ADVERTISEMENT

Q സർക്കാർ സർവീസിൽനിന്ന് റിട്ടയർ ചെയ്ത എനിക്ക് 67 വയസ്സായി, ഭാര്യയ്ക്ക് 65. കുട്ടികളൊക്കെ സ്വന്തം നിലയിൽ മറ്റ് സ്ഥലങ്ങളിലാണ്. എന്റെ പെൻഷൻ ആനുകൂല്യങ്ങൾ ഏതാണ്ട് പൂർണമായും ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ ഇട്ട് പലിശയും പെൻഷൻ വരുമാനവും കൊണ്ടാണ് ജീവിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിക്കടി നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചതായി മനസ്സിലാക്കുന്നു. അടുത്ത വർഷാവസാനം കാലാവധി എത്തുന്ന നിക്ഷേപങ്ങൾ ക്ലോസ് ചെയ്ത് ഇനിയും നിരക്ക് കുറയുംമുൻപ് ദീർഘകാല നിക്ഷേപങ്ങളാക്കുന്നതാണോ ബുദ്ധി? 

A കാലാവധി എത്തുംമുൻപ് സ്ഥിര നിക്ഷേപങ്ങൾ ക്ലോസ് ചെയ്താൽ പല ബാങ്കുകളിലും കാലാവധിക്കുള്ള പലിശനിരക്കിൽ നിന്ന് അര ശതമാനം മുതൽ ഒരു ശതമാനം വരെ നിരക്കിൽ കുറവു ചെയ്തായിരിക്കും പലിശ ലഭിക്കുക. 6 മാസത്തിൽ താഴെ മാത്രം കാലാവധി എത്തുന്ന നിക്ഷേപങ്ങൾ ക്ലോസ് ചെയ്ത് ദീർഘകാല നിക്ഷേപങ്ങളാക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. 2021 ൽ നിലവിൽ വരുന്ന സാമ്പത്തിക സ്ഥിതി വിശേഷം കണക്കിലെടുത്ത് അപ്പോൾ തീരുമാനമെടുക്കുന്നതാവും നല്ലത്. സ്ഥിര വരുമാനം ലഭിക്കുന്നതും നഷ്ട സാധ്യത കുറഞ്ഞവയുമായ സ്ഥിര നിക്ഷേപങ്ങളാണ് മിക്ക മുതിർന്ന പൗരന്മാരും ആശ്രയിക്കുന്നത്. ബാങ്ക് നിക്ഷേപങ്ങളെ മാത്രം  ആശ്രയിക്കാതെ മെച്ചപ്പെട്ട മറ്റ് അവസരങ്ങൾ കൂടി കൂട്ടിക്കലർത്തി നിക്ഷേപം നടത്തുന്നത് നല്ലതാണ്. ബാങ്ക് നിക്ഷേപങ്ങളിൽ പോലും ഒരേ ബാങ്കിൽ ഒരൊറ്റ നിക്ഷേപമായി പണം ഇടുന്നതിനു പകരം ചില കാര്യങ്ങൾ അധികമായി ശ്രദ്ധിക്കാവുന്നതാണ്. 

വൈവിധ്യം വരുത്താം

കൈയിലിരിക്കുന്ന പണം മുഴുവനായി ബാങ്ക് നിക്ഷേപമാക്കുന്നതിന് പകരം ചെറിയ രീതിയിൽ വിവിധ നിക്ഷേപാവസരങ്ങൾ കൂട്ടി ചേർക്കാം. സ്ഥിര വരുമാനം പലിശയായി ലഭിക്കുന്ന പോസ്റ്റ് ഓഫിസ് നിക്ഷേപം, കമ്പനി നിക്ഷേപങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്താം. പലിശ വരുമാനത്തിൽനിന്ന് ഓരോ മാസവും ഒരു നിശ്ചിത സംഖ്യ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കത്തക്ക രീതിയിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനും നല്ലതാണ്. പോസ്റ്റ് ഓഫിസ് സ്ഥിര നിക്ഷേപങ്ങൾക്ക് പലപ്പോഴും ബാങ്ക് നിക്ഷേപങ്ങളെക്കാൾ ഉയർന്ന നിരക്ക് ലഭിക്കുന്നു. 

മെച്ചപ്പെട്ട റേറ്റിങ്ങുള്ള കമ്പനി നിക്ഷേപങ്ങൾ ഒരു വർഷം മുതൽ 5 വർഷം വരെ കാലാവധിക്ക് 7.1% മുതൽ 7.8% വരെ പലിശ നൽകുന്നുണ്ട്. മൂലധനത്തിന്റെ 60% തുക ബാങ്ക് നിക്ഷേപമായും 20% പോസ്റ്റ് ഓഫിസ് നിക്ഷേപമായും 10% കമ്പനി നിക്ഷേപമായും 10% എസ്ഐപി നിക്ഷേപമായും സൂക്ഷിക്കാം. ഓരോരുത്തരുടെയും പ്രായം, സാമ്പത്തിക പശ്ചാത്തലം എന്നിവ അനുസരിച്ച് അനുപാതം വ്യത്യാസപ്പെടുത്താം. 

ഒറ്റ ബാങ്ക് വേണ്ട

എല്ലാ നിക്ഷേപവും കൂടി ഒരൊറ്റ ബാങ്കിൽ തന്നെ സൂക്ഷിക്കണമെന്നില്ല. ഒരേ ബാങ്കിൽ തന്നെ സ്വന്തം പേരിൽ 5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. അതിനു മുകളിൽ ജീവിത പങ്കാളി, കുട്ടികൾ തുടങ്ങിയവരുടെ പേരു കൂടി ചേർത്ത് നിക്ഷേപമാകാം. ഒരു ബാങ്കിൽ ഒരു അക്കൗണ്ട് ഉടമയ്ക്കു ലഭിക്കുന്ന നിക്ഷേപ ഇൻഷുറൻസ് പരമാവധി 5 ലക്ഷം രൂപയാണ്. മറ്റൊരാളുടെ പേരു കൂടി ചേർത്താൽ വേറൊരു അക്കൗണ്ട് ആയി പരിഗണിക്കും. 2 പേരുടെ കൂട്ടായ അക്കൗണ്ട് ആണെങ്കിലും ആദ്യ പേരിൽ വ്യത്യാസം വരുത്തിയാലും മറ്റൊരു അക്കൗണ്ട് ആകും.

കാലാവധി വൈവിധ്യം

എല്ലാ നിക്ഷേപങ്ങൾക്കും ഒരേ കാലാവധി തിരഞ്ഞെടുക്കേണ്ട. ഒരു ഭാഗം 5 വർഷത്തിന് മുകളിൽ കാലാവധിയുള്ള ദീർഘകാല നിക്ഷേപങ്ങളാക്കാം. ബാക്കിയുള്ളവ ഒരു വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള വ്യത്യസ്ത നിക്ഷേപങ്ങളായി പിരിച്ച് ഇടാം. പലിശ നിരക്ക് കുറയാൻ സാധ്യത ഉള്ളപ്പോൾ കുറഞ്ഞ കാലാവധിയുള്ള നിക്ഷേപങ്ങൾ നിലവിലെ മെച്ചപ്പെട്ട അവസരങ്ങളിലേക്ക് മാറ്റി ഇടാൻ ഉപകരിക്കും. ദീർഘകാല നിക്ഷേപങ്ങൾക്ക് ചില ബാങ്കുകൾ കൂടുതൽ പലിശ നൽകുമ്പോൾ മറ്റ് ചിലവ കുറഞ്ഞ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന നിരക്ക് നല്കുന്നത്.  

സേവിങ്സ് ബാങ്ക് അക്കൗണ്ടും, സ്ഥിര നിക്ഷേപവും ഒരുമിച്ച് നൽകുന്ന സ്വീപ്പിങ് നിക്ഷേപ അക്കൗണ്ടുകളും ഗുണകരമാണ്. നിക്ഷേപം പൂർണമായും പിൻവലിക്കാതെ ആവശ്യമുള്ളത്ര തുക മാത്രം സ്ഥിര നിക്ഷേപത്തിൽനിന്ന് സേവിങ്സ് അക്കൗണ്ടിലേയ്ക്ക് ആവശ്യാനുസരണം മാറ്റാൻ സാധിക്കുന്നവയാണ് സ്വീപ്പിങ് അക്കൗണ്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com