ഇനി പലിശ കുറയാൻ സാധ്യത കുറവ്: എസ്ബിഐ വിദഗ്ധർ
Mail This Article
മുംബൈ∙ റിസർവ് ബാങ്ക് വായ്പകളുടെ പലിശ ഇനിയും കുറയ്ക്കാൻ സാധ്യതയില്ലെന്നും സാമ്പത്തിക ഉത്തേജനം തുടരേണ്ടത് സർക്കാരാണെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞർ. വിലക്കയറ്റത്തോത് ഉയരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ധനനയസമിതി യോഗത്തിൽ വായ്പനിരക്കു കുറയ്ക്കാതിരുന്നതെന്ന് വ്യക്തമാക്കുന്ന മിനിറ്റ്സ് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് എസ്ബിഐയുടെ വിദഗ്ധാഭിപ്രായം.
വിലക്കയറ്റം ഇപ്പോഴത്തെ നിലയിൽനിന്നു താഴാൻ ഇടയില്ല. അതുകൊണ്ടുതന്നെ റിസർവ് ബാങ്കിനുമുന്നിലെ വഴിയടഞ്ഞിരിക്കുകയാണ്. പരമാവധി 0.25% കൂടി താഴ്ത്താൻ ശ്രമിക്കാമെന്നേയുള്ളൂ. റിസർവ് ബാങ്ക് പ്രഖ്യാപിച്ച തോതിൽ പലിശയിളവ് വിപണിയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കോവിഡ് ബാധ തുടങ്ങിയശേഷം അടിസ്ഥാന നിരക്കിൽ 1.15% കുറവാണ് റിസർവ് ബാങ്ക് വരുത്തിയത്. വിലക്കയറ്റത്തോത് 6% കവിയരുതെന്നാണു ലക്ഷ്യമിടുന്നതെങ്കിലും കഴിഞ്ഞ മാസം 6.9% എത്തിയിട്ടുണ്ട്.സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിൽ ഇനി സർക്കാരിന്റെ നയങ്ങൾക്കാണു പ്രസക്തിയെന്നും വിദഗ്ധർ പറഞ്ഞു.