ADVERTISEMENT

കണ്ണൂർ∙ ഓണക്കിറ്റിലെ ശർക്കരവിതരണത്തിൽ സപ്ലൈകോയ്ക്കു വൻ സാമ്പത്തിക നഷ്ടം. മുഴുവൻ ഡിപ്പോകളിലേക്കുമായി ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ കമ്പനിക്ക് എട്ടു ഡിപ്പോകളിലെ വിതരണം മാത്രം നൽകി, ബാക്കിയുള്ളവ കിലോഗ്രാമിന് 12 രൂപവരെ വില വ്യത്യാസത്തിൽ നാലു കമ്പനികൾക്കു വീതിച്ചു നൽകി.

ടെൻഡറിൽ കിലോഗ്രാമിന് 50.50 രൂപ രേഖപ്പെടുത്തിയ കമ്പനിക്ക് 10 ലക്ഷം കിലോഗ്രാമിനുള്ള ഓർഡർ മാത്രം ലഭിച്ചപ്പോൾ, 62.40 രൂപവരെ ക്വോട്ട് ചെയ്ത മറ്റു നാലു കമ്പനികൾക്ക് 70 ലക്ഷം കിലോയുടെ ഓർഡർ നൽകി. ഇതുവഴി 6 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണുണ്ടായത്. ആദ്യത്തെ കമ്പനിക്കു ശേഷിയില്ലാത്തതുകൊണ്ടാണ്, കൂടിയ വിലയ്ക്കു മറ്റു കമ്പനികൾക്ക് ഓർഡർ നൽകിയതെന്നാണു സപ്ലൈകോയുടെ വിശദീകരണം. 

ഫാർമോക്സ് അഗ്രോ എന്ന കമ്പനിയാണ് 49.50 രൂപ മുതൽ 50.50 രൂപവരെ കിലോയ്ക്ക് രേഖപ്പെടുത്തിയത്. പിന്നീട്, 10 ലക്ഷം കിലോ നൽകാനുള്ള ശേഷിയേയുള്ളൂവെന്നു കമ്പനി അറിയിച്ചെന്നു സപ്ലൈകോ പറയുന്നു. ടെൻഡറിൽ എല്ലാ ഡിപ്പോയിലേക്കും വില ക്വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നു കമ്പനി അധികൃതർ മനോരമയോടു പറഞ്ഞു. സപ്ലൈകോയുടെ ഇ ടെൻഡർ സംവിധാനത്തിൽ ഇങ്ങനെയൊരു അബദ്ധത്തിനു പഴുതില്ല. എന്തബദ്ധം സംഭവിച്ചാലും ടെൻഡർ തുറക്കുന്നതിനു മുൻപ് അറിയിച്ചിരിക്കണമെന്നാണു ചട്ടം. 

ടെൻഡറിൽ പങ്കെടുത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കമ്പനിയുടെ വീഴ്ച മൂലം, തൊട്ടടുത്ത കമ്പനിയിൽനിന്ന് അധികവിലയ്ക്കു സാധനം വാങ്ങേണ്ടിവന്നാൽ ഈ നഷ്ടം ആദ്യത്തെ കമ്പനിയിൽനിന്ന് ഈടാക്കണമെന്ന ഉത്തരവുണ്ട്. ഇവിടെ കിലോയ്ക്ക് 12 രൂപയുടെ വരെ വ്യത്യാസത്തിൽ അഞ്ചാമത്തെ കമ്പനിയുമായി വരെ ഇടപാടു നടത്തി. മലബാറിലെ ചില ജില്ലകളിൽ ഉണ്ട ശർക്കരയ്ക്കു പകരം, വില കുറഞ്ഞ വെല്ലമാണു വിതരണം ചെയ്തത്.

Chart

ഇതിൽ വിതരണക്കാർക്കു ലക്ഷങ്ങളുടെ അധികലാഭം ലഭിച്ചു. ടെൻഡർ തുറന്ന് 24 മണിക്കൂറിനകം പിൻമാറിയതുകൊണ്ടാണു കമ്പനിക്കെതിരെ നടപടിയെടുക്കാത്തതെന്ന് സിഎംഡി അലി അസ്ഗർ പാഷ പറഞ്ഞു. ശർക്കരയ്ക്കു ’സ്റ്റാൻഡർഡൈസേഷൻ’ ഇല്ലാത്ത പ്രശ്നമുണ്ടെന്നും ഗുണനിലവാരമില്ലാത്തതു വിതരണം ചെയ്തോയെന്നു പരിശോധിക്കുമെന്നും അറിയിച്ചു. 

English Summary : About Rs 6 crore economic loss in jaggery fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com