ADVERTISEMENT

പെൻഷൻ ആനുകൂല്യങ്ങൾ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്ഥിര നിക്ഷേപം നടത്തി പലിശ ഉപയോഗിച്ച് ജീവിത ചെലവുകൾ നിർവ്വഹിക്കുന്നവർക്ക് ഇപ്പോൾ നിരക്കുകളിലുണ്ടായ ഇടിവ് പലവിധ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അഞ്ച് വർഷ കാലാവധിയുള്ള, 3 മാസം കൂടുമ്പോൾ പലിശ വരുമാനം നൽകുന്ന സ്ഥിരനിക്ഷേപമായ സീനിയർ സിറ്റിസൺസ് സേവിങ്സ് സ്‌കീമിൽ (എസ്‌സിഎസ്എസ്) ഉയർന്ന പലിശ ലഭിക്കും. 7.4% ആണ് ഇപ്പോഴത്തെ നിരക്ക്. 

ആർക്കൊക്കെ

60 വയസ്സ് തികഞ്ഞവർക്കാണു നിക്ഷേപം നടത്താൻ അർഹത. ഈ വർഷം ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ റിട്ടയർ ചെയ്ത 55 വയസ്സ് പൂർത്തിയായവർക്ക് ജൂൺ 30നുള്ളിൽ നിക്ഷേപം നടത്താൻ സാധിക്കും. 

പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിലാണ് 60 വയസ്സിൽ താഴെയുള്ളവരുടെ നിക്ഷേപം സാധാരണ നിലയിൽ സ്വീകരിക്കുക. 50 വയസ്സ് പൂർത്തിയാക്കി വിരമിക്കുന്ന സൈനികർക്കും നിക്ഷേപം നടത്താം. 

നിക്ഷേപ കാലാവധിയും മുൻകൂർ പിൻവലിക്കലും 

അഞ്ച് വർഷ കാലാവധിക്കാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. തുടർന്ന് 3 വർഷം കൂടി നിക്ഷേപം നീട്ടിയെടുക്കാം. കാലാവധി എത്തി ഒരു വർഷത്തിനുള്ളിൽ നിക്ഷേപം നീട്ടിയെടുക്കേണ്ടതുണ്ട്. കാലാവധി എത്തുംമുൻപു നിക്ഷേപം പിൻവലിക്കാമെങ്കിലും പിഴ ഈടാക്കും. 

നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ പലിശയായി ഒന്നും ലഭിക്കില്ല. ഒരു വർഷത്തിനും രണ്ട് വർഷത്തിനുമിടയിലാണ് പിൻവലിക്കുന്നതെങ്കിൽ ഒന്നര ശതമാനവും അതിനു ശേഷമാണെങ്കിൽ ഒരു ശതമാനവുമാണ് പിഴയായി കുറയ്ക്കുക. 

ഇടയ്ക്കിടെ പലിശ നിരക്കുമാറ്റം 

3 മാസം കൂടുമ്പോൾ 7.4% വാർഷിക പലിശ നിരക്കിലാണു വരുമാനം ലഭിക്കുക. ഒരാൾക്കു നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 3 മാസം കൂടുമ്പോൾ 27,750 രൂപയാണ് പലിശയായി ലഭിക്കുക. സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം ഉൾപ്പെടെ ദേശീയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഓരോ 3 മാസം കൂടുമ്പോഴും പലിശ നിരക്കുകൾ പുതുക്കി നിശ്ചയിക്കും. ജൂൺ 30നു മുൻപു നിക്ഷേപം നടത്തുകയാണെങ്കിൽ ഇപ്പോഴത്തെ പലിശ നിരക്കായ 7.4 ശതമാനം നിക്ഷേപ കാലാവധി മുഴുവൻ ലഭിക്കും. 

chart

ആദായ നികുതി ഇളവ്

ആദായ നികുതി 80സി വകുപ്പ് പ്രകാരം എസ്‌സിഎസ്എസ് നിക്ഷേപങ്ങൾക്ക് ആദായ നികുതി ഇളവുണ്ട്. അർഹതയുള്ള മറ്റ് നിക്ഷേപങ്ങൾക്കൊപ്പം പരമാവധി ഒന്നര ലക്ഷം രൂപയുടെ കിഴിവാണു ലഭിക്കുക. കൂടാതെ ഒരു വർഷം പലിശ ഇനത്തിൽ ലഭിക്കുന്ന 50,000 രൂപ വരെ 80 ടിടിബി  വകുപ്പ് പ്രകാരം കിഴിവ് ലഭിക്കും. ഇക്കാരണത്താൽ 50,000 രൂപ വരെയുള്ള പലിശയ്ക്ക് സ്രോതസ്സിൽ നികുതി കിഴിക്കുന്നുമില്ല. 

അക്കൗണ്ട് തുടങ്ങാൻ 

എസ്‌സിഎസ്എസ് നിക്ഷേപം എല്ലാ പൊതുമേഖലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടത്താം. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ പ്രായം, തിരിച്ചറിയൽ, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ നൽകണം. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമിൽ നോമിനേഷൻ നടത്തുന്നതിനുള്ള ഭാഗം പൂരിപ്പിച്ചുനൽകാൻ വിട്ടുപോകരുത്.

ബാങ്കുകളുടെ സ്വന്തം പദ്ധതി വേറെ

ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയുടെ ഭാഗമായ എസ്‌സിഎസ്എസ് നിക്ഷേപത്തിൽനിന്ന് വ്യത്യസ്തമായി ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്വന്തം നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. സാധാരണ ഗതിയിൽ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പലിശനിരക്ക് സാധാരണ ഉള്ളതിൽനിന്ന് 0.5% ഉയർത്തിനൽകാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയും ഐസിഐസിഐ ബാങ്കും ഇത്‌ 0.80% കണ്ട് ഉയർത്തിയിരിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് 0.75 ശതമാനമാണ് കൂടുതൽ നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com