ADVERTISEMENT

കൊച്ചി ∙ ഇന്ത്യയിൽനിന്നുള്ള കാപ്പി കയറ്റുമതിക്കു യൂറോപ്യൻ വിപണികളിൽ കനത്ത വെല്ലുവിളി. വിയറ്റ്നാം, യുഗാണ്ട, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉൽപന്നം ലഭ്യമാക്കുന്നതു വയനാട്ടിലെയും കർണാടകയിലെയും തമിഴ്നാട്ടിലെയും കാപ്പി കർഷകരെ കൂടുതൽ പ്രയാസത്തിലാക്കുമെന്ന് ആശങ്ക.ഇറ്റലി, ജർമനി, ബൽജിയം, സ്പെയിൻ തുടങ്ങിയവയാണു യൂറോപ്പിൽ ഇന്ത്യൻ കാപ്പിയുടെ പ്രധാന വിപണികൾ. റൊബസ്റ്റ, അറബിക്ക ഇനങ്ങൾക്കു പുറമെ ഇൻസ്റ്റന്റ് കോഫിയും ഇന്ത്യ ഈ വിപണികളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനവും കയറ്റുമതി ചെയ്യുകയാണ്.

മെച്ചപ്പെട്ട വിളവെടുപ്പും കറൻസിയുടെ മൂല്യശോഷണവും മൂലം ഏതാനും മാസങ്ങളായി ബ്രസീലിൽനിന്നു കുറഞ്ഞ വിലയ്ക്കു കൂടുതൽ കാപ്പി വിദേശ വിപണികളിൽ എത്തുന്നുണ്ടായിരുന്നു. ഉൽപാദനത്തിൽ പ്രാമുഖ്യമുള്ള വിയറ്റ്നാമും അതോടെ കുറഞ്ഞ വിലയ്ക്കു കാപ്പി ലഭ്യമാക്കാൻ തുടങ്ങി. അതിനിടെ ഇപ്പോൾ യുഗാണ്ടയും കുറഞ്ഞ വിലയ്ക്കു കാപ്പി ലഭ്യമാക്കാൻ തുടങ്ങിയിരിക്കുന്നു. ടണ്ണിന് 200 ഡോളർ വരെ വിലക്കുറവോടെയാണു യുഗാണ്ടയിൽനിന്നുള്ള റൊബസ്റ്റ വിൽപന.

ഇന്ത്യയിൽനിന്നുള്ള കാപ്പിയുടെ ഏറ്റവും വലിയ വിപണികളിലൊന്ന് ഇറ്റലിയാണ്. ബ്രസീൽ കഴിഞ്ഞാൽ ഇന്ത്യയ്ക്കാണ് അവിടെ കൂടുതൽ വിപണി വിഹിതം. ഇന്ത്യയിൽനിന്നുള്ള കാപ്പിക്കു കടുത്ത മത്സരം നേരിടുന്നതും ഇറ്റലിയിൽത്തന്നെ. കോവിഡ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിലെ സാമ്പത്തികസ്ഥിതി മോശമായതിനാൽ അവിടെ വിലക്കുറവുള്ള കാപ്പിക്കു ഡിമാൻഡ് വർധിക്കുന്നതു സ്വാഭാവികം.
കഴിഞ്ഞ വർഷം ജനുവരി – ജൂൺ കാലയളവിൽ ഇന്ത്യയിൽനിന്ന് 50,513 ടൺ കാപ്പി ഇറ്റലിയിലേക്കു കയറ്റുമതി ചെയ്യാൻ കഴിഞ്ഞു.

എന്നാൽ ഇക്കഴിഞ്ഞ ജനുവരി – ജൂൺ കാലയളവിൽ കയറ്റുമതി ചെയ്തതു 36,547 ടൺ മാത്രം. 27.6 ശതമാനത്തിന്റെ കുറവ്.ആഭ്യന്തര വിപണിയിൽ കഴിഞ്ഞ വർഷത്തെക്കാൾ 10% വരെ വിലയിടിവുണ്ടായതു മൂലം വയനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കാപ്പി കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണു വിദേശ വിപണികളിൽനിന്നുള്ള തിരിച്ചടി. ഇന്ത്യയിൽനിന്ന് ഇറ്റലിയിലേക്കുള്ള റൊബസ്റ്റ കയറ്റുമതിയിൽ 75 ശതമാനത്തോളവും വയനാട്ടിൽനിന്നാണ്.

കുരുമുളകു നേരിടുന്ന അതേ വെല്ലുവിളി

രാജ്യാന്തര വിപണികളിൽ ഏറെക്കാലമായി കുരുമുളകു നേരിടുന്ന അതേ വെല്ലുവിളിയാണ് ഇപ്പോൾ കാപ്പിക്കു നേരിടേണ്ടിവന്നിരിക്കുന്നത്. ഉൽപാദക രാഷ്ട്രങ്ങളെല്ലാം വില കുറച്ച് ഉൽപന്നം ലഭ്യമാക്കുകയാണ്. ഇന്ത്യയിൽനിന്നുള്ള കുരുമുളകിന്റെ പകുതി വിലയ്‌ക്കാണു രാജ്യാന്തര വിപണിയിൽ വിയറ്റ്‌നാമിന്റെ വിൽപന. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിനു ടണ്ണിന് 4700 യുഎസ് ഡോളറാണു വില. വിയറ്റ്‌നാമിന്റെ നിരക്ക് 2300 ഡോളർ മാത്രം. ഇന്തൊനീഷ്യയുടെ നിരക്ക് 2400 ഡോളർ. ശ്രീലങ്കയുടെ വിൽപന 2900 ഡോളറിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com