അതിർത്തി സംഘർഷത്തിൽ ഇ–മൊബിലിറ്റി െവെകുമോ...

electric-car
SHARE

കൊച്ചി ∙ അതിർത്തിയിലെ ഏറ്റുമുട്ടലിനു ശേഷം വ്യാപാര രംഗത്തേക്കുകൂടി വ്യാപിച്ച ഇന്ത്യാ– ചൈനാ സംഘർഷം ഇന്ത്യയുടെ ഇ–മൊബിലിറ്റി പദ്ധതി വൈകിപ്പിച്ചേക്കും. വൈദ്യുതി വാഹനങ്ങളുടെ അടിസ്ഥാന ഘടകമായ ലിഥിയം ബാറ്ററി ഉൽപാദനം ഏറെക്കുറെ ചൈനയുടെ കുത്തകയാണെന്നതാണു കാരണം. 2030 ആകുമ്പോഴേക്കും രാജ്യത്ത് ഉപയോഗിക്കുന്ന വാഹനങ്ങളുടെ 30% പെട്രോളിയം ഇന്ധനത്തിൽനിന്നു മാറ്റി വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങളാക്കുക, വൈദ്യുതി വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിതി ആയോഗ് പ്രഖ്യാപിച്ച പദ്ധതി വിവിധ മന്ത്രാലയങ്ങൾ ഉത്സാഹത്തോടെ നടപ്പാക്കിവരുകയാണ്. കോടിക്കണക്കിനു രൂപ ഇതിനകം ഇൗ മേഖലയിൽ ഇന്ത്യ മുതൽമുടക്കിക്കഴിഞ്ഞു.

ജപ്പാനിലും ലിഥിയം ബാറ്ററികൾ നിർമിക്കുന്നുണ്ടെങ്കിലും ലിഥിയം ചൈനീസ് കമ്പനികളിൽ നിന്നാണ്. യൂറോപ്യൻ കമ്പനികൾ ബാറ്ററി നിർമാണത്തിലുണ്ടെങ്കിലും ഉൽപാദനം തീരെ പരിമിതം. ഇന്ത്യയിൽ ബാറ്ററി നിർമിച്ചാലും ചൈനക്കു പുറത്തുനിന്നു വാങ്ങിയാലും പണം പോകുന്നതു ചൈനയിലേക്കുതന്നെയാവും.പുതിയ വൈദ്യുതി വാഹനങ്ങൾ വാങ്ങാനുള്ള വായ്പയ്ക്കു പലിശ ഇളവു നൽകാൻ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതിയാണു കഴിഞ്ഞവർഷം സർക്കാർ പ്രഖ്യാപിച്ചത്. ഇതിനു പുറമെ വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 10,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. വൈദ്യുതി വാഹനങ്ങൾക്കു ജിഎസ്ടി 5% ആയി കുറച്ചു. നിർമാണത്തിന് ഉപയോഗിക്കുന്ന ചില ഘടകങ്ങൾക്ക് ഇറക്കുമതിത്തീരുവ കുറച്ചു. 5 സംസ്ഥാനങ്ങൾ വൈദ്യുതി വാഹന നയം പ്രഖ്യാപിച്ചു.

ഇരുചക്ര, മുച്ചക്ര വാഹന രംഗത്തു വൈദ്യുതി വാഹന നിർമാണത്തിനു കോടിക്കണക്കിനു രൂപയുടെ മുതൽമുടക്ക് വിവിധ കമ്പനികൾ നടത്തിക്കഴിഞ്ഞു.എൻടിപിസി, പവർഗ്രിഡ് കോർപറേഷൻ, ഐഒസി എന്നിവ ചാർജിങ് സ്റ്റേഷനുകളുടെ നിർമാണവും തുടങ്ങി. കാര്യങ്ങൾ ഇത്രയും എത്തിയെങ്കിലും, ബാറ്ററിയുടെ കാര്യത്തിൽ ചൈനീസ് കുത്തക നിലനിൽക്കുമ്പോൾ 2030 ആകുമ്പോഴേക്കും രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യപടിയിൽ എത്തിക്കുക എളുപ്പമാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA