ADVERTISEMENT

കൊച്ചി ∙ താൽക്കാലികാവശ്യത്തിനു പണം കണ്ടെത്താൻ സ്വർണപ്പണയത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർധന. ലോക്ഡൗൺ പിൻവലിക്കപ്പെടുന്നതോടെ വർധന ഗണ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വിപണി വിഹിതത്തിൽ മുൻതൂക്കമുള്ള  സ്വർണപ്പണയ കമ്പനികൾ പ്രചാരണം പൊലിപ്പിക്കുമ്പോൾ ബാങ്കുകളും ബിസിനസ് അവസരം മുതലാക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. 

ഇന്ത്യയിൽ സ്വർണത്തിന്റെ  ഗാർഹിക ശേഖരം 25,000 ടൺ വരും. അതേസമയം ഇതിൽ 650 – 750 ടൺ മാത്രമേ വായ്പകൾക്ക് ഈടെന്ന നിലയിൽ വിനിയോഗിച്ചിട്ടുള്ളൂ എന്നാണു കണക്ക്. സ്വർണപ്പണയ വിപണിയുടെ വലിയ തോതിലുള്ള വളർച്ച സാധ്യതയാണ് ഈ കണക്കിൽ നിന്നു വ്യക്തമാകുന്നത്.

ലോക്ഡൗൺ മൂലം വരുമാനമാർഗങ്ങൾ തടസ്സപ്പെടുകയോ ഇല്ലാതാകുകയോ ചെയ്ത സാധാരണക്കാർക്കും കൃഷിക്കാർക്കും ചെറുകിട വ്യാപാരികൾക്കും എംഎസ്എംഇകൾക്കും ഉടനടി പണം ലഭിക്കുമെന്നതാണു സ്വർണപ്പണയത്തിന്റെ നേട്ടം. സ്വർണ വിലയിലെ വൻ വർധന മൂലം കൂടുതൽ തുക വായ്പയായി ലഭിക്കുമെന്ന നേട്ടവുമുണ്ട്. വിലയുടെ 75% വരെയാണ് അനുവദനീയമായ വായ്പത്തുക. ‘റീട്ടെയ്ൽ ലോൺ’ വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങളിൽ ഇപ്പോൾ ഏറ്റവും വളർച്ച കാണുന്നതു സ്വർണപ്പണയത്തിലാണെന്നു ബാങ്കർമാർ പറയുന്നു.‌ 

പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കുകളിൽ നാലാം സ്ഥാനമുള്ള കാനറ ബാങ്ക് സ്വർണ വായ്പകൾക്കു മാത്രമായി പ്രത്യേക ‘ബിസിനസ് വെർട്ടിക്കൽ’ ആരംഭിച്ചുകഴിഞ്ഞു. സമൂഹത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉണർവുണ്ടാക്കാൻ സഹായിക്കുന്ന തരത്തിലാണു വായ്പ പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളതെന്നു ബാങ്ക് അവകാശപ്പെടുന്നു. പലിശ നിരക്ക് 7.85% മാത്രമാണ്. ജൂൺ 30 വരെ നീളുന്ന പ്രത്യേക പ്രചാരണ പരിപാടിയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.75% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിട്ടുള്ളത്. എസ്ബിഐയുടെ ഭവന വായ്പ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് 7.25% മാത്രമാണു പലിശ. ‘കൃഷി ഗോൾഡ് ലോൺ’ എന്ന പേരിൽ നൽകുന്ന വായ്പയ്ക്കു ‘യോനോ’ ആപ് മുഖേന അപേക്ഷിക്കാമെന്നും അറിയിപ്പുണ്ട്.

ഫെഡറൽ ബാങ്ക് ‘ഡിജി ഗോൾഡ് ഓവർഡ്രാഫ്റ്റ് സ്കീം’ എന്ന പേരിൽ ആരംഭിച്ചിട്ടുള്ള പദ്ധതി പ്രകാരം സ്വർണം സ്വീകരിക്കുന്നു. പണം ആവശ്യമുള്ളപ്പോൾ വിലയുടെ 75% വരെ പിൻവലിക്കാവുന്ന പദ്ധതിയാണിത്.

സ്വർണപ്പണയ വിപണിയിൽ പ്രവേശിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. 

പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചും പ്രചാരണം വിപുലമാക്കിയുമാണു ബാങ്ക് ഇതര ധനസ്ഥാപന (എൻബിഎഫ്സി) വിഭാഗത്തിൽപ്പെട്ട സ്വർണപ്പണയ കമ്പനികൾ വിപണി വിഹിതം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങളുടെ പിന്തുണയും പ്രയോജനപ്പെടുത്തുന്നു. ബാങ്കുകളെക്കാൾ വേഗത്തിൽ വായ്പ അനുവദിക്കുന്നതും സ്വർണപ്പണയ കമ്പനികളാണ്. കാലാവധിയുടെ കാര്യത്തിൽ കടുംപിടിത്തമില്ലാതെ ദിവസ വായ്പ പോലും അനുവദിക്കുന്നു. സംസ്ഥാനത്തേക്കു മടങ്ങിയെത്തുന്ന പ്രവാസികൾക്കു കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്ഇ) വഴി സ്വർണ വായ്പ അനുവദിക്കുന്ന പ്രത്യേക പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയാണു വായ്പ നൽകുക. ആദ്യ നാലു മാസം പലിശ മൂന്നു ശതമാനം മാത്രം. അഞ്ചാം മാസം മുതൽ നിരക്ക് 10.5 ശതമാനമായിരിക്കും.

English Summary: Indian households have stocked up to 25,000 tonnes of gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com