ADVERTISEMENT

കൊച്ചി∙ രാജ്യത്തെ സ്വർണ, വജ്രാഭരണക്കയറ്റുമതിയിൽ ജൂണിൽ 34.72% ഇടിവ്. കഴിഞ്ഞ വർഷം ജൂണിൽ 18,951 കോടി രൂപയുടേതായിരുന്ന കയറ്റുമതി 12,333 കോടിയുടേതായി കുറഞ്ഞു. ജെം ആൻ‍ഡ് ജ്വല്ലറി എക്സ്പോർട്ട് കൗൺസിലാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണ് കയറ്റുമതി ഇടിയാൻ പ്രധാന കാരണം. വിമാന സർവീസ് സാധാരണഗതിയിലാകാത്തതും കയറ്റുമതി കുറയാൻ കാരണമായി. ലോക്ഡൗണിനെ തുടർന്ന് പൂർണമായി മുടങ്ങിയ ആഭരണ കയറ്റുമതി മേയ് പകുതിയോടെയാണ് പുനഃരാരംഭിച്ചത്. റിട്ടേൺ ഫ്ലൈറ്റുകളിലും കാർഗോ സർവീസുകളിലുമായാണ് ഇപ്പോൾ ആഭരണ കയറ്റുമതി നടക്കുന്നത്. രാജ്യത്തെ ആകെ കയറ്റുമതിയുടെ 15 ശതമാനമാണ് സ്വർണ, വജ്രാഭരണങ്ങൾ.

പകുതി പോലുമില്ല, കയറ്റുമതി

ഏപ്രിൽ– ജൂൺ പാദത്തിൽ ആഭരണക്കയറ്റുമതിയിൽ 54.79 ശതമാനമാണ് ഇടിവ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ‌ 6.07 ബില്യൻ ഡോളറായിരുന്ന കയറ്റുമതി 2.75 ബില്യൻ ഡോളറായി ഇടിഞ്ഞു. ലോക്ഡൗണിനെ തുടർന്ന് കയറ്റുമതി 79% വരെ ഇടിഞ്ഞിരുന്നു. 321 ഡോളറായി കയറ്റുമതി മൂല്യം ചുരുങ്ങി. കളർ സ്റ്റോണുകളുടെ കയറ്റുമതി 80.56 ശതമാനമായും ഇടിഞ്ഞിരുന്നു. അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ആഭരണങ്ങൾ കയറ്റി അയയ്ക്കുന്നത്. ആകെ കയറ്റുമതിയുടെ 25 ശതമാനത്തോളം അമേരിക്കയിലേക്കാണ്.

വെള്ളി ആഭരണങ്ങളോടു പ്രിയം

സ്വർണം, വജ്രം, കളർസ്റ്റോൺ ആഭരണങ്ങളുടെ കയറ്റുമതി കുറഞ്ഞപ്പോൾ വെള്ളി ആഭരണങ്ങളുടെ കയറ്റുമതിയിൽ വർധന. കഴിഞ്ഞ പാദത്തിൽ 324.59 മില്യൻ ഡോളറിന്റെ കയറ്റുമതിയാണു നടന്നത്. കഴിഞ്ഞ വർഷം ഇത് 168 മില്യൻ ഡോളറിന്റേതായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com