ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് ഓക്സിജനു തീവിലയും കടുത്ത ക്ഷാമവും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില വർധിച്ചത് ഇരട്ടിയിലേറെ. കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇതര സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന മെഡിക്കൽ ഓക്സിജന്റെ പുറത്തേക്കുള്ള വിതരണം തടഞ്ഞതും സംസ്ഥാനത്തെ പ്ലാന്റിൽ നിന്നുള്ള മൊത്തം ഉൽപാദനത്തിന്റെ പകുതിയിലേറെ മറ്റു സംസ്ഥാനങ്ങൾക്കു വിൽക്കുന്നതുമാണു പ്രതിസന്ധി രൂക്ഷമാക്കിയത്. കോവിഡ് സാഹചര്യം മുതലെടുത്തു കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായും വില അനിയന്ത്രിതമായി വർധിപ്പിക്കുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളജുകളിലുൾപ്പെടെ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതോടെ കോവിഡ് പ്രതിരോധം സ്തംഭിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യമേഖല.

കൂടിയത്  12 രൂപ വരെ

പ്ലാന്റുകളിൽ നിന്ന് 8–10 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റർ ഓക്സിജൻ ചൊവ്വാഴ്ച 18–20 രൂപയ്ക്കാണു സംസ്ഥാനത്തെ വിവിധ വിതരണ ഏജൻസികൾക്കു ലഭിച്ചത്.  ചെറിയ സിലിണ്ടറുകളിൽ ഓക്സിജൻ നിറച്ചു വിതരണം ചെയ്യുന്ന ഒട്ടേറെ ഗ്യാസ് പ്ലാന്റുകൾ സംസ്ഥാനത്തുണ്ട്. എന്നാൽ മൊത്തം ആവശ്യത്തിന്റെ 20% ഉൽപാദിപ്പിക്കാനുള്ള ശേഷിയേ ഇവയ്ക്കുള്ളൂ. ബാക്കി 80% സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ടണ്ണേജ് പ്ലാന്റുകളിൽ നിന്നു ടാങ്കറുകളിൽ ദ്രവ ഓക്സിജനായി എത്തിക്കുകയാണ്. 

ബെംഗളൂരു, സേലം, ചെന്നൈ, കഞ്ചിക്കോട് എന്നിവിടങ്ങളിലെ ടണ്ണേജ് പ്ലാന്റുകളിൽ  നിന്നാണു സംസ്ഥാനത്തിനു വേണ്ട ഓക്സിജൻ എത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയിൽ ഓക്സിജൻ ഉപയോഗം പത്തിരട്ടി വരെ വർധിച്ചതോടെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ അവരുടെ ഉൽപാദനം ആഭ്യന്തര ഉപയോഗത്തിനു മാത്രമെന്നു കർശന നിലപാടെടുത്തു. 

നിലവിൽ സേലത്തു നിന്നു മാത്രമാണ് സംസ്ഥാനത്തേക്കു നാമമാത്രമായെങ്കിലും ഓക്സിജൻ ലഭിക്കുന്നത്.   

∙ സംസ്ഥാനത്തെ പ്രതിദിന ഓക്സിജൻ ഉപയോഗം

     110 മെട്രിക് ടൺ

∙ ടണ്ണേജ് പ്ലാന്റുകളിൽ നിന്നു ലഭിക്കുന്ന ലിക്വിഡ് ഓക്സിജൻ

    60 മെട്രിക് ടൺ

∙ ഗ്യാസ് പ്ലാന്റുകളിൽ നിന്നുള്ളത് (24മണിക്കൂർ പ്രവർത്തിച്ചാൽ)            

    30 മെട്രിക് ടൺ 

∙ നിലവിലെ കുറവ് –  20മെട്രിക് ടൺ 

കൃത്രിമക്ഷാമമെന്ന പരാതി ശക്തം

ഒരു വർഷം മുൻപു സ്ഥാപിക്കപ്പെട്ട കഞ്ചിക്കോട് പ്ലാന്റ് സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജൻ പ്ലാന്റാണ്.ആദ്യ ഘട്ടത്തിൽ ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്ന് കിട്ടുന്നതിനേക്കാൾ വിലക്കുറവിൽ ഉൽപന്നം നൽകിയതോടെ സംസ്ഥാനത്തെ ഏജൻസികൾ ഏറെക്കുറെ പൂർണമായും കഞ്ചിക്കോട് പ്ലാന്റിനെ ആശ്രയിക്കാൻ തുടങ്ങി.  എന്നാൽ,  അപ്രതീക്ഷിതമായി വില  ഉയർന്നതോടെ ഈ ഏജൻസികൾ പ്രതിസന്ധിയിലായി. ആരോഗ്യ മേഖലയിൽ ക്ഷാമം രൂക്ഷമാകുന്ന പക്ഷം ചവറ കെഎംഎംഎല്ലിൽ വ്യാവസായിക ആവശ്യത്തിനായി സംഭരിച്ചിട്ടുള്ള ലിക്വിഡ് ഓക്സിജൻ വിതരണം ചെയ്യാൻ  സംവിധാനമൊരുക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com