sections
MORE

ആർബിഐ പ്രഖ്യാപനം; സമ്പദ്‌വ്യവസ്ഥയിൽ പെട്ടെന്ന് ഉണർവ് അസാധ്യം

indian-economy-currency
SHARE

കൊച്ചി ∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഉത്തേജക നടപടികളുടെ തുടർച്ചയായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രഖ്യാപനങ്ങൾക്കും സമ്പദ്‌വ്യവസ്ഥയിൽ പെട്ടെന്ന് ഉണർവുണ്ടാക്കുക അസാധ്യം. വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം മൂന്നു മാസത്തേക്കു നീട്ടിയതോ ആർബിഐ  വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ നിരക്ക് 0.4% കുറച്ചതോ വിപണിയിൽ അടിയന്തര ഡിമാൻഡ് വർധനയ്ക്കു പ്രേരകമാകില്ലെന്നതാണു കാരണം. സമ്പദ്‌വ്യവസ്ഥയെ മുന്നിൽനിന്നു സംരക്ഷിക്കേണ്ട ബാങ്കിങ് വ്യവസായത്തിനാകട്ടെ ആർബിഐയുടെ കടാശ്വാസ നടപടികൾ കൂടുതൽ പ്രാരാബ്ധമാണു സമ്മാനിക്കുന്നത്.

 പലിശ ഇളവു ചെയ്താൽ തവണത്തുക കുറയും

റീപ്പോ നിരക്കിൽ പ്രഖ്യാപിച്ചിട്ടുള്ള കുറവ് വാണിജ്യ ബാങ്കുകൾ അതേ അളവിൽ ഇടപാടുകാർക്ക് അനുവദിച്ചുകൊടുത്താൽ ഭവന, വ്യക്തിഗത വായ്പയെടുത്തിട്ടുള്ളവർക്ക് അത് ആശ്വാസമാകും. 30 ലക്ഷം രൂപയുടെ 20 വർഷ വായ്പയ്ക്ക് 7.40% പലിശ നിരക്കിൽ ഇപ്പോൾ അടയ്ക്കുന്ന മാസ തവണ 23,985 രൂപയാണെങ്കിൽ പലിശ ഏഴു ശതമാനമായി കുറച്ചാൽ 23,259 രൂപ അടച്ചാൽ മതിയാകും. 726 രൂപയാണു പ്രതിമാസമുണ്ടാകുന്ന നേട്ടം. 

റീപ്പോ അധിഷ്ഠിത വായ്പയെടുത്തിട്ടുള്ളവർക്കു മൂന്നു മാസത്തിനകം പലിശ കുറയുമെന്നു പ്രതീക്ഷിക്കാം. മറ്റുള്ളവർക്കു ബാങ്കുകൾ നിരക്കു പുനർനിർണയിക്കുന്ന തീയതി (റീസെറ്റ് ഡേറ്റ്) വരെ കാത്തിരിക്കേണ്ടിവരും.  

വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നവർക്കും ആർബിഐ പ്രഖ്യാപനം നേട്ടമാണ്. അവർക്കു കുറഞ്ഞ പലിശയായിരിക്കും ബാധകം. അവരുടെ വാർഷിക വരുമാനം ആറു ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്കാണെങ്കിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പലിശ സബ്സിഡിക്കും അർഹതയുണ്ട്. 2021 മാർച്ച് 31നു മുൻപ് എടുക്കുന്ന വായ്പകൾക്കു മാത്രമാണു സബ്സിഡി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആർബിഐ പ്രഖ്യാപിച്ച ആകെ ഇളവ് ഇതോടെ 1.15 ശതമാനമായി. 

 നിക്ഷേപകർക്ക്  തിരിച്ചടി

വായ്പയെടുത്തവർക്ക് ആശ്വാസമേകാൻ പലിശ നിരക്കു കുറയ്ക്കുമ്പോഴൊക്കെ നിക്ഷേപകർക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക്, തിരിച്ചടിയാണുണ്ടാകുക. ഇപ്പോൾത്തന്നെ അവർക്കു ലഭിക്കുന്ന നിരക്കുകൾ വളരെ തുച്ഛമാണ്. പലപ്പോഴും പണപ്പെരുപ്പ നിരക്കിനെക്കാൾ താഴ്ന്ന തോതിലാണ് അവർക്കു ലഭിക്കുന്ന പലിശ. ഇത്തവണയും അവരെ കാത്തിരിക്കുന്നത് അതേ ഗതി തന്നെ. പെൻഷൻ ആനുകൂല്യങ്ങൾ ബാങ്കുകളിൽ സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്കായിരിക്കും പ്രയാസം ഏറെ.

 മൊറട്ടോറിയം നീട്ടിയത്  ആശ്വാസകരം

കാലാവധി വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടിയതു പ്രഫഷനലുകൾക്കും ചെറുകിട ബിസിനസുകാർക്കും എംഎസ്എംഇകൾക്കും കോർപറേറ്റുകൾക്കും  താൽക്കാലികാശ്വാസമേകും. 

പ്രവർത്തന മൂലധനാവശ്യത്തിനു സ്വീകരിച്ചിട്ടുള്ള വായ്പയുടെ പലിശയടവിനു മൂന്നു മാസം കൂടി സാവകാശം നൽകിയിട്ടുള്ളതു സംരംഭങ്ങൾക്ക് ആശ്വാസകരമാണ്. ആറു മാസത്തെ പലിശ കുടിശികയാകുമെങ്കിലും അതു നടപ്പു സാമ്പത്തിക വർഷം തീരുന്നതിനു മുൻപ് അടച്ചുതീർത്താൽ മതിയാകുന്ന കാലാവധി വായ്പയായി മാറ്റാമെന്നതും താൽകാലികമായി നേട്ടം തന്നെ.

ദീർഘിപ്പിച്ച കാലയളവിലേക്കു മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാലും ‘ഡിഫോൾട്ടർ’ വിഭാഗത്തിൽ ഉൾപ്പെടില്ല. മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നവരുടെ റേറ്റിങ്ങിൽ ക്രെഡിറ്റ് റേറ്റിങ് കമ്പനികൾ വ്യത്യാസം വരുത്തുന്നതുമല്ല. 

ബിസിനസ് ഗ്രൂപ്പുകൾക്ക് കൂടുതൽ വായ്പ

ഏതു ബിസിനസ് ഗ്രൂപ്പിനും അനുവദിക്കാവുന്ന ബാങ്ക് വായ്പയുടെ പരമാവധി, അതിന്റെ അറ്റ മൂല്യത്തിന്റെ 25 ശതമാനം എന്നതാണു നിലവിലെ നിരക്ക്. ഇത് 30 ശതമാനമായി വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ കോർപറേറ്റുകൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ ആനുകൂല്യം തൽക്കാലത്തേക്കു മാത്രമാണെന്നതിൽ അവർക്കു പരിഭവമുണ്ട്. 2021 ജൂൺ‍ 30 വരെയാണ് ഈ ആനുകൂല്യത്തിന് അർഹത.

കൂടുതൽ വായ്പ ലഭിക്കാൻ കമ്പനികൾക്ക് അർഹതയുണ്ടാകുമെങ്കിലും ബാങ്കുകൾ സൗമനസ്യം കാട്ടുമോ എന്നാണ് അറിയേണ്ടത്. കോർപറേറ്റുകൾക്കു വായ്പ നൽകുന്നതിനോടു ബാങ്കുകൾ പൊതുവേ വിമുഖത കാണിക്കുകയാണ്. റീട്ടെയ്ൽ വായ്പകൾ അനുവദിക്കുന്നതിലാണു താൽപര്യമെന്നു പല ബാങ്കർമാരും സമ്മതിക്കുന്നുണ്ട്.

കയറ്റുമതി, ഇറക്കുമതി മേഖലകൾക്കു പിന്തുണ

ബാങ്കുകൾ അനുവദിക്കുന്ന പ്രീ ഷിപ്മെന്റ്, പോസ്റ്റ് ഷിപ്മെന്റ് എക്സ്പോർട് ക്രെഡിറ്റിന്റെ പരമാവധി കാലയളവ് 12ൽനിന്നു 15 മാസമായി ഉയർത്തിയതു കയറ്റുമതി മേഖലയ്ക്ക് ഒരു പരിധി വരെ ആശ്വാസകരമാണെന്നു പറയാം. എന്നാൽ ജൂലൈ 31വരെ വിതരണം ചെയ്യുന്ന തുകയ്ക്കു മാത്രമാണ് ഇതു ബാധകമെന്ന പോരായ്മയുണ്ട്.

സ്വർണം, ഡയമണ്ട് തുടങ്ങിയവ ഒഴികെയുള്ളവയുടെ ഇറക്കുമതിയിന്മേൽ വിദേശത്തേക്കുള്ള പണമടവിന്റെ കാലാവധി ഷിപ്മെന്റ് തീയതി മുതൽ ആറു മാസത്തിനകം എന്നതു 12 മാസം എന്നു പരിഷ്കരിച്ചതു നല്ല കാര്യമാണ്. എന്നാൽ ജൂലൈ 31നു മുമ്പുള്ള ഇറക്കുമതിക്കു മാത്രമാണ് ഈ ഇളവു ബാധകം.

കടാശ്വാസ നടപടികൾ  ബാങ്കുകൾക്കു കെണി

കിട്ടാക്കടത്തിലെ വർധനയും വായ്പ വിതരണത്തിലെ മാന്ദ്യവും മൂലം വിഷമത്തിലായിരുന്ന ബാങ്കുകൾക്കു മൊറട്ടോറിയം നീട്ടിയതിനോടു യോജിപ്പില്ലെന്നതാണു സത്യം. ഇടപാടുകാർക്ക് ആശ്വാസമാകുമെങ്കിലും ബാങ്കുകളുടെ ബാലൻസ് ഷീറ്റിനെ അതു ദുർബലമാക്കുമെന്നതാണു കാരണം. സ്വകാര്യ ബാങ്കുകൾക്കാണ് ഈ നടപടിയോടു കൂടുതൽ വിയോജിപ്പ്.

റിവേഴ്സ് റീപ്പോ നിരക്ക് 3.75 ശതമാനത്തിൽനിന്നു 3.35 ശതമാനമായി കുറഞ്ഞതും ബാങ്കുകൾക്കു പ്രതികൂലമാണ്. ബാങ്കുകൾക്ക് ഇപ്പോൾ പണ ലഭ്യത പ്രശ്നമേയല്ല. ആവശ്യത്തിലേറെയാണു പണ ലഭ്യത എന്നിരിക്കെ വൻ തുക ആർബിഐയിൽ നിക്ഷേപിച്ച് 3.75% പലിശ നേടുന്നതിലായിരുന്നു ബാങ്കുകൾക്കു താൽപര്യം. പല ദിവസങ്ങളിലും ആർബിഐയിൽ വാണിജ്യ ബാങ്കുകൾക്കുള്ള നിക്ഷേപം എട്ടു ലക്ഷം കോടിയിലേറെ രൂപയുടേതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA