ADVERTISEMENT

കൊച്ചി∙ കോവിഡ് കാലത്തും ആഗോളതലത്തിൽ  സ്വർണത്തിന്  ആവശ്യം വർധിക്കുന്നു. ജനുവരി –മാർച്ച് കാലയളവിൽ 1083 ടണ്ണിന്റെ ഉപയോഗം ഉണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി)റിപ്പോർട്ടിൽ‌ പറയുന്നു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ ഒരു ശതമാനം വർധന.

ആഗോള പ്രതിസന്ധിക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തിന് ആവശ്യം കൂടുന്നത്. സ്വർണം അധിഷ്ഠിതമായ എക്സ്ചേഞ്ച് ട്രേഡഡ്  ഫണ്ടുകളിൽ (ഇടിഎഫ്) 3 മാസത്തിനുള്ളിൽ 298 ടണ്ണിന്റെ അധിക നിക്ഷേപമാണ് ലഭിച്ചത്. ഇതോടെ ആഗോള തലത്തിലെ നിക്ഷേപം 3185 ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത് ഇടിഎഫിലെ നിക്ഷേപകരാണ്.

മൂല്യത്തിലെ  വർധന 17%

സ്വർണത്തിന്റെ മൂല്യത്തിലും ഗണ്യമായ വർധനയാണ് ഉണ്ടായത്. 16.8%. സ്വർണ വില 8 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയതും ഈ വർഷമാണ്. ജൂണിൽ വില ഔൺസിന് (31.1ഗ്രാം) 1770 ഡോളറിൽ എത്തിയിരുന്നു. നിക്ഷേപങ്ങളുടെ പട്ടികയിൽ സ്വർണത്തിന് മുൻഗണന നൽകിത്തുടങ്ങിയതും വിലയെ സ്വാധീനിച്ചു.

നാണയം തിളങ്ങി

സ്വർണ ബാറുകൾക്ക് ആവശ്യം കുറഞ്ഞപ്പോൾ നാണയങ്ങൾ തിളങ്ങി. വിൽപന 36% വർധിച്ച് 76.9 ടണ്ണിലെത്തി. ചെറുകിട നിക്ഷേപകരാണ് ഇവ വാങ്ങിക്കൂട്ടിയത്. അതേസമയം, ആഭരണ നിർമാണത്തിനായി സ്വർണം വാങ്ങുന്നത് കുറയുകയും ചെയ്തു. ഇത് 39% താഴ്ന്ന് ഏറ്റവും കുറഞ്ഞ നിലവാരമായ 325.8 ടണ്ണിലെത്തി. ആഭരണ നിർമാണത്തിനായി ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന ചൈനയിൽ ആവശ്യം 65 ശതമാനമാണ് കുറഞ്ഞത്.

കേന്ദ്ര ബാങ്കുകൾ പിന്നോട്ട്

സ്വർണം വാങ്ങിക്കൂട്ടുന്നതിൽ കേന്ദ്ര ബാങ്കുകൾ മുന്നിലാണെങ്കിലും കോവി‍ഡ് പ്രതിസന്ധി മൂലം  വാങ്ങുന്നതിന്റെ തോതിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 3 മാസത്തിനുള്ളിൽ 145 ടണ്ണാണ് സംഭരിച്ചത്. 8% കുറവ്. സ്വർണ ശേഖരത്തിൽ അഞ്ചാം സ്ഥാനത്തുള്ള റഷ്യ ഏപ്രിൽ മുതൽ സ്വർണം വാങ്ങുന്നത് നിർത്തിവച്ചിരിക്കുകയാണ്.

ഉൽപാദനം  കുറഞ്ഞു

കോവിഡ് വ്യാപനവും ലോക്ഡൗണും തൊഴിൽക്ഷാമവും സ്വർണത്തിന്റെ ഉൽപാദനം ഗണ്യമായി കുറച്ചു. ഉൽപാദനം 5 വർഷത്തെ താഴ്ന്ന നിലവാരമായ 795.8 ടണ്ണിലെത്തി. കുറവ് 4 ശതമാനം.

വിലയെ സ്വാധീനിക്കും

 ∙ഓഹരി, ഡോളർ, കടപ്പത്ര വിപണികളിലെ അസ്ഥിരത

∙ യുഎസ്–ചൈന വ്യാപാര യുദ്ധം

∙ ഖനന രംഗത്തെ പ്രതിസന്ധി

  ∙മുൻ നിര രാജ്യങ്ങളുടെ വിദേശ നാണ്യകരുതൽ ശേഖരത്തിന്റെ നല്ല പങ്കും സ്വർണമാണ്. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബാധ്യത മറികടക്കാൻ ഇതിൽ ചെറിയ പങ്കു വിറ്റാൽ പോലും സ്വർണ വിപണിയെ ബാധിക്കും. ഡബ്ല്യുജിസിയുടെ കണക്കുപ്രകാരം ലോകത്ത് 190040 ടൺ സ്വർണമുണ്ട്.

ഐഎംഎഫ്, വൻകിട നിക്ഷേപ സ്ഥാപനങ്ങൾ, വ്യക്തികൾ സ്വർണ വിൽപന നടത്താൻ സാധ്യതയുണ്ട്. ഇത് വിലയിടിവിനും വഴിവയ്ക്കാം.

സ്വർണ ശേഖരത്തിൽ മുന്നിലുള്ള 11 രാജ്യങ്ങൾ 

(അളവ് ടൺ)

യുഎസ് 8133.5

ജർമനി 3373.6

ഇറ്റലി 2451.8

ഫ്രാൻസ് 2436

റഷ്യ 1880.5

ചൈന 1842.6

സ്വിറ്റ്സർലൻഡ് 1040

ജപ്പാൻ 765.2

നെതർലൻഡ്സ് 612.5

തുർക്കി 591

ഇന്ത്യ 652.2

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com