മൊറട്ടോറിയം കാലത്തെ പലിശ: പഠിക്കാൻ സമിതി
Mail This Article
ന്യൂഡൽഹി ∙ ബാങ്ക് വായ്പകളുടെ തിരിച്ചടവിനു മൊറട്ടോറിയമുണ്ടായിരുന്ന സമയത്തെ പലിശയും കൂട്ടുപലിശയും ഒഴിവാക്കുന്നത് സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നതിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി ഈ മാസം 28നു വീണ്ടും പരിഗണിക്കും.കഴിഞ്ഞ മാസം 31വരെ കിട്ടാക്കടമാകാത്ത ബാങ്ക് വായ്പകൾ ഇനി ഉത്തരവുണ്ടാകുംവരെ ആ ഗണത്തിൽ പെടുത്തരുതെന്ന് കഴിഞ്ഞ 3നു കോടതി നിർദേശിച്ചിരുന്നു.
ഈ നിർദ്ദേശം തൽക്കാലം പ്രാബല്യത്തിൽ തുടരും. വിദഗ്ധ സമിതിയുടെ നടപടികളുമായി ബന്ധപ്പെട്ട് സമഗ്ര സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് 2 ആഴ്ച അനുവദിച്ചു. വിദഗ്ധ സമിതി രൂപീകരിക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്റിഷി അധ്യക്ഷനായ സമിതി ബാങ്കുകളും മറ്റുമായി ആലോചിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ധനമന്ത്രാലയ നിർദ്ദേശം.
റിസർവ് ബാങ്കിന്റെ പണ നയ സമിതി മുൻ അംഗം ഡോ.രവീന്ദ്ര എച്ച്. ധൊലാക്കിയ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ മാനേജിങ് ഡയറക്ടർ ബി.ശ്രീറാം എന്നിവരുമുള്ളതാണു സമിതി. പലിശപ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾക്കു പുറമെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും സമിതിയുടെ പരിഗണനാ വിഷയമാണ്. പലിശപ്രശ്നത്തിൽ 2 ആഴ്ചയ്ക്കകം ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പു നൽകി. ബാങ്കുകൾ പലിശയും കൂട്ടുപലിശയും ഈടാക്കാൻ തുടങ്ങിക്കഴിഞ്ഞെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കി. ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കുന്നുണ്ടെന്നും ഇത് ഇടപാടുകാരെ സാരമായി ബാധിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ, കൂട്ടുപലിശയും ക്രെഡിറ്റ് റേറ്റിങ്ങും സംബന്ധിച്ച് സർക്കാരും റിസർവ് ബാങ്കും മറ്റും കൃത്യമായ നിലപാടു പറയണമെന്നു കോടതി നിർദ്ദേശിച്ചു. സർക്കാരും റിസർവ് ബാങ്കും മറ്റു ബാങ്കുകളുമെടുക്കുന്ന തീരുമാനങ്ങളും അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വ്യക്തവും കൃത്യവുമായ തീരുമാനങ്ങളാണു വേണ്ടതെന്നും വീണ്ടും കേസ് മാറ്റിവയ്ക്കാൻ ഇടവരുത്തരുതെന്നും കോടതി സോളിസിറ്റർ ജനറലിനോടു പറഞ്ഞു.
റിക്കവറി തുടരാൻ അനുവാദം തേടി ബാങ്കുകൾ; സുപ്രീം കോടതി വിധി വരട്ടെയെന്ന് െഹെക്കോടതി
കൊച്ചി ∙ ലോക്ഡൗണിനു മുൻപ് ആരംഭിച്ച റിക്കവറി നടപടികൾ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷ ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിനുശേഷം പരിഗണിക്കാമെന്നു ഹൈക്കോടതി. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടുന്നതിനായി ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കേയാണു ബാങ്കുകൾ റിക്കവറി നടപടികൾക്ക് അനുമതി തേടിയത്.
ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നതും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി.രവികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തി. ഹർജി 23 ന് വീണ്ടും പരിഗണിക്കും.