ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ കാർ വിൽപന കോവിഡ് കാലത്തും പടിപടിയായി ഉയരുന്നു. ജൂണിൽ 8624 കാർ റജിസ്ട്രേഷൻ നടന്നപ്പോൾ ജൂലൈയിൽ അത് 8785, ഓഗസ്റ്റിൽ 9566 എന്നിങ്ങനെ ആയെന്ന് വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻസിന്റെ (ഫാഡ) കണക്കുകൾ വ്യക്തമാക്കുന്നു. 

ഇരുചക്രവാഹന വിൽപനയെ ഉൽപാദന രംഗത്തെ തടസ്സങ്ങൾ ബാധിച്ചു. കോവിഡ് കാരണം പൊതുഗതാഗതം ഒഴിവാക്കി സ്വകാര്യ വാഹനങ്ങൾ വാങ്ങേണ്ടി വന്നതോടെ കൂടുതൽ പേർ ടൂ–വീലറുകളിലേക്ക് എത്തിയതിനാൽ ജൂണിൽ മികച്ച വിൽപനയായിരുന്നു; 37759 എണ്ണം. എന്നാൽ ജൂലൈയിൽ അത് 30788, ഓഗസ്റ്റിൽ 30226 എന്നിങ്ങനെ താഴ്ന്നു. 

ഡിമാൻഡ് ഉയരുകയാണെങ്കിലും ഇരുചക്രവാഹന നിർമാണ ശാലകൾ പലതും കോവിഡിന്റെ പിടിയിലായതിനാൽ ഡെലിവറി കുറഞ്ഞു. ഉത്തരേന്ത്യയിലെ ഡിമാൻഡ് നേരിടാൻ പല കമ്പനികളും ആ മാർക്കറ്റുകൾക്കു മുൻഗണന കൊടുത്തതും കേരളത്തിലെ സ്റ്റോക്ക് കുറയാൻ കാരണമായി. 

കാർ വിൽപന കഴിഞ്ഞ വർഷം ഇതേ കാലത്തു നടന്നതിന്റെ 70% ആയിട്ടുണ്ട്. ഇരുചക്ര വിൽപന മുൻകൊല്ലം നടന്നതിന്റെ 66% ആണ്. 

പൊതുഗതാഗതം നേരിടുന്ന വെല്ലുവിളി മുച്ചക്ര വാഹനരംഗത്തു പ്രതിഫലിച്ചു. വിൽപന കഴിഞ്ഞ വർഷത്തേതിന്റെ മൂന്നിലൊന്നു മാത്രം. 800ന് അടുത്തു മാത്രമാണു മാസവിൽപന. 

വാണിജ്യ വാഹനരംഗത്ത് ഉണർവ് പ്രകടമാണ്. ജൂണിൽ 548 എണ്ണം മാത്രം വിറ്റ സ്ഥാനത്ത് ജൂലൈയിൽ 906, ഓഗസ്റ്റിൽ 1200 എന്നിങ്ങനെയായി വിൽപന. ഫാഡയുടെ ചില്ലറവിൽപന കണക്കുകളിൽ ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ വലിയ വിപണികളടക്കം 5 മേഖലകൾ ഉൾപ്പെടുന്നില്ല. ഇവിടങ്ങളിൽ വാഹന റജിസ്ട്രേഷൻ കേന്ദ്ര സർക്കാരിന്റെ ‘വാഹൻ’ വഴി ആയിട്ടില്ലാത്തതിനാലാണിത്. 

യാത്രാ വാഹന വിൽപന ഉഷാർ

ന്യൂഡൽഹി∙ രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വിൽപനയിൽ ഓഗസ്റ്റിൽ 14.16% വർധന. 2,15,916 വണ്ടികളാണ് വിറ്റുപോയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം) പ്രസിദ്ധീകരിച്ച കണക്കുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 1,89,129 വാഹനങ്ങളായിരുന്നു. 

യാത്ര വാഹനങ്ങളുടെ വിൽപനയിൽ തുടർച്ചയായി ഒൻപതു മാസത്തെ ഇടിവിനു ശേഷമാണ് വർധന കണ്ടത്. 

കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, വാനുകൾ, മോട്ടർ സൈക്കിളുകൾ എന്നിവയുടെ വിൽപന കൂടിയപ്പോൾ സ്കൂട്ടറുകളുടെയും മുച്ചക്ര വാഹനങ്ങളുടെയും വിൽപന കുറഞ്ഞു

vehicle
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com