ADVERTISEMENT

ന്യൂഡൽഹി ∙ നികുതിദായകർക്ക് സേവന സംബന്ധിയായി 14 വാഗ്ദാനങ്ങളും നികുതിദായകരിൽനിന്ന് 6 പ്രതീക്ഷകളുമുള്ളതാണ് ആദായ നികുതി വകുപ്പിന്റെ പരിഷ്കരിച്ച ചാർട്ടർ. വാഗ്ദാനങ്ങൾക്കനുസരിച്ച് സേവനം ലഭിക്കുന്നില്ലെങ്കിൽ, നികുതിദായകർക്ക് അതതു മേഖലകളിലെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറോടു പരാതിപ്പെടാം. വകുപ്പിന്റെ ലക്ഷ്യങ്ങളും പ്രതീക്ഷകളും ഒാരോ നടപടിക്കും വേണ്ടിവരുന്ന സമയക്രമവും വ്യക്തമാക്കി 2014ൽ ചാർട്ടർ പുറത്തിറക്കിയിരുന്നു. 2010 ജുലൈയിലെ ചാർട്ടർ പരിഷ്കരിച്ചുള്ളതായിരുന്നു ഇത്.

വകുപ്പിന്റെ വാഗ്ദാനങ്ങൾ:

നികുതിദായകരോട് നീതിപൂർവകവും മര്യാദയും ന്യായവുമുള്ളതായ ഇടപെടൽ, മറ്റു കാരണങ്ങളില്ലെങ്കിൽ നികുതിദായകരെ സത്യസന്ധരെന്നു കണക്കാക്കുക, അപ്പീലിനും പുനഃപരിശോധനയ്ക്കും സംവിധാനം, സമഗ്രവും കൃത്യവുമായി വിവരങ്ങൾ നൽകുക, കൃത്യസമയത്ത് തീരുമാനങ്ങളെടുക്കുക, കൃത്യമായ നികുതി മാത്രം ഈടാക്കുക, നികുതിദായകരുടെ സ്വകാര്യത മാനിക്കുക, നൽകുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം നിയമപ്രകാരം സംരക്ഷിക്കുക,

ഉദ്യോഗസ്ഥരുടെ നടപടികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുക, തന്റെ ഇഷ്ടപ്രകാരം പ്രതിനിധിയെ നിയോഗിക്കാൻ നികുതിദായകന് അനുമതി, പരാതി സംവിധാനം, തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ സംവിധാനം, സേവന നിലവാരം പരസ്യപ്പെടുത്തൽ, നികുതി നിയമം നടപ്പാക്കുന്നതിന്റെ ചെലവു കുറയ്ക്കുക.

 നികുതിദായകരിൽ നിന്ന് പ്രതീക്ഷിക്കുന്നത്:

സത്യസന്ധതയോടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുകയും ബാധ്യതകൾ പാലിക്കുകയും ചെയ്യുക, നികുതി നിയമപ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ അറിഞ്ഞിരിക്കുകയും ആവശ്യമെങ്കിൽ വകുപ്പിന്റെ സേവനം ചോദിക്കുകയും ചെയ്യുക, ആവശ്യമായ രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കുക, താൻ ചുമതലപ്പെടുത്തുന്ന പ്രതിനിധി എന്തൊക്കെ വിവരങ്ങൾ നൽകുന്നുവെന്ന് ബോധ്യമുണ്ടായിരിക്കുക, നിയമപ്രകാരമുള്ള മറുപടികൾ കൃത്യസമയത്തു നൽകുക, നികുതി കൃത്യസമയത്ത് അടയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com