ജിഎസ്ടി: 1.10 ലക്ഷം കോടി കേന്ദ്രം വായ്പയെടുക്കും

1200-gst..
SHARE

ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടം നികത്താൻ 1.10 ലക്ഷം കോടി രൂപ കേന്ദ്രം തന്നെ വായ്പയെടുക്കും. എന്നാൽ, ഇതു കേന്ദ്രത്തിന്റെ ധനക്കമ്മിയെ ബാധിക്കില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. പകരം, ഈ വായ്പയെ സംസ്ഥാനങ്ങളുടെ മൂലധന ബാധ്യതയായും ധനക്കമ്മി നികത്താനുള്ള സഹായമായും കണക്കാക്കും.  നഷ്ടപരിഹാരത്തിനു സംസ്ഥാനങ്ങൾതന്നെ വായ്പയെടുക്കണമെന്നു കർശന നിലപാടെടുത്തശേഷം ഇപ്പോൾ കേന്ദ്രം ചുവടു മാറ്റിയതിന്റെ കാരണം വ്യക്തമല്ല.

നേരിട്ടു വായ്പയെടുക്കുന്ന സംസ്ഥാനങ്ങൾക്കു പല പലിശ നിരക്കെന്ന സ്ഥിതി ഒഴിവാക്കാൻ സൗകര്യം ചെയ്യുമെന്നു മാത്രമാണു ധനമന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ കേന്ദ്രം വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു മറിച്ചു നൽകുന്നതിനു പറയുന്ന കാരണങ്ങൾ ഇവയാണ്: ഓരോ സംസ്ഥാനത്തിനും പല പലിശ നിരക്കെന്നത് ഒഴിവാകും, കൈകാര്യം ചെയ്യാനും എളുപ്പമാണ്. 

കേന്ദ്രത്തിന് ആശയക്കുഴപ്പം

നഷ്ടപരിഹാരത്തിനു പണം കണ്ടെത്താൻ വായ്പയെടുക്കാമെന്ന് 21 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണപ്രദേശങ്ങളും വ്യക്തമാക്കിയിരുന്നു. കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങളും പുതുച്ചേരിയുമാണ് കേന്ദ്രംതന്നെ വായ്പയെടുക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നത്.  സ്വയം വായ്പയെടുക്കാമെന്നു സമ്മതിച്ച സംസ്ഥാനങ്ങൾക്കു മാത്രം വിപണിയിൽനിന്ന് ഉപാധികളില്ലാതെ മൊത്തം 78,542 കോടി രൂപ അധിക വായ്പയെടുക്കാൻ ധനമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ഇപ്പോൾ, കേന്ദ്രംതന്നെ വായ്പയെടുക്കുമ്പോൾ, കേരളത്തിനും മറ്റും അധികവായ്പയ്ക്ക് അനുമതിയുണ്ടോയെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നില്ല. പകരം, മറ്റൊരു വാദമാണ് ഉന്നയിക്കുന്നത്: ‘കേന്ദ്രത്തിൽനിന്നു വായ്പ ലഭിക്കുന്ന സംസ്ഥാനങ്ങൾക്കു വിപണിയിൽനിന്നു കുറഞ്ഞ തോതിൽ അധിക വായ്പയെടുത്താൽ മതിയാവും.’ എങ്കിൽ എന്തിനാണ് സ്വയം വായ്പയെടുക്കുന്ന സംസ്ഥാനങ്ങൾക്ക് ആനുകൂല്യമായി ഉപാധിയില്ലാത്ത അധിക  വായ്പ അവതരിപ്പിച്ചതെന്ന ചോദ്യമുണ്ട്. 

ജിഎസ്ടി നഷ്ടപരിഹാര സെസിൽനിന്നുള്ള തുക നൽകുന്നതിനു പകരമായാണ് വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു നൽകുന്നതെന്നും ധനമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാര സെസിൽനിന്ന് ഇനി പിരിഞ്ഞുകിട്ടുന്ന തുകയിൽനിന്ന് ആദ്യ വായ്പയുടെ പലിശയും, രണ്ടാമത് മുതലും നൽകുമെന്നും അതിനുശേഷമാവും സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരത്തിലെ കുടിശിക നൽകുകയെന്നും കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. 

നഷ്ടപരിഹാരത്തിനു സംസ്ഥാനങ്ങൾ നേരിട്ടെടുക്കുന്ന വായ്പ കടമായി കണക്കാക്കില്ലെന്നാണു നേരത്തെ വ്യക്തമാക്കിയത്. ഇപ്പോൾ പറയുന്നത് ഈ വായ്പ സംസ്ഥാനങ്ങളുടെ ബാധ്യതയായും ധനകമ്മി നികത്താനുള്ള സഹായമായും കണക്കാക്കുമെന്നും. അപ്പോഴും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വായ്പയുടെ തോത് വർധിക്കില്ലെന്ന വാദവും ഉന്നയിക്കുന്നു. നഷ്ടപരിഹാര വായ്പ ലഭിക്കുമ്പോൾ സംസ്ഥാനങ്ങളുടെ അധിക വായ്പയുടെ തോതു കുറയുമെന്നതാണു പറയുന്ന ന്യായം.

ധനമന്ത്രി  മുഖ്യമന്ത്രിമാർക്ക്  കത്തെഴുതിയേക്കും

∙കേന്ദ്രം തന്നെ വായ്പയെടുത്ത് ജിഎസ്ടി നഷ്ടപരിഹാരപ്രശ്നം തൽക്കാലം പരിഹരിച്ചെന്നു കാണിച്ചു ധനമന്ത്രി നിർമല സീതാരാമൻ മുഖ്യമന്ത്രിമാർക്കു കത്തെഴുതിയേക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.  എന്നാൽ, വായ്പയിലൂടെ ലഭിക്കുന്നതു നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും ബാക്കി എപ്പോൾ ലഭിക്കുമെന്നു കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ടെന്നുമാണ് കേന്ദ്ര നിലപാടിനെ എതിർക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ ഒരുമിച്ചാവശ്യപ്പെടണമെന്നു മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരവും പഞ്ചാബ്, രാജസ്ഥാൻ, കേരളം, ഛത്തീസ്ഗഡ് ധനമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA