ADVERTISEMENT

ജ്ഞാനപീഠ ജേതാവ് ജയകാന്തന്റെ കഥാപാത്രങ്ങളായ ഗംഗയുമായോ പ്രഭുവുമായോ ഒരു ബന്ധവുമില്ലെങ്കിലും ജെഫ് ബെസോസ്, മാർക് സക്കർബർഗ്, അർണോവ് തുടങ്ങി മുകേഷ് അംബാനി വരെയുള്ള ശതകോടീശ്വരന്മാരുടെ കഥയ്ക്കും ‘സില നേരങ്കളിൽ സില മനിതർകൾ’ എന്നു പറയാം. കോടീശ്വരന്മാരുടെ പട്ടികയിൽ ഇവരുടെ സ്ഥാനം ചില നേരങ്ങളിൽ ഉയരും, ചില നേരങ്ങളിൽ താഴും. ചില നേരങ്ങളിൽ കോടികൾ വന്നു മൂടുകയും ചില നേരങ്ങളിൽ കോടികൾ കൈവിട്ടുപോകുകയും ചെയ്യുന്നതാണു കാരണം. 

ലൂയി വ്യുറ്റോങ്, ഹെന്നെസി, ക്രിസ്റ്റ്യൻ ഡിയോർ, ഫെൻഡി, ബുൾഗറി തുടങ്ങി എഴുപതിലേറെ ആഡംബര ബ്രാൻഡുകളുടെ ഉടമകളായ എൽഎംവിഎച്ച് എന്ന കമ്പനിയുടെ ചെയർമാൻ അർണോവിന്റെ കാര്യം തന്നെ നോക്കുക. യൂറോപ്പിലെ ഏറ്റവും സമ്പന്നനും ചിലപ്പോഴൊക്കെ ലോകത്തെ തന്നെ ഒന്നാം സ്ഥാനക്കാരനുമാകാറുള്ള അർണോവിന്റെ എട്ടു ലക്ഷം കോടി രൂപ വരുന്ന ആസ്തിയിൽ ഇപ്പോൾ രണ്ടു ലക്ഷം കോടിയുടെ ഇടിവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എൽഎംവിഎച്ചിന്റെ ഓഹരി വിലയിലുണ്ടായ ഇടിവാണു കാരണം. കോവിഡ് ഏറ്റവും കൂടുതൽ കോടികൾ കവർന്നത് അർണോവിന്റേതാണെന്നു ബ്‌ളൂംബർഗ് ബില്യനയേഴ്സ് ഇൻഡെക്സ്.

ഫ്രാൻസിൽനിന്നു യുഎസിലേക്കു കടന്നാൽ മറിച്ചാണു കഥ. ആമസോണിന്റെ ജെഫ് ബെസോസിന് ആസ്തിയിൽ 30% വർധന. ആസ്തി 11,21,760 കോടി രൂപയായി വർധിച്ചിരിക്കുന്നു. ഫെയ്സ്ബുക് തലവൻ മാർക് സക്കർബർഗിന്റെ ആസ്തി 45% വർധിച്ച് 6,08,000 കോടി രൂപയായി. കോവിഡ് താണ്ഡവമാടിയ മൂന്നു മാസത്തിനിടെയാണ് ഇവരുടെ ആസ്തി വർധന. മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സിനും ബർക്‌ഷെർ ഹാത്തവേയുടെ വാറൻ ബഫെറ്റിനും കോവിഡ് കാലത്ത് ആസ്തി വർധിച്ചതേയുള്ളൂ. യുഎസിൽ എന്തേ അങ്ങനെ എന്നല്ലേ? സാങ്കേതികവിദ്യകളുടെ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലുണ്ടായ വില വർധനയാണ് ഇവരുടെ ആസ്തി വർധനയ്ക്ക് ഇടയാക്കിയത്. ‘ടെക് സ്റ്റോക്സ്’ എന്നു വിളിക്കുന്ന ഓഹരികൾക്കു യുഎസ് വിപണിയിൽ ഡിമാൻഡ് കുതിച്ചുകയറുകയായിരുന്നു.

എന്തിനു യുഎസിലെ കാര്യം പറയണം? ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ലോക്ഡൗൺ കാലത്തു നേടിയത് 78,000 കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ ജിയോ പ്‌ളാറ്റ്ഫോംസിന്റെ 20 ശതമാനത്തോളം ഓഹരികൾ ഏതാനും വിദേശ സ്ഥാപനങ്ങൾ‌ക്കു വിറ്റ വകയിലാണിത്. പണം മുടക്കിയതു ഫെയ്സ്ബുക്, ജനറൽ അറ്റ്ലാന്റിക്, സിൽവർ ലേക് പാട്നേഴ്സ്, വിസ്റ്റ ഇക്വിറ്റി പാർട്നേഴ്സ്, കെകെആർ ആൻഡ് കമ്പനി എന്നിവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com