ADVERTISEMENT

ലോക്ഡൗൺ കാരണം വരുമാനത്തിൽ വന്ന വ്യതിയാനങ്ങൾ നേരത്തേ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്നവരുടെ പോലും വായ്പകളും ക്രെഡിറ്റ് കാർഡുകളും അവതാളത്തിലാക്കിയിരിക്കുന്നു. 2 ഘട്ടങ്ങളിലായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച  മൊറട്ടോറിയം ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങളും കുറവല്ല. ഇതെല്ലാംതന്നെ നേരിട്ട് ബാധിക്കുന്നത് ഓരോരുത്തരുടെയും ക്രെഡിറ്റ് സ്‌കോറിനെയാണ്‌. ക്രെഡിറ്റ് സ്കോർ കുറഞ്ഞെന്ന കാരണത്താൽ പുതിയ വായ്പകൾ ലഭിക്കില്ലെന്നു മാത്രമല്ല ലഭിച്ചാൽ സാധാരണ നിരക്കുകളെക്കാൾ ഉയർന്ന പലിശ നൽകേണ്ടിയും വരും. ലോക് ഡൗൺന്റെ പശ്ചാത്തലത്തിൽ, ക്രെഡിറ്റ് സ്കോർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

തലതിരിയുന്ന സ്കോർ

മഹാമാരി പിടിമുറുക്കിയപ്പോൾ വായ്പ എടുത്തവർക്കൊക്കെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് പറഞ്ഞെങ്കിലും പല ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞു മൊറട്ടോറിയം അനുവദിക്കാതിരുന്ന സ്ഥിതിയുണ്ട്. മൊറട്ടോറിയം കിട്ടിക്കാണുമെന്ന പ്രതീക്ഷയിൽ വായ്പത്തവണകൾ അടയ്ക്കാതിരുന്നവരുടെ ക്രെഡിറ്റ് സ്കോർ കുത്തനെ താഴ്ന്നിട്ടുണ്ടാകും. ആദ്യഘട്ട മൊറട്ടോറിയം അനുവദിച്ചുകിട്ടിയ പലരും രണ്ടാംഘട്ട മൊറട്ടോറിയം സ്വമേധയാ കിട്ടിക്കാണുമെന്നു കരുതി തിരിച്ചടവു മുടക്കിയിട്ടുണ്ടാവും. മൊറട്ടോറിയം ഉണ്ടാകുമെന്നു ധരിച്ചു ക്രെഡിറ്റ് കാർഡുകളിൽ പണം അടയ്ക്കാതിരുന്നവരും ധാരാളമുണ്ട്. പുതുതലമുറ ഫിൻടെക് കമ്പനികളിൽ നിന്നും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തവർക്കു മൊറട്ടോറിയമേ കിട്ടിയിട്ടില്ലാത്ത അവസ്ഥയുമുണ്ട്.

വായ്പത്തവണ മുടങ്ങിയവരുടെയല്ലാം ക്രെഡിറ്റ് സ്കോർ തകർന്നിട്ടുണ്ടാവും. ഇതിനിടയിൽ ലോക്ഡൗൺ ഉയർത്തിയ പ്രയാസങ്ങൾ തരണം ചെയ്യാൻ വായ്പ കിട്ടുമോയെന്നു നടത്തിയ അന്വേഷണങ്ങളും ക്രെഡിറ്റ് സ്കോർ താഴ്ത്തിയിരിക്കും. ക്രെഡിറ്റ് ഇൻഫമേഷൻ കമ്പനികളും ബാങ്കുകളും ലോക്ഡൗൺ കാരണം സ്‌കോറിൽ തെറ്റുകൾ വരുത്തിയിരിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനൊക്കെപ്പുറമെ സോഫ്റ്റ്‌വെയർ സംബന്ധിച്ച തകരാറുകളും തള്ളിക്കളയാനാകില്ല.

ചോദ്യം ചെയ്യാം

ക്രെഡിറ്റ് ഇൻഫമേഷൻ കമ്പനികളുടെ വെബ്സൈറ്റുകളിൽ ക്രെഡിറ്റ് സ്കോർ പരിശോധിച്ച് താഴ്ന്നിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് റിപ്പോർട്ട് എടുത്തുനോക്കണം. വീഴ്ച വരുത്തിയിട്ടില്ലാത്ത വായ്പകളിലും മറ്റും കുടിശിക രേഖപെടുത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ ക്രെഡിറ്റ് ഇൻഫമേഷൻ കമ്പനിക്ക് പരാതി നൽകാം. വെബ്സൈറ്റുകളിൽ നേരിട്ടോ ഇ–മെയിലിലൂടെയോ തെറ്റുകൾ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്താം. ക്രെഡിറ്റ് ബ്യൂറോകൾക്കു റിപ്പോർട്ടിൽ മാറ്റം വരുത്താൻ അധികാരമില്ല. അവർ വായ്പ നൽകിയ സ്ഥാപനത്തിന് പരാതി അയച്ചു നൽകും. തെറ്റു വന്നിട്ടുണ്ടെങ്കിൽ വായ്പ സ്ഥാപനം തന്നെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഭേദഗതി വരുത്തും.. ക്രെഡിറ്റ് സ്‌കോറിൽ കടന്നുകൂടിയ തെറ്റുകൾ തിരുത്തിയെടുക്കാൻ രണ്ടാഴ്ച മുതൽ നാലാഴ്ച വരെയെടുക്കും.

പരാതിയിൽ കൃത്യത വേണം

ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നു മനസ്സിലായാൽ പരിഹരിക്കുന്നതിനായി നൽകുന്ന പരാതിയിൽ വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളിക്കണം. റിപ്പോർട്ട് നമ്പർ, പരാതിക്കാരന്റെ പേര് എന്നിവ ഇ–മെയിലിൽ വിഷയം സൂചിപ്പിക്കുന്ന ഭാഗത്തു തന്നെ ഉൾപ്പെടുത്തണം. റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ എത്രാമതാണ് വരുന്നതെന്നും അക്കൗണ്ടിന്റെയും വായ്പസ്ഥാപനത്തിന്റെയും വ്യക്തമായ വിവരങ്ങളും ഉണ്ടായിരിക്കണം. പരാതിക്കാരന്റെ പേര്, മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ വിട്ടുപോകരുത്. മൊറട്ടോറിയം അനുവദിക്കുന്നതു സംബന്ധിച്ച തർക്കങ്ങൾ വായ്പസ്ഥാപനവുമായി നേരിട്ട് ഏറ്റെടുത്തു പരിഹരിക്കണം. ആവശ്യമെങ്കിൽ റിസർവ് ബാങ്കിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.

സ്കോർ പിടിമുറുക്കുന്നു

മുന്നൂറിനും തൊള്ളായിരത്തിനും ഇടയിലുള്ള ഒരു അക്കമാണ് ക്രെഡിറ്റ് സ്കോർ. ഉയർന്ന സ്കോർ മെച്ചപ്പെട്ട ക്രെഡിറ്റ് നിലവാരമാണ് സൂചിപ്പിക്കുന്നത്. 650നു താഴെ സബ്പ്രൈം എന്ന മോശം സ്കോറാണ് സൂചിപ്പിക്കുന്നത്. 700-നും 750നുമിടയിൽ പ്രൈം എന്ന മെച്ചപ്പെട്ട നിരക്ക്. മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോറുള്ളവർക്കു നൽകുന്ന പലിശ നിരക്കിൽ നിന്ന് ഒരു ശതമാനമൊക്കെ ഉയർത്തിയാകും മോശപ്പെട്ട സ്കോറുള്ളവർക്കു വായ്പ നൽകുന്നത്. ലോക്ക് ഡൗണിനു ശേഷം ഈ വ്യത്യാസം പല ബാങ്കുകളും ഒരു ശതമാനത്തിനു മുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. ബാങ്കുകൾ വായ്പ നൽകുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നേരെത്തേ 725നു മുകളിൽ സ്കോർ ഉള്ളവർക്ക് ലഭ്യമായിരുന്നെങ്കിൽ ചില ബാങ്കുകൾ ഇപ്പോൾ ഇത് 775നു മുകളിലുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സ്കോർ ഉയർത്താം

തൊട്ടു മുൻപുള്ള ഇരുപത്തിനാലു മാസത്തെ വായ്പ ചരിത്രം പരിശോധിച്ചാണ് വ്യക്തികളുടെ ക്രെഡിറ്റ് സ്കോർ തയാറാക്കുന്നത്. വായ്പകൾ കൈകാര്യം ചെയ്യുന്നതിൽ ഓരോ മാസവും വരുന്ന വ്യതിയാനങ്ങൾ അപ്പപ്പോൾ സ്‌കോറിൽ പ്രതിഫലിക്കും. ക്രെഡിറ്റ് റിപ്പോർട്ടിൽ കുടിശികയായി കാണിച്ചിരിക്കുന്ന തുകകൾ തിരിച്ചടക്കുന്നതോടെ സ്കോർ മെച്ചപ്പെടും. അനുവദിച്ചിട്ടുള്ള വായ്പ പരിധിയുടെ പകുതിയിൽ താഴെ മാത്രം ഉപയോഗിക്കുന്നത് സ്കോർ ഉയർത്തിനിർത്തും.

ക്രെഡിറ്റ് കാർഡുകളും മറ്റും റദ്ദു ചെയ്യാതെ സൂക്ഷിക്കുന്നത് മെച്ചപ്പെട്ട ക്രെഡിറ്റ് ഹിസ്റ്ററി നിലനിർത്തും. ജാമ്യമില്ലാതെ ലഭിക്കുന്ന വ്യക്തിഗത വായ്പകളും മറ്റും മാത്രം ഉപയോഗിക്കാതെ ജാമ്യം നൽകിയെടുക്കുന്ന വായ്പകളും കൂടിയുണ്ടെങ്കിൽ സ്കോർ മെച്ചപ്പെടും. ക്രെഡിറ്റ് കാർഡുകളിൽ അനുവദിച്ച പരിധിയുടെ 30  ശതമാനത്തിൽ താഴെ ഉപയോഗം നിയന്ത്രിച്ചു നിർത്താനായാൽ നന്ന്. വായ്പ ഒന്നും എടുത്തില്ലെങ്കിൽ ക്രെഡിറ്റ് സ്കോർ പൂജ്യമാകുമെന്നു ഓർക്കുക. പുതിയ വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും അന്വേഷണം നടത്തുന്നതും അപേക്ഷ നൽകുന്നതും സ്കോർ കുറയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com