ADVERTISEMENT

ന്യൂഡൽഹി ∙ ഓഹരി വിതരണത്തിനു മുൻകൂർ അനുമതി ഉൾപ്പെടെ, അർബൻ സഹകരണ ബാങ്കുകൾക്കുമേൽ റിസർവ് ബാങ്കിന്റെ കർശന നിയന്ത്രണം വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ബിൽ പാസാകാത്തതിനാലാണ് ഓർഡിനൻസ്. സഹകരണ ബാങ്കുകൾ ഉൾപ്പെട്ട തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണു റിസർവ് ബാങ്കിന്റെ ഇടപെടൽ ശക്തമാക്കുന്നത്.

നിലവിൽ ഇരട്ടനിയന്ത്രണം

സഹകരണ ബാങ്കുകളുടെ റജിസ്ട്രേഷൻ, നടത്തിപ്പ്, ഓഡിറ്റ് തുടങ്ങിയവ സഹകരണ റജിസ്ട്രാറുടെ നിയന്ത്രണത്തിലാണ്. കരുതൽധനം, മൂലധനശേഷി ഉറപ്പാക്കൽ തുടങ്ങിയവ റിസർവ് ബാങ്കിന്റെ ചുമതലയിലും. ഇരട്ടനിയന്ത്രണം ക്രമക്കേടിനു വഴിവയ്ക്കുന്നുവെന്നു വിലയിരുത്തൽ.

ഇനി റിസര്‍വ് ബാങ്ക്

റിസർവ് ബാങ്കിനു കൂടുതൽ നിയന്ത്രണച്ചുമതല നൽകും. ധനമന്ത്രി മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളുനസരിച്ചാണെങ്കിൽ, പ്രാഥമിക കാർഷിക സഹകരണ വായ്പ സംഘങ്ങളും, സഹകരണ ഭൂപണയ ബാങ്കുകളും നിലവിലെ ഓർഡിനൻസിന്റെ പരിധിയിൽ വരില്ല.

മറ്റു വ്യവസ്ഥകൾ:

∙ ആർബിഐ അനുമതിയില്ലാതെ ഓഹരി മൂലധനം പിൻവലിക്കാനോ കുറയ്ക്കാനോ പാടില്ല

∙ സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത സഹകരണ ബാങ്കുകളുടെ ബോർഡ് നിയന്ത്രണം സർക്കാരുമായി ആലോചിച്ച് ആർബിഐക്ക് ഏറ്റെടുക്കാം

∙ ബാങ്കിന്റെ പ്രവർത്തനസ്ഥലം മാറ്റാനും മറ്റും ആർബിഐ അനുമതി വേണമെന്ന വകുപ്പ് ഒഴിവാക്കും.

1540 ബാങ്കുകൾ; 8.6 കോടി നിക്ഷേപകർ

സംസ്ഥാന സഹകരണ ബാങ്ക് നിയമം, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘ നിയമം എന്നിവയാൽ നിയന്ത്രിക്കപ്പെടുന്ന 1540 അർബൻ സഹകരണ ബാങ്കുകൾക്കാണ് വ്യവസ്ഥകൾ ബാധകമാകുക. മൊത്തം ഏകദേശം 8.6 കോടി നിക്ഷേപകരാണ് ഈ ബാങ്കുകൾക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com