ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘വർക് നിയർ ഹോം’ പദ്ധതിയുടെ ഭാഗമാകുന്ന കെട്ടിടങ്ങളിൽ ‘മൈക്രോ–ഓഫിസ് സ്പേസ്’ വികസിപ്പിക്കുക പ്രമുഖ കോ–വർക്കിങ് സ്ഥാപനങ്ങൾ. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നവർ തന്നെ ഓഫിസ് സ്പേസ് വികസിപ്പിക്കണമെന്ന ആദ്യ നിബന്ധനയാണ് കേരള ഐടി പാർക്സ് മാറ്റിയത്. 

കെട്ടിടം വാടകയ്ക്കു നൽകുന്ന ഉടമകൾ തന്നെ ഏകീകൃത ഡിസൈൻ അടിസ്ഥാനമാക്കി ഉയർന്ന നിലവാരത്തിൽ ഓഫിസ് സ്പേസ് നിർമിക്കുന്നത് എല്ലായിടത്തും പ്രായോഗികമല്ലാത്തതിനാലാണ് കോ–വർക്കിങ് സ്പേസുകൾ നിർമിച്ചും പ്രവർത്തിപ്പിച്ചും പരിചയമുള്ള കമ്പനികളെ കൂടി ഉൾപ്പെടുത്തുന്നത്.ഓഫിസ് വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിന്റെ ചുമതല ഈ കമ്പനിക്കായിരിക്കും. ഇതോടെ കെട്ടിട ഉടമയുടെ മേൽ വരുന്ന പ്രാരംഭ ചെലവ് ഒഴിവാകും.

ഒരു ഓഫിസ് സ്പേസിൽ തന്നെ ഒട്ടേറെ കമ്പനികളുടെ ജീവനക്കാർ ഒരുമിച്ചിരുന്നു ജോലി ചെയ്യുന്ന രീതിയാണ് കോ–വർക്കിങ്. ഒരാഴ്ചയ്ക്കുള്ളിൽ കോ–വർക്കിങ് സ്ഥാപനങ്ങളിൽ നിന്നും  കെട്ടിട ഉടമകളിൽ നിന്നും താൽപര്യപത്രം  ക്ഷണിച്ചുതുടങ്ങും.സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ഫ്രാഞ്ചൈസി മോഡലിൽ കേരള ഐടി പാർക്കുകളുടെ ബ്രാൻഡിൽ ആരംഭിക്കുന്ന ‘വർക് നിയർ ഹോം’ സെന്ററിൽ അതത് പ്രദേശത്തുള്ളവർക്ക് സീറ്റ് നിരക്കിൽ വാടക നൽകി ഉപയോഗിക്കാം. 5,000 ചതുരശ്രയടി വിസ്തീർണമുള്ള ഒരു സെന്ററിൽ 90 പേരെ ഉൾക്കൊള്ളിക്കാനാകും.

ഡേറ്റ സുരക്ഷ ഉറപ്പാക്കും

വർക് നിയർ ഹോം സർവേയിൽ പങ്കെടുത്ത കമ്പനികൾ ചിലത് പങ്കുവച്ചത് നെറ്റ്‍വർക് സുരക്ഷയെപ്പറ്റിയുള്ള ആശങ്കയായിരുന്നു. വിവരസുരക്ഷ മുൻനിർത്തി കമ്പനികളുടെ ഉള്ളിലിരുന്ന് മാത്രം ജോലി ചെയ്യണമെന്നാണ് ചില ക്ലയന്റുകളുടെ ആവശ്യം. ഇതുറപ്പാക്കാനായി സൈബർ സെക്യൂരിറ്റി ഓഡിറ്റും ആവശ്യമായ അംഗീകാരങ്ങളും തേടാനാണ് ഐടി വകുപ്പിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com