ADVERTISEMENT

ലോക്ഡൗൺ കാലയളവിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കു മുഴുവൻ വേതനവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് 23, 24, 26 തീയതികളിലായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടറും ലേബർ കമ്മിഷണറും വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. അത്തരം ഉത്തരവുകളനുസരിച്ച്, ജോലിക്കു നിയോഗിക്കപ്പെടാത്ത ആകസ്മിക ജീവനക്കാർക്കു പോലും ലോക്ഡൗൺ കാലയളവിൽ മുഴുവൻ വേതനം നൽകേണ്ടതുണ്ട്.

ജീവനക്കാരെ പിരിച്ചുവിടരുത്, ലേഓഫ്, ലോക്കൗട്ട് എന്നിവ പ്രഖ്യാപിക്കരുത് എന്നു തുടങ്ങിയ നിർദേശങ്ങളും അത്തരം ഉത്തരവുകളിൽ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മാർച്ച് 29ന് സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ലോക്ഡൗൺ കാലയളവിൽ തുറന്നുപ്രവർത്തിക്കാൻ അനുവാദം ലഭിച്ച സ്ഥാപനങ്ങളിൽ ജോലിക്കു ഹാജരാകാതിരുന്ന ജീവനക്കാർക്കു പോലും മുഴുവൻ വേതനവും നൽകണമെന്ന് അത്തരം ഉത്തരവുകൾ നിഷ്കർഷിച്ചിരുന്നു.

ഈ ഉത്തരവുകളുടെ നിയമസാധുത ചോദ്യം ചെയ്ത് തൊഴിലുടമാ സംഘടനകൾ സുപ്രീം കോടതിയിൽ റിട്ട് ഹർജികൾ നൽകി. ഹർജികളെ എതിർത്തുകൊണ്ട് വിവിധ തൊഴിലാളി സംഘടനകളും സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ജൂൺ 12നു സുപ്രീം കോടതി ഒരിടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ ദോഷകരമായ പ്രത്യാഘാതങ്ങൾക്കു വഴിവച്ചിട്ടുണ്ട് എന്നു നിരീക്ഷിച്ച സുപ്രീം കോടതി ഇരുഭാഗത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നു വ്യക്തമാക്കി. ഒരു സ്ഥാപനത്തിനും ജീവനക്കാരുടെ സഹകരണം ഇല്ലാതെയും മറിച്ചും നിലനിൽക്കാൻ കഴിയില്ലെന്നുു പറഞ്ഞ കോടതി, ലോക്ഡൗൺ കാലയളവിലെ വേതനം സംബന്ധിച്ച് ജീവനക്കാരുമായി ചർച്ച ചെയ്യാൻ തയാറുള്ള തൊഴിലുടമകൾ അതു ചെയ്യണമെന്നു നിർദേശിച്ചു.

അത്തരം ചർച്ചകളിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ വന്നാൽ ലേബർ വകുപ്പിലെ ബന്ധപ്പെട്ട അനുരഞ്ജന ഓഫിസർമാരുടെ ഇടപെടൽ ആവശ്യപ്പെടണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അത്തരം ചർച്ചകളിൽ ധാരണ ഉണ്ടാകുന്നപക്ഷം കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഇല്ല എന്നു കരുതിത്തന്നെ ധാരണപ്രകാരമുള്ള വ്യവസ്ഥകൾ നടപ്പിലാക്കാവുന്നതാണ് എന്നും ഉത്തരവിലുണ്ട്. 

സുപ്രീം കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ, തർക്കങ്ങൾ നിലനിൽക്കുന്ന സ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവർക്ക്, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറിപ്പ് ജൂൺ 29ന് കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com