നൽകണം. അവയുടെ വില കേരളത്തിനു പുറത്തുള്ള അതേ ഉത്പന്നത്തേക്കാൾ അൽപം കൂടുതലായാലും വാങ്ങണം. അത്തരം ‘പ്രൈസ് പ്രിഫറൻസ്’ സർക്കാർ നയമായി തന്നെ നടപ്പാക്കേണ്ടതാണ്.

∙ തയാറാകണം മാറ്റത്തിന്
എല്ലാം സർക്കാരും ബാങ്കുകളും ചെയ്യണം, സംരംഭകരുടെ ഭാഗത്തു നിന്ന് മാറ്റം വേണ്ട എന്നു കരുതരുത്. പുതിയ ഉത്പന്നങ്ങളിലേക്കു മാറേണ്ടി വരും. ചിലപ്പോൾ യന്ത്രങ്ങളിൽ ചെറിയ മാറ്റം വരുത്താം. ഉദാഹരണത്തിന് അലക്ക് സോപ്പ് ഉണ്ടാക്കുന്ന കമ്പനികൾക്ക് സാനിറ്റൈസറിലേക്കു മാറാം. വിപണിക്ക് ആവശ്യമുള്ളത് എന്ത് എന്നതു നോക്കി ബിസിനസ് നടത്തണം. പുതിയ ഉത്പന്നം മാത്രം പോരാ പുതിയ ചിന്താഗതിയും വേണം. അതിനായി സംരംഭകർക്ക് ഓൺലൈൻ പരിശീലനമോ മറ്റോ ഏർപ്പെടുത്താൻ വ്യവസായ വകുപ്പ് മുൻകൈ എടുക്കണം.

∙ പരിശീലിപ്പിക്കണം പ്രവാസികളെ
വിദേശത്ത് ജോലി ചെയ്ത് വിശാല ലോകത്ത് പരിചയം സിദ്ധിച്ച അനേകർ മടങ്ങി വരികയാണ്. അവരെ സംരംഭകരാക്കാൻ പരിശീലനം നൽകാം. വിദേശത്ത് വിപണന രീതികളിലും ഗുണനിലവാരത്തിലും അവർ ആർജിച്ച വിജ്ഞാനം ഇവിടുത്തെ സംരംഭകർക്കായി പ്രയോജനപ്പെടുത്തണം. ഏറ്റവും കൂടുതൽ വായ്പ നൽകുന്ന ബാങ്കർമാർക്ക് അവാർഡും അംഗീകാരവും ഏർപ്പെടുത്തേണ്ടതല്ലേ?

കരകയറാം, ഒന്നിച്ചുനിന്നാൽ..
എം. ഖാലിദ്, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ്

പതിനായിരക്കണക്കിനു വ്യവസായ യൂണിറ്റുകൾ 40 ദിവസത്തിലേറെ അടഞ്ഞുകിടക്കുകയായിരുന്നു. പണത്തിന്റെ ഒഴുക്ക് പൂർണമായും തടസ്സപ്പെട്ട ദിവസങ്ങൾ. പുതിയ ഉൽപന്നങ്ങളില്ല. തൊഴിൽ ഇല്ല. പണലഭ്യതയില്ല. ഈ നിശ്ചലാവസ്ഥയിൽ നിന്ന് യൂണിറ്റുകൾക്കു കരകയറാൻ ഏറ്റവും വേഗത്തിലുള്ള സർക്കാർ ഇടപെടൽ ആവശ്യമാണ്. വീണ്ടും പ്രവർത്തിച്ചു തുടങ്ങാൻ ഫണ്ട് വേണം. ലോക്ഡൗണിൽ പൂട്ടിക്കിടന്ന കമ്പനികൾ തൊഴിലാളികൾക്കു മുഴുവൻ ദിവസത്തെയും ശമ്പളം നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഇഎസ്ഐ വകുപ്പിന്റെ സംഭാവന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതു വേഗത്തിൽ ലഭ്യമാക്കണം.

∙ സമഗ്ര പാക്കേജ് അനിവാര്യം
കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജിൽ ചെറുവ്യവസായ യൂണിറ്റുകൾക്ക് ഒന്നും കിട്ടിയില്ല. ജിഡിപിയുടെ .8 ശതമാനം മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജ്. ജിഡിപിയുടെ 5 മുതൽ 50 ശതമാനം വരെ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ച രാജ്യങ്ങളുണ്ട്. രാജ്യം, 10 ശതമാനം വരുന്ന ഉത്തേജന പാക്കേജ് നൽകിയാലേ വ്യവസായ ലോകത്തിനു പിടിച്ചു നിൽക്കാനാകൂ.വായ്പകൾക്കു ലഭിച്ച മൂന്നു മാസത്തെ മൊറട്ടോറിയം അപര്യാപ്തമാണ്. കുറഞ്ഞത് 12 മാസത്തെ മൊറട്ടോറിയമെങ്കിലും വ്യവസായ യൂണിറ്റുകൾക്കു ലഭിക്കണം. പലിശ വേണ്ടെന്നു വയ്ക്കുകയോ സർക്കാർ സബ്സിഡി നൽകുകയോ ചെയ്യണം.

∙ പ്രവർത്തന മൂലധനം പ്രധാനം
പ്രതിസന്ധിയിലായ യൂണിറ്റുകൾക്കെല്ലാം ഇപ്പോൾ ആവശ്യം പ്രവർത്തന മൂലധനമാണ്. നിലവിലെ വായ്പയുടെ 30 ശതമാനം അധിക വായ്പ ബാങ്കുകൾ അനുവദിക്കണം. 10000 മുതൽ 5 ലക്ഷം രൂപവരെയുള്ള നിശ്ചിത വൈദ്യുതി ചാർജാണ് അടഞ്ഞുകിടന്ന യൂണിറ്റുകളും അടയ്ക്കേണ്ടത്. നിശ്ചിത ബിൽ എന്നതിനു പകരം ഉപയോഗിച്ച വൈദ്യുതിയുടെ മാത്രം ചാർജ് ഈടാക്കാൻ സർക്കാർ കെഎസ്ഇബിയോട് ആവശ്യപ്പെടണം. ഇതും തവണകളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കണം. ഉത്തേജക പാക്കേജ്, പ്രവർത്തനമൂലധനം ലഭ്യമാക്കാനുള്ള മാർഗങ്ങൾ, വായ്പകളുടെ മൊറട്ടോറിയവും പലിശയും തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാർജ് എന്നിവയെല്ലാം ഉൾപ്പെടുന്ന സമഗ്ര പാക്കേജാണ് സർക്കാർ കൊണ്ടുവരേണ്ടത്. അതിഥി തൊഴിലാളികളെ മടക്കി അയയ്ക്കുന്നത് വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കും. കർണാടക പോലുള്ള സംസ്ഥാനങ്ങൾ ഇവരെ മടക്കി അയയ്ക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചു കഴിഞ്ഞു.

വ്യവസായ യൂണിറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയാലും സർക്കാരിന്റെ സഹായം വേണം. സർക്കാർ, അർഥസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ഉൽപന്നങ്ങൾ സംസ്ഥാനത്തെ ചെറുയൂണിറ്റുകളിൽ നിന്നു മാത്രം വാങ്ങണം. മുടങ്ങിക്കിടക്കുന്ന ബില്ലുകൾ മാറി പണം ഉടൻ ലഭ്യമാക്കണം.

ആശങ്ക ഇല്ലാതെ വായ്പ നൽകാൻ ബാങ്കുകൾക്കാകണം
എസ്.ആദികേശവൻ, ബാങ്കിങ് വിദഗ്ധൻ

സംരംഭകർക്കു ബാങ്ക് മാനേജർ വായ്പ കൊടുത്ത തീരുമാനം ഏതെങ്കിലും കാരണത്താൽ തെറ്റിപ്പോയാലും ശിക്ഷാ നടപടി വരില്ലെന്ന് ഉറപ്പു നൽകണം. വായ്പകൾ യഥേഷ്ടം ലഭിക്കാൻ ഈ നടപടി കൊണ്ടേ കഴിയൂ. ബാങ്ക് മാനേജർക്ക് റിസ്ക് എടുക്കാതെ ആർക്കും വായ്പ നൽകാതെ കാലം കഴിക്കാവുന്നതാണ്. എന്നാൽ തീരുമാനങ്ങൾ ഭാവിയിൽ പ്രശ്നമാവില്ല എന്നുണ്ടെങ്കിൽ മിക്കവരും ധൈര്യപൂർവം സംരംഭകർക്കു വായ്പ നൽകും.

∙ വായ്പയ്ക്ക് പ്രത്യേക സംവിധാനം വേണം
ബാങ്കർമാരുടെ മനോഭാവത്തെപ്പറ്റി കേരളത്തിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും സംരംഭകർ പരാതി പറയാറുണ്ട്. പക്ഷേ മുൻകരുതലെടുക്കാതെ വായ്പ നൽകാനും കഴിയില്ല. വ്യവസായ വകുപ്പ് ബാങ്കിങ് സൗകര്യങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തണം. വായ്പ നിരസിക്കപ്പെട്ടാൽ എന്തുകൊണ്ട് അതുണ്ടായി എന്നു കണ്ടെത്താൻ വ്യവസായ വകുപ്പിനു സംവിധാനം വേണം. ഇതിനു പ്രത്യേക പോർട്ടൽ, എസ്എംഎസ്, മിസ്ഡ് കോൾ സംവിധാനങ്ങൾ പരിഗണിക്കണം. സംരംഭകരുടെ മനസിൽ തങ്ങൾ തനിച്ചല്ല സർക്കാരിന്റെ പിന്തുണയുണ്ട് എന്ന തോന്നലുണ്ടാക്കാൻ അത് ഇടവരുത്തും.

∙ സമരങ്ങൾക്കും വേണം മൊറട്ടോറിയം
ചെറുകിട വ്യവസായങ്ങളിലെ ഇൻസ്പെക്ടർ പരിശോധനകൾ ഒരു വർഷത്തേക്കു നിർത്തണം. ഹർത്താലിനും സമരത്തിനും ഒരു വർഷത്തേക്കു മൊറട്ടോറിയം പ്രഖ്യാപിക്കണം. ജപ്തിക്ക് ഒരു വർഷം അവധി കൊടുക്കണം. ബാങ്കുകൾ വായ്പ പുന:ക്രമീകരണം നട‍ത്തുന്നുണ്ട്. അങ്ങനെ 5 പ്രമുഖ ബാങ്കുകൾ പുന:ക്രമീകരിച്ച വായ്പകളുടെ വിവരങ്ങൾ വ്യവസായ വകുപ്പിന്റെ വെബ്സൈറ്റിൽ വരണം.

∙ ചെറുകിട വ്യവസായ വായ്പകൾക്ക് ആർബിഐ നിർദേശങ്ങൾ
കോവിഡ് കാലത്തേക്ക് സംരംഭകരെ സഹായിക്കാൻ റിസർവ് ബാങ്ക് പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതേപ്പറ്റി എസ്.ആദികേശവൻ വെബിനാറിൽ വിശദീകരിച്ചു.
1.നിലവിലുള്ള വായ്പയുടെ 10% വരെയുള്ള തുക പുതിയ നടപടിക്രമങ്ങളില്ലാതെ കോവിഡ് എമർജൻസി എന്ന പേരിൽ അധിക വായ്പ. 10 കോടി വായ്പയെടുത്തവർക്ക് അടിയന്തര വായ്പ 1 കോടി ലഭിക്കും.
2. 60 ദിവസം വരെ വായ്പ തിരിച്ചടയ്ക്കാത്തവർക്കും ഇതു ലഭിക്കും. മാർജിൻ മണി ഇല്ല. പുതിയ ഈട് വേണ്ട. പലിശ കുറവ്, വേഗം അനുമതി.
3. കഴിഞ്ഞ ജനുവരി ഒന്നിനകം കിട്ടാക്കടമായി മാറാത്തതും, 25 കോടി രൂപ വരെയുള്ളതുമായ എംഎസ്എംഇ വായ്പകൾ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒരു തവണ പുനക്രമീരിക്കാം. ഈ പുനക്രമീകരണം കിട്ടാക്കടമായി കണക്കാക്കില്ല.
4.ജിഎസ്ടി റജിസ്ട്രേഷനിൽ ഇളവ് നൽകിയിട്ടുള്ള ചെറുകിട വ്യവസായങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.

ഈ മാർഗനിർദേശങ്ങളുടെ ചുവടുപിടിച്ച് പ്രമുഖ ബാങ്കുകൾ സ്വീകരിച്ച പ്രധാനവ്യവസ്ഥകൾ:
1.നഷ്ടത്തിലുള്ള യൂണിറ്റുകൾക്ക് പിഴപ്പലിശ ഒഴിവാക്കും.
2. ഇതുവരെ അടയ്ക്കാത്ത പലിശ മറ്റൊരു വായ്പയായി കണക്കാക്കും. (ഫണ്ടഡ് ഇന്ററസ്റ്റ് ടേം ലോൺ.) മൂന്നു വർഷത്തിനകം തിരിച്ചടച്ചാൽ മതി.
3.പ്രവർത്തന മൂലധന വായ്പകൾക്ക് 12 മാസത്തെ മൊറട്ടോറിയം. ഈ കാലത്ത് പലിശ പൂജ്യം ശതമാനം.‍‍‍.

പുത്തൻ സാധ്യതകളുമായി വിദേശമലയാളികൾ എത്തുന്നു

ജോലി നഷ്ടപ്പെട്ടു തിരിച്ചുവരുന്ന വരുന്ന വിദേശ മലയാളികൾ സംസ്ഥാനത്തിന് ബാധ്യതയാവില്ല, പകരം പുതിയ അവസരങ്ങളാകും സൃഷ്ടിക്കുകയെന്നു വിദഗ്ധർ. പല വിദേശ മലയാളികളും സംരംഭകരാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കൂടുതൽ ലോകം കണ്ടതിന്റെ അനുഭവവും പുതിയ സാങ്കേതികവിദ്യകളിലുള്ള അറിവും ഭാവിയിൽ പുതിയ ഉൽപന്നങ്ങളായി ലഭിക്കും. പുതിയ വിപണന രീതികളും അവർ പരീക്ഷിക്കും. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തും. ബ്രാൻഡ് കേരള ഉൽപന്നങ്ങളെ ലോകം മുഴുവനെത്തിക്കും. മാത്രമല്ല, കേരളത്തിന്റെ നാളത്തെ വ്യവസായ ലോകത്തിനു കൂടുതൽ വളർച്ച സാധ്യമാക്കുന്ന മികച്ച ഉപയോക്താക്കൾക്കൂടിയാകും ഇവരെന്നും വിദഗ്ധർ ചർച്ചയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com