ADVERTISEMENT

വിശ്വസ്തതയുടെ പ്രതീകമാണു രാഖി. വിശ്വസിക്കാൻ കൊള്ളാത്ത ചൈനയിൽ നിർമിച്ചതാണ് അതെങ്കിൽ ആരു വാങ്ങാൻ? ഇത്തവണ സംഭവിച്ചത് അതാണ്. ശ്രാവണ മാസത്തിലെ പൗർണമി നാളിൽ കോടിക്കണക്കിനു കൈകളിൽ ബന്ധിക്കപ്പെടുക ഇന്ത്യയിൽ നിർമിച്ച രാഖിയായിരിക്കും. 

രാഖി അണിയിക്കുന്ന സഹോദരിമാർക്കു സമ്മാനമായി നൽകപ്പെടുക ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ. ശനിയാഴ്ച നടക്കുന്ന ‘രക്ഷാബന്ധൻ’ ദിനത്തിനു മുന്നോടിയായി രാഖികളുടെയും സമ്മാനങ്ങളുടെയും ബിസിനസ് കണക്കാക്കുമ്പോൾ ചൈനയ്ക്കു 4000 കോടിയിലേറെ രൂപയുടേതാണ് അവസര നഷ്ടം.

രക്ഷാബന്ധൻ പ്രമാണിച്ച് 6000 കോടി രൂപയുടെ വ്യാപാരം നടക്കാറുണ്ടെന്നാണു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ കണക്ക്. ഇതിന്റെ മൂന്നിൽ രണ്ടു വിഹിതവും ചൈനയുടേതാണ്. അതിർത്തിയിലെ അതിക്രമത്തിന്റെ പേരിൽ ചൈനയ്ക്കെതിരെ വളരുന്ന വിരോധം പരിഗണിച്ച് അവിടെനിന്നു രാഖികളോ സമ്മാനങ്ങളോ ഇറക്കുമതി ചെയ്യാൻ മിക്ക വ്യാപാരികളും തയാറായില്ല. രാഖികൾ നിർമിക്കാനുള്ള പേപ്പർ ഫോയിൽ, ചരട്, മുത്തുകൾ, അലുക്കുകൾ എന്നിവ പോലും ഇറക്കുമതി ചെയ്യപ്പെട്ടില്ല. പകരം തമിഴ്നാട്ടിലെ ധർമപുരി മുതൽ ഉത്തരാഖണ്ഡിലെ ചമ്പാവത് വരെയും അസമിലെ ടിൻസുകിയ മുതൽ ഗുജറാത്തിലെ കച്ച് വരെയുമുള്ള ചെറുകിട സംരംഭങ്ങളുടെ ഉൽപന്നങ്ങൾ വിപണി കീഴടക്കി.

രക്ഷാബന്ധൻ വിപണിയിലെ തിരിച്ചടി ഓണം മുതൽ ക്രിസ്മസ് വരെ നീളുന്ന ഉത്സവകാല വിപണിയിൽ ആവർത്തിക്കരുതേ എന്നാണു ചൈനീസ് കമ്പനികളുടെ പ്രാർഥന. സ്മാർട്ഫോൺ മുതൽ ടെലിവിഷൻ സെറ്റുകളുടെയും റഫ്രിജറേറ്ററുകളുടെയും വരെ നിർമാതാക്കൾ വിപണിയുടെ മാറ്റത്തിനനുസരിച്ചു വിപണന, പ്രചാരണ തന്ത്രങ്ങളിൽ മാറ്റം വരുത്താനുള്ള തിരക്കിലാണ്. 

ചൈനയിൽനിന്നുള്ള ഇലക്ട്രോണിക്സ്, സ്മാർട്ഫോൺ കമ്പനികൾ ഓണം മുതൽ ക്രിസ്മസ് വരെയുള്ള വിൽപനയുടെ പ്രചാരണത്തിനു 2500 കോടി രൂപയെങ്കിലും ചെലവഴിക്കുമെന്നാണു  പ്രചാരണരംഗത്തു പ്രവർത്തിക്കുന്നവരുടെ അനുമാനം. ഓണമാണ് ആദ്യമെന്നതിനാൽ കേരള വിപണിയിലാണു കമ്പനികളുടെയെല്ലാം പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com