ADVERTISEMENT

തിരുവനന്തപുരം ∙ ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപന വന്നതോടെ സംസ്ഥാനത്തെ ബവ്റിജസ് ഒൗട്ട്‌ലെറ്റുകളുടെ വിൽപന ബാറുകൾ പിടിച്ചെടുത്തതായി കണക്കുകൾ. പ്രതിദിനം 10 മുതൽ 13 കോടി വരെ രൂപയുടെ മദ്യമാണു മുൻപ് ബാറുകൾക്കു വിൽപനയ്ക്കായി ബവ്റിജസ് കോർപറേഷൻ കൈമാറിയിരുന്നത്. എന്നാൽ ഇപ്പോൾ ബാറുകളിൽ കുപ്പി വിൽപന അനുവദിച്ചതോടെ അവരുടെ വിൽപന 33 കോടിയായി ഉയർന്നു. ഇതു കാരണം തിരിച്ചടി കിട്ടിയതു ബവ്റിജസ് ഒൗട്ട്‌ലെറ്റുകൾക്കാണ്.

28 മുതൽ 30 കോടി രൂപയുടെ മദ്യം ദിവസേന വിറ്റിരുന്ന ബവ്കോ ഷോപ്പുകളുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം 13 കോടിയിലേക്കു കൂപ്പുകുത്തി. ബുക്ക് ചെയ്യുന്നവർക്ക് ബെവ്ക്യൂ ആപ് വഴികാട്ടുന്നതു ബാറിലേക്കാണെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ. സംസ്ഥാനത്തെ മിക്ക ബവ്കോ ഒൗട്ട്‌ലെറ്റുകളും ആളൊഴിഞ്ഞ അവസ്ഥയിലാണിപ്പോൾ. ബാറുകളിൽ പാസ് ഇല്ലാതെ എത്തുന്നവർക്കും സുലഭമായി മദ്യം ലഭിക്കുന്നുണ്ട്.

എന്നാൽ, സർക്കാർ സ്ഥാപനമായതിനാൽ ബെവ്കോ ഒൗട്ട്‌ലെറ്റുകളിലെ ജീവനക്കാർ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല. ഇതും വിൽപന ഇടിയാൻ കാരണമായി. 301 ബവ്കോ ഒൗട്ട്‌ലെറ്റുകളിൽ മാത്രം വിറ്റിരുന്ന മദ്യം 1120 ബാറുകൾ വഴി കൂടി നൽകിത്തുടങ്ങിയതിനാൽ മുക്കാൽ പങ്ക് വിൽപനയും സ്വാഭാവികമായി ബാറുകളിലേക്കു മാറുമെന്നാണ് ഒൗദ്യോഗിക വിശദീകരണം.

ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ മദ്യഷോപ്പുകൾ തുറന്നിട്ട് ഒരു മാസമാകുകയാണ്. വിൽപന സമയം കുറച്ചും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും വിറ്റുവരവിൽ നേരിയ വർധനയാണുണ്ടായത്. മുൻപ് മദ്യവിൽപനയിലൂടെ ദിവസേന ശരാശരി 41 കോടി രൂപയാണു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഇത് 43 കോടിയായി ഉയർന്നു.

2 കോടിയുടെ വർധന നികുതി കൂട്ടിയതു കൊണ്ടാണെന്നാണു വിലയിരുത്തൽ. ആപ് വഴി ബുക്ക് ചെയ്യുന്നവർക്കു മാത്രം മദ്യം നൽകുന്നതിനാൽ മദ്യം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. മിക്കവരും അനുവദനീയമായ അളവായ 3 ലീറ്റർ ഒന്നിച്ചു വാങ്ങുന്നതിനാൽ വിറ്റുവരവ് അൽപം കൂടി. ഫലത്തിൽ ലോക്ഡൗണിനു മുൻപുള്ള വിൽപന അതേപടി തുടരുന്നുവെന്നാണു ബവ്റിജസ് കോർ‌പറേഷന്റെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com